കോവിഡ് എന്ന മഹാമാരികാലത്തിലൂടെ കടന്ന് പോകുകയാണ് നമ്മൾ. വീട്ടിനുള്ളിൽ ഇരുന്ന് ജോലി ചെയ്ത് സ്‌ട്രെസ്ഫുൾ ജീവിതം നയിക്കുന്നവർ മുതൽ കോവിഡിനെ തുടർന്നുണ്ടായ ലോക്ക് ഡൗൺ കാലം എൻജോയ് ചെയ്യുന്നവർ വരെ നമുക്കിടയിലുണ്ട്. കുറച്ചുനാൾ പുറത്തിറങ്ങാതെ ഇരുന്നപ്പോൾ തന്നെ നിരാശരാണ് നമ്മളിൽ പലരും. സാമൂഹിക ജീവിതം എത്ര പ്രാധാന്യമുള്ളതാണെന്നുള്ള ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ കോവിഡ് കാലം. ഇതിനിടയിൽ ഒന്നിച്ചിരിക്കലും ഒത്തുകൂടലുകളുും ഒഴിച്ചുകൂടാനാകാത്ത ചിലർ നമുക്കിടയിലുണ്ട്. ഓട്ടിസ്റ്റിക് ആയവർക്ക് ഈ കൂട്ടിലടച്ച ജീവിതം സമ്മാനിക്കുന്ന സ്‌ട്രെസ് നിസ്സാരമല്ല.

ഓട്ടിസം ഒരു രോഗമല്ല, മറിച്ച് കുട്ടികളിലെ ബുദ്ധിവികാസവുമായി ബന്ധപ്പെട്ട് കാണുന്ന ഒരു മാനസിക വ്യതിയാനമാണ്. പുതിയകാലത്ത് ഇതൊക്കെ മിക്കവർക്കും അറിയാമെങ്കിലും സ്‌പെഷ്യലി ഏബിൾഡ് ആയ കുട്ടികളെ ഡിസ്ഏബിൾഡ് എന്ന ഗണത്തിൽപ്പെടുത്തി മാറ്റി നിർത്താനാണ് പലർക്കും താത്പര്യം.

ഒറ്റപ്പെടലിൽ നിന്നും ഒറ്റപ്പെടുത്തലിലേക്ക്

ഓട്ടിസ്റ്റിക് ആയ കുഞ്ഞുങ്ങൾ നേരിടുന്ന പ്രാധാന വെല്ലുവിളികളിൽ ഒന്നാണ് ആശയവിനിമയത്തിലെ ബുദ്ധിമുട്ടുകൾ. മനസ്സിലുള്ളത് പറഞ്ഞോ പ്രവർത്തിച്ചോ പ്രതിഫലിപ്പിക്കാൻ മിക്കവർക്കും കഴിയാറില്ല. ഇത് കുട്ടികളുടെ ആശയവിനിമയത്തെയും സഹവർത്തിത്വത്തെയും കാര്യമായി ബാധിക്കും. കോവിഡിനെ തുടർന്ന് ഓട്ടിസം സ്‌കൂളുകൾ അടച്ചപ്പോൾ അതുവരെയും വിദ്യാർത്ഥികൾ തെറാപ്പികളിലുടെയും പരിശീലനത്തിലൂടെയും ആർജിച്ചെടുത്ത ആശയവിനിമയവും സഹവർത്തിത്വവും ഇല്ലാതാകാനുള്ള സാധ്യതകൂടി.

