കണ്ണൂർ: കണ്ണൂരിൽ അമ്മമാരുടെ കൈകൊണ്ടുകൊല്ലപ്പെടുന്ന കുട്ടികളുടെ എണ്ണം കൂടുന്നു. ഇതിനു പുറമേ കുട്ടികളുടെ ആത്മഹത്യയും കോവിഡ് ലോക്ഡൗൺ രണ്ടാം വർഷത്തിലേക്ക് നീളുന്നതിനിടെ തുടരുകയാണ്. കുട്ടികൾക്കെതിരെയുള്ള ലൈംഗിക ചൂഷണങ്ങളും കുട്ടികൾ പ്രതികളായ കേസുകളും വർധിച്ചിട്ടുണ്ട്. കണ്ണൂർ തയ്യിൽ കടപ്പുറത്ത് ഒന്നര വയസുകാരനെ കടൽപാറക്കൂട്ടങ്ങൾക്കിടെയിൽ എറിഞ്ഞു അമ്മ കൊന്നതിന്റെ ഞെട്ടൽ വിട്ടുമാറും മുൻപാണ് സ്വന്തം മകളെ കഴുത്തു ഞെരിച്ചു കൊന്ന കേസിൽ മറ്റൊരു അമ്മ കൂടി പൊലിസ് പിടിയിലാകുന്നത്.

കണ്ണൂർ നഗരത്തിനടുത്തെ ചാലാട് ഒൻപതുവയസുകാരി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവമാണ് പൊലിസ് അന്വേഷണത്തിൽ വഴിതിരിവുണ്ടായത്. കുട്ടിയെ അമ്മ കൊലപ്പെടുത്തിയതാണെന്ന വാർത്ത ഞെട്ടലോടെയാണ് നാട് ശ്രവിച്ചത്. കുട്ടിയുടെ മരണത്തിനിടയാക്കിയത് ആത്മഹത്യാ ശ്രമമാണെന്ന സാധ്യത തുടക്കത്തിലെ തള്ളിയാണ് പൊലിസ അന്വേഷണമാരംഭിച്ചത്. മണിക്കൂറുകൾക്കുള്ളിൽ തന്നെ ചാലാട് കുഴിക്കുന്നിലെ അവന്തികയുടെ മരണം കൊലപാതകമാണെന്ന് പൊലിസ് കണ്ടെത്തുകയായിരുന്നു.

കുട്ടിയുടെ അമ്മ വാഹിദയാണ് മകളെ കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തിൽ തെളിഞ്ഞതായി പൊലിസ് ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ഞായാറാഴ്‌ച്ച രാവിലെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. അബോധാവസ്ഥയിൽ കിടക്കുകയായിരുന്ന കുട്ടിയെ പിതാവാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയായ ശ്രീചന്തിലെത്തിച്ചത്.

കുഴിക്കുന്നിലെ രാജേഷ്-വാഹിദ ദമ്പതികളുടെ മകളായിരുന്നു അവന്തിക. കഴുത്തുഞെരിച്ചാണ് മകളെ അവന്തിക കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞതിനെ തുടർന്ന് വാഹിദയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് കുട്ടിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയതായി തെളിഞ്ഞത്.

പിതാവ് രാജേഷിന്റെ പരാതിയിൽ അമ്മ വാഹിദക്കെതിരെ ടൗൺ പൊലീസ് കേസെടുത്തു. ഞായറാഴ്ച രാവിലെയാണ് പത്തുമണിയോടെയാണ് കൊലപാതകം നടന്നത്. കുടുംബവഴക്കിനെ തുടർന്നാണ് അമ്മ കടും കൈ ചെയ്തതെന്നാണ് പൊലിസ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നത്. നേരത്തെ തയ്യിൽ കടപ്പുറത്ത് ഒന്നരവയസുകാരൻ വിയാനെ കടൽതീരത്തെറിഞ്ഞു കൊന്ന കേസിൽ അമ്മ ശരണ്യയെ പൊലിസ് അറസ്റ്റു ചെയ്തിരുന്നു. കാമുകനൊപ്പം ജീവിക്കുന്നതിനായാണ് ഇവർ ഈ ക്രൂരകൃത്യം ചെയ്തത്. സംഭവത്തെ തുടർന്ന് അറസ്റ്റിലായ ശരണ്യ ഇപ്പോഴും കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിലാണ്.