തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ബിജെപി.യുടെ വോട്ട് നോക്കി കോടിയേരി ജാമ്യമെടുക്കേണ്ടതില്ലെന്ന് ബിജെപി. നേതാവ് അഡ്വ. ബി. ഗോപാലകൃഷ്ണൻ. ബിജെപി.യുടെ മുഖ്യ രാഷ്ട്രീയ ശത്രു സിപിഎം അല്ലെന്നും ആര് ജയിക്കണമെന്നോ ആര് തോൽക്കണമെന്നോ ബിജെപി ചിന്തിക്കുന്നില്ലെന്നും ഗോപാലകൃഷ്ണൻ വ്യക്തമാക്കി.

ബിജെപി.യുടെ വോട്ട് ബിജെപി.ക്കുതന്നെയാണ്. തൃക്കാക്കരയിൽ 16,000 വോട്ടാണ് കഴിഞ്ഞ നിയമസഭയിൽ കിട്ടിയത്. അതാണ് ബിജെപി.യുടെ അടിസ്ഥാന വോട്ടെന്ന് ഗോപാലകൃഷ്ണൻ വ്യക്തമാക്കി. ബിജെപി.യുടെ വോട്ട് കണക്കാക്കി ഇടത് വലത് മുന്നണികൾ ജാമ്യം എടുക്കുന്നത് രാഷ്ട്രീയ അപചയമാണെന്നും ബി. ഗോപാലകൃഷ്ണൻ കൂട്ടിച്ചർത്തു.

'ഡൊമിനിക് പ്രസന്റേഷനും കെ.വി. തോമസും സിപിഐ.എമ്മുമായി രഹസ്യധാരണ ഉണ്ടാക്കിയിട്ടുണ്ട്. എങ്ങിനേയും ജയിക്കാൻ വേണ്ടി തീവ്രവാദികളുമായി സന്ധിചെയ്യാനും ഇടത് വലത് മുന്നണികൾ ശ്രമിച്ചിട്ടുണ്ട്. പി.സി.ജോർജിനെതിരെയുള്ള കോൺഗ്രസ് നിലപാട് വ്യക്തമാക്കുന്നത് അതണ്,' അദ്ദേഹം പറഞ്ഞു.

കരുത്താർജ്ജിച്ച് ക്രമേണ ജയത്തിലേക്ക് കയറുന്നതാണ് ബിജെപിയുടെ ലക്ഷ്യമെന്നും അത് ഭാരതം മുഴുവൻ നടന്നതും നാളെ കേരളത്തിൽ സംഭവിക്കാൻ പോകുന്നതുമാണെന്നും ബി. ഗോപാലകൃഷ്ണൻ കൂട്ടിച്ചേർത്തു.