സ്‌കൂളുകൾ അടച്ചപ്പോൾ മാതാപിതാക്കൾക്ക് ഇവരെ കൂടുതലായി ശ്രദ്ധിക്കേണ്ട സ്ഥിതിയിലേക്ക് കാര്യങ്ങൾ മാറി. പല കമ്പനികളും വർക്കം ഫ്രം ഹോമുകൾ നടപ്പിലാക്കിയപ്പോൾ ഓട്ടിസം ബാധിച്ച കുട്ടികളുടെ ജോലിയുള്ള മാതാപിതാക്കളാണ് കൂടുതൽ ബുദ്ധിമുട്ടുകൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. പലപ്പോഴും ഇവരുടെ കാര്യങ്ങൾക്ക് കൂടുതൽ പ്രധാന്യം നൽകേണ്ടി വരുന്നതിനാൽ ജോലികാര്യങ്ങളിൽ മാതാപിതാക്കൾ പിന്നോട്ട് പോകുന്ന സങ്കീർണ്ണമായ സ്ഥിതിയാണ് ഇപ്പോഴുള്ളത്.

നേടിയെടുത്ത കഴിവുകൾ നഷ്ടമാകുന്നു

ഒരോ കുട്ടിയുടെയും കഴിവുകൾ പ്രത്യേകമായി നിർണയം നടത്തി എന്തൊക്കെ കഴിവുകൾ കുട്ടികളിൽ പരിശീലിപ്പിക്കണമെന്ന് തീരുമാനിച്ച് ഓട്ടിസം സ്‌കൂളുകളിൽ വിദഗ്ദ്ധർ പരിശീലിപ്പിക്കുന്നു. മന:ശാസ്ത്രവിദഗ്ദ്ധർ പെരുമാറ്റ വൈകല്യങ്ങൾ കണ്ടെത്തി ആവശ്യമായ പരിശീലന പരിപാടികൾ ആസൂത്രണം ചെയ്യുന്നു. മന:ശാസ്ത്രജ്ഞൻ, സംസാരഭാഷാ വിദഗ്ധൻ, ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റ്, സ്‌പെഷ്യൽ എജുക്കേറ്റർ എന്നീ വിദഗ്ധ പരിശീലകർ അടങ്ങുന്ന സമിതി, കുട്ടിയുടെ കഴിവിന്റെയും വയസ്സിന്റെയും അടിസ്ഥാനത്തിൽ വ്യത്യസ്ത ഗ്രൂപ്പുകളായി തിരിച്ച് അവർക്കാവശ്യമായ കഴിവുകൾ പരിശീലപ്പിക്കുന്നു. ഇതിലൂടെ വ്യക്തിഗത കഴിവുകൾ വർധിക്കുന്നതിലുപരി സാമൂഹീകരണവും സാധിക്കുന്നു. ഇത്തരം പരിശീലനങ്ങളാണ് ഓട്ടിസം സ്‌കൂളുകളിൽ നിന്ന് വിദ്യാർത്ഥികൾക്ക് ലഭിക്കുന്നത്. (ചില ഓട്ടിസം സ്‌കൂളുകളിൽ ലോക്ക്ഡൗൺ കാലത്ത് ഓൺലൈനായി ക്ലാസ്സുകൾ നടക്കുന്നുണ്ട്) കോവിഡ് പടർന്ന് പിടിച്ചതോടെ ഈ പരിശീലനങ്ങളെല്ലാം ഇല്ലാതായി.

വീടിനുള്ളിൽ തന്നെ തുടരാനുള്ള നിയന്ത്രണങ്ങൾ ഓട്ടിസ്റ്റിക് കുഞ്ഞുങ്ങൾക്ക് പെരുമാറ്റ പ്രശ്‌നങ്ങൾ വർദ്ധിപ്പിക്കുന്നു. ചില കുഞ്ഞുങ്ങൾക്ക് ഇത് അക്രമാസക്തമായ വിനാശകരമായ പെരുമാറ്റങ്ങൾ, അമിതമായ ദേഷ്യം, സ്വയം ദോഷകരമായ പെരുമാറ്റം, ഉറക്കത്തിലെ അസ്വസ്ഥത, മൊബൈൽ ഫോണിന്റെയും ടി വിയുടെയും അധിക ഉപയോഗം, പുറത്തുപോകാനുള്ള അധിക ആവശ്യങ്ങൾ എന്നിവ ഉണ്ടാകാം. ഇതിന് പരിഹാരമായി വീട്ടിൽ ഇരുന്ന് ഓട്ടിസ്റ്റിക് കുഞ്ഞുങ്ങൾക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങളെപ്പറ്റി ഡോക്ടറോട് ചോദിച്ച് മനസിലാക്കണം. കുഞ്ഞുങ്ങളെ നോക്കേണ്ട ജോലി കുടുംബത്തിലെ എല്ലാ ആളുകളും ഏറ്റെടുക്കണം. വീട്ടിലെ ജോലികൾ ചെയ്യാൻ കുട്ടികളെയും ഒപ്പം കൂട്ടണം. കുട്ടികൾക്ക് നൽകുന്ന വസ്തുക്കൾ അണുവിമുക്തമാക്കണം. ഇടക്കിടെ കൈകഴുകാൻ അവരെ ഓർമിപ്പിക്കണം. വീടിന് ഉള്ളിൽ വെച്ച് കളിക്കാൻ പറ്റിയ ഗെയിമുകൾ കണ്ടെത്തണം. അവരുടെ നല്ല പ്രവൃത്തികൾ പ്രശംസിക്കണം.

