വാഷിങ്ടൻ: താലിബാൻ ഭീകരതക്കൊപ്പം അഫ്ഗാനിസ്ഥാനിൽ ഐഎസ് ഭീകരരും കൈകോർക്കുന്നുവെന്ന് സൂചന. അഫ്ഗാനിസ്ഥാനിൽ ഒഴിപ്പിക്കൽ നടപടികൾക്കു നേരെ ഐഎസ് ഭീകരാക്രമണ ഭീഷണിയുണ്ടെന്നും എത്രയും പെട്ടെന്ന് കാബൂൾ വിമാനത്താവളത്തിനു സമീപത്തുനിന്ന് ഒഴിഞ്ഞു പോകണമെന്നും യുഎസ് ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങൾ പൗരന്മാർക്കു മുന്നറിയിപ്പു നൽകി. ഈ മാസം 31ന് മുമ്പായി അഫ്ഗാനിൽ നിന്നുള്ള യുഎസ് ഒഴിപ്പിക്കൽ ദൗത്യം പൂർത്തിയാകും മുമ്പാണ് യുഎസ് മുന്നറിയിപ്പും എത്തിയിരിക്കുന്നത്.

ആയിരക്കണക്കിന് ആളുകൾ ഒഴുകിയെത്തിക്കൊണ്ടിരിക്കുന്ന കാബൂൾ വിമാനത്താവളത്തിനു നേരെ ഭീകരർ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പു നൽകിയിരിക്കുന്നത്. വിമാനത്താവളത്തിന്റെ വിവിധ ഗേറ്റുകളിൽ ഉള്ള അമേരിക്കൻ പൗരന്മാർ അവിടെനിന്ന് അടിയന്തരമായി ഒഴിഞ്ഞു പോകണമെന്ന് യുഎസ് എംബസി വെബ്സൈറ്റിൽ നിർദേശിച്ചു. ഇതിന്റെ കാരണമൊന്നും ചൂണ്ടിക്കാട്ടിയിട്ടില്ല. എല്ലാ സമയത്തും, പ്രത്യേകിച്ച് ആൾക്കൂട്ടത്തിനിടയിൽ ചുറ്റുപാടുകളെക്കുറിച്ചു കൃത്യമായ ബോധ്യം ഉണ്ടായിരിക്കണമെന്നും മുന്നറിപ്പിൽ പറയുന്നു.

ഓഗസ്റ്റ് 15ന് താലിബാൻ നിയന്ത്രണം ഏറ്റെടുത്ത ശേഷം ഏതാണ്ട് 90,000 അഫ്ഗാൻ പൗരന്മാരും വിദേശികളുമാണ് അഫ്ഗാനിസ്ഥാനിൽനിന്നു പുറത്തുകടന്നത്. ഏതുവിധേനയും രാജ്യം വിടാനായി ആയിരങ്ങളാണ് വിമാനത്താവളത്തിനു പുറത്തു തടിച്ചുകൂടിയിരിക്കുന്നത്. ഓഗസ്റ്റ് 31ന് മുൻപ് ഒഴിപ്പിക്കൽ നടപടി പൂർത്തിയാക്കണമെന്നാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ നിർദേശിച്ചിരിക്കുന്നത്. ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിന്റെ പ്രാദേശിക ഘടകത്തിൽനിന്ന് അതിരൂക്ഷമായ ഭീകരാക്രമണ ഭീഷണി നിലനിൽനിൽക്കുന്നതു കൊണ്ടാണ് ഒഴിപ്പിക്കലിന്റെ സമയപരിധി നീട്ടാത്തതെന്നും റിപ്പോർട്ടുണ്ട്.

