കണ്ണൂർ: ചാലാട് കുഴിക്കുന്നിൽ ഒമ്പത് വയസ്സുകാരി ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവം കൊലപാതകമാണെന്ന് തിരിച്ചറിയുകയാണ് പൊലീസ്. രാജേഷ്-വാഹിദ ദമ്പതിമാരുടെ മകൾ അവന്തികയുടെ മരണമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. കേസിൽ മാതാവ് വാഹിദയെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ രാവിലെ ഏഴോടെയാണു സംഭവം. തന്റെ അസുഖം സംബന്ധിച്ചു വാഹിദയ്ക്ക് ആശങ്കകളുണ്ടായിരുന്നു. വാഹിദയുടെ ചികിത്സയുമായി ബന്ധപ്പെട്ടു വാഹിദയും രാജേഷും തമ്മിൽ തർക്കം നടന്നിരുന്നു. ഇതിന് ശേഷം രാജേഷിനെ വീടിനു പുറത്താക്കി വാഹിദ വാതിൽ അകത്തു നിന്നു പൂട്ടി. മകളെയും കൂട്ടി മുറിക്കകത്തു കയറി, മുറിയും അകത്തു നിന്നു പൂട്ടി.

ബന്ധുക്കളെ കൂട്ടിയെത്തിയ രാജേഷ് വീട്ടിലേക്കുള്ള വാതിൽ പൊളിച്ച് അകത്തു കടക്കുകയായിരുന്നു. കിടപ്പു മുറിയിലേക്കുമുള്ള വാതിൽ പൊളിച്ച് അകത്തു കയറിയപ്പോൾ, അവന്തിക കട്ടിലിൽ ബോധമറ്റു കിടക്കുന്നതാണു കണ്ടത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.

മകളെ വാഹിദ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് നിഗമനം. മകളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാനായിരുന്നു വാഹിദയുടെ ശ്രമം. ഇവർക്ക് മാനസികപ്രശ്നമുണ്ടായിരുന്നതായും വിവരമുണ്ട്. മരണത്തിൽ ദുരൂഹതയുണ്ടെന്ന സംശയമുണർന്നതോടെ രാജേഷിന്റെ പരാതിയിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും ചെയ്തു. മാതാവ് വാഹിദയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെയാണ് സംഭവം കൊലപാതകമാണെന്ന് കണ്ടെത്തിയത്.

കഴുത്തു ഞെരിച്ചതിന്റെ ലക്ഷണങ്ങൾ അവന്തികയുടെ ശരീരത്തിലുള്ളതിനാൽ, ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നാണു പ്രാഥമിക നിഗമനം. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം പരിയാരത്തുള്ള കണ്ണൂർ ഗവ.മെഡിക്കൽ കോളജിലേക്കു മാറ്റി. അസുഖം കാരണം മരിച്ചുപോകുമെന്നും മകൾ ഒറ്റപ്പെട്ടു പോകുമെന്നും വാഹിദ ഭയപ്പെട്ടിരുന്നു. ആശുപത്രിയിൽ പോകാമെന്ന്, ശനിയാഴ്ച വൈകിട്ടു ഭർത്താവ് രാജേഷ് പറഞ്ഞതോടെ ആശങ്ക വർധിച്ചിരിക്കാമെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

'എനിക്ക് അസുഖം വന്നു മരിച്ചാൽ നീ ഒറ്റയ്ക്കായിപ്പോവില്ലേയെന്നും ഒരുമിച്ചു മരിക്കാമെന്നും ശനി രാത്രി മകളോടു പറഞ്ഞിരുന്നു. മരിക്കേണ്ട അമ്മേ നമുക്കൊരുമിച്ചു ജീവിക്കാമെന്നുമായിരുന്നു മകൾ മറുപടി നൽകിയത്. കഴുത്തിനു പിടിച്ചു ഞെരിച്ചപ്പോൾ, ചെയ്യല്ലേ അമ്മേ, നമുക്കു ജീവിക്കാമെന്നാണ് അവൾ പറഞ്ഞത്.'-കുറ്റസമ്മത മൊഴിയിൽ പറയുന്നു.

മകൾ മരിച്ചത് ഇതുവരെ വാഹിദ അറിഞ്ഞിട്ടില്ലെന്നും വല്ലാത്തൊരു മാനസികാവസ്ഥയിലാണവരുള്ളതെന്നും പൊലീസ് പറഞ്ഞു. കുടകിലെ സമ്പന്ന കുടുംബാഗംമാണു വാഹിദ. വാഹിദയും അവന്തികയും കുടകിലാണു താമസം. അവന്തിക കുടകിലാണു പഠിക്കുന്നത്. ഇരുവരും വല്ലപ്പോഴും മാത്രമേ കുഴിക്കുന്നിലെത്താറുള്ളുവെന്നതിനാൽ നാട്ടുകാർക്കു വലിയ പരിചയമൊന്നുമില്ല.