പല കഴിവുകളുള്ളവർ

ഓട്ടിസം ബാധിച്ച കുട്ടികൾ കുട്ടികാലം മുതൽക്കേ തന്നെ കടുത്ത സംഗീത വാസന പ്രകടിപ്പിക്കാറുണ്ട്. സംഗീതമടക്കമുള്ള പല മേഖലകളിൽ ഓട്ടിസ്റ്റിക്കായ വ്യക്തികൾ ശോഭിക്കാറുണ്ട്. ചാൾസ് ഡാർവിൻ പോലുള്ള പല പ്രമുഖർക്കും ഓട്ടിസമുണ്ടായിരുന്നു. അസാമാന്യമായ ബുദ്ധിശക്തിയും ചില കുട്ടികളിൽ കാണാറുണ്ട്. ചിത്രരചന, സംഗീതം, ചെസ്, കംപ്യൂട്ടർ പഠനം തുടങ്ങിയ മേഖലകളിൽ ഇവർക്ക് അസാമാന്യ പാടവമുള്ളതായി കാണാറുണ്ട്. ഇത്തരം കഴിവുകൾ പ്രകടിപ്പിക്കുന്നുണ്ടെങ്കിൽ അവ വളർത്താൻ പരമാവധി അവസരങ്ങൾ ഒരുക്കിക്കൊടുക്കണം.

അനുയോജ്യമായ ജീവിതാന്തരീക്ഷം ഒരുക്കണം

മരുന്നുനൽകിയുള്ള ഫലപ്രദമായചികിത്സ ഓട്ടിസത്തിന് നിലവിലില്ല. സാമൂഹീകരണം, ആശയവിനിമയം, പെരുമാറ്റരീതി എന്നിവ മികച്ചതാക്കിയെടുക്കുകയാണ് പ്രധാനം. അതിനാൽ സൗഹൃദപരവും അനുയോജ്യവുമായ ജീവിതാന്തരീക്ഷം സൃഷ്ടിച്ച് നിരന്തരമായ പരിശീലനത്തിലൂടെ ഈ മൂന്നുമേഖലകളിൽ പരിശീലനം നൽകുകയാണ് ഓട്ടിസത്തിന്റെ പ്രധാനചികിത്സ. ഓട്ടിസത്തിന്റെ അനുബന്ധ പ്രശ്നങ്ങളായ അക്രമവാസന, അമിതബഹളം, ഉറക്കപ്രശ്നങ്ങൾ, അപസ്മാരം എന്നിവ മരുന്ന് ഉപയോഗിച്ച് നിയന്ത്രിക്കാം.

മിനു ഏലിയാസ്
എക്സിക്യൂട്ടീവ് ഡയറക്ടർ
ലീഡേഴ്സ് ആൻഡ് ലാഡേഴ്സ് ഇന്റർനാഷണൽ സ്‌കൂൾ ഓഫ് ഓട്ടിസം, കോതനല്ലൂർ, കോട്ടയം