സാധ്യമായ എല്ലാ വഴികളിലൂടെയും ആയിരക്കണക്കിന് ആളുകളാണ് വാഹനങ്ങളിലും നടന്നും ഹമീദ് കർസായി രാജ്യാന്തര വിമാനത്താവളത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. അഫ്ഗാൻ പൗരന്മാർ രാജ്യം വിടാൻ അനുവദിക്കില്ലെന്ന് ചൊവ്വാഴ്ച താലിബാൻ വ്യക്തമാക്കിയിരുന്നു. വിദേശപൗരന്മാരെ കൊണ്ടുപോകുന്നതിനു തടസമില്ലെന്നും അഫ്ഗാൻ പൗരന്മാരെ രാജ്യം വിടാൻ അനുവദിക്കില്ലെന്നുമാണ് താലിബാൻ വക്താവ് പറഞ്ഞത്. വിമാനത്താവളത്തിനു പുറത്തു കാത്തുകിടക്കുന്നവരെ ഭാവി ഇതോടെ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

അതേസമയം അഫ്ഗാനിസ്ഥാനിൽ നിന്നും അമേരിക്കൻ സൈന്യം പിന്മാറുന്നതിനു മുമ്പായി നിരവധി അഫ്ഗാൻ പൗരന്മാരെ പ്രത്യേക വിസയിലൂടെ അമേരിക്കയിലേക്ക് കൊണ്ടുവരാൻ ബൈഡൻ ഭരണകൂടം പ്രത്യേകം താത്പര്യം എടുത്തിരുന്നു. ലോകം മുഴുവൻ അമേരിക്കയുടെ ഈ പ്രവൃത്തിയെ പ്രശംസിച്ചെങ്കിലും ഇത് അമേരിക്കയ്ക്ക് ഒരു തലവേദനയാകാനാണ് സാദ്ധ്യതയെന്ന് പലരും ചൂണ്ടിക്കാട്ടുന്നു.

പ്രത്യേക വിസയിലൂടെ അഫ്ഗാനിൽ നിന്നും കൊണ്ടു പോയവരിൽ നൂറിലേറെ പേർക്ക് തീവ്രവാദ സംഘടനയായ ഐസിസുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നുണ്ട്. ഇത് ഭാവിയിൽ അമേരിക്കയ്ക്ക് വലിയ തലവേദന ഉണ്ടാക്കുമെന്നാണ് സൂചന. അമേരിക്കയുടെ പക്കലുള്ള ബയോമെട്രിക്ക് തിരിച്ചറിയൽ മാർഗങ്ങളിലൂടെ ഒരു രഹസ്യാന്വേഷണ ഏജൻസിയാണ് ഈ കണ്ടെത്തൽ നടത്തിയിരിക്കുന്നത്.എന്നാൽ ഇത് സംബന്ധിച്ച് അമേരിക്ക ഔദ്യോഗികമായി ഒരു പ്രതികരണവും നടത്തിയിട്ടില്ല.

അഫ്ഗാനിസ്ഥാനിൽ നിന്നും എത്തിച്ച അഭയാർത്ഥികളുടെ വിസാ നടപടിക്രമങ്ങൾ നടക്കുന്നതേയുള്ളു. ഇത്തരത്തിൽ അമേരിക്ക ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലേക്കെത്തിയവർക്ക് എന്തെങ്കിലും ക്രിമിനൽ പശ്ചാത്തലമുണ്ടോ എന്നതിനെകുറിച്ച് ഇതു വരെ അന്വേഷണം ഒന്നും നടന്നിട്ടില്ലെന്ന് ഒരു അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്തു.അതേസമയം അഫ്ഗാനിൽ നിന്നുള്ളവരുടെ വിസാ അപേക്ഷകൾ പരിശോധിച്ചു വരികയാണെന്നും സൂക്ഷ്മ പരിശോധനയ്ക്കു ശേഷം മാത്രമേ ഇവർക്ക് അമേരിക്കയിൽ താമസിക്കുന്നതിനുള്ള അനുവാദം നൽകുകയുള്ളുവെന്നും ഒരു അമേരിക്കൻ എമിഗ്രേഷൻ ഉദ്യോഗസ്ഥൻ അറിയിച്ചു.