കൊച്ചി: പൾസർ സുനി ദിലീപിനയച്ച കത്തിൽ നടൻ സിദ്ദിഖിനെതിരെ പരാമർശങ്ങൾ ഉണ്ടായിരുന്നു. നടിയെ ആക്രമിച്ച സംഭവത്തിൽ ദിലീപ് ഗൂഢാലോചന നടത്തുമ്പോൾ സിദ്ദിഖും അടുത്തുണ്ടായിരുന്നെന്നാണ് കത്തിൽ പറഞ്ഞിരുന്നത്. ഈ വിഷയത്തിൽ നടനും അമ്മ ഭാരവാഹിയുമായ ബാബുരാജ് പ്രതികരിച്ചു. റിപ്പോർട്ടർ ടിവിയോടാണ്അമ്മ എക്‌സിക്യൂട്ടീവ് അംഗം ഇക്കാര്യം പറഞ്ഞത്.

സിദ്ദിഖിനെതിരായ പൾസർ സുനിയുടെ പരാമർശത്തിൽ 'അമ്മ'യിലെ അംഗങ്ങൾക്ക് പരാതിയുണ്ടെങ്കിൽ പരിശോധിക്കും. കോടതിയിൽ നിന്നും ഇരയ്ക്ക് നേരിടേണ്ടിവന്നത് കയ്‌പേറിയ അനുഭവങ്ങളാണെന്നും ബാബുരാജ് പറഞ്ഞു.വനിതാ ജഡ്ജി ഇരയെയോട് നീതി പുലർത്തുന്നില്ല. രണ്ടു പബ്ലിക് പ്രോസിക്യൂട്ടർമാരെ രാജിവെച്ചത് കുട്ടിക്കളിയാണോ? ചില മാധ്യമങ്ങളും ഇരയ്‌ക്കൊപ്പം നിന്നോ? ഉന്നത രാഷ്ട്രീയക്കാരും കവയത്രിമാരും ഇരയ്‌ക്കൊപ്പം നിന്നോ എന്നും ബാബുരാജ് ചോദിച്ചു. എന്തെങ്കിലും വാർത്ത വരുമ്പോൾ മാത്രം ഇരയ്‌ക്കൊപ്പം നിന്നാൽ പോരായെന്നും എപ്പോഴും കൂടെ നിൽക്കണമെന്നും ബാബുരാജ് പറഞ്ഞു. സാക്ഷികൾ കൂട്ടത്തോടെ കൂറുമാറിയതിൽ ദുരൂഹതയുണ്ടെന്നും ബാബുരാജ് അഭിപ്രായപ്പെട്ടു.

പൾസർ സുനിയുടെ കത്തിലെ പരാമർശങ്ങൾ

അമ്മ എന്ന സംഘടന ചേട്ടൻ എന്ത് ചെയ്താലും കൂട്ട് നിൽക്കും എന്നറിയാം. അന്ന് അബാദ് പ്ലാസയിൽ വെച്ച് ഈ കാര്യം പ്ലാൻ ചെയ്തപ്പോൾ സിദ്ദിഖും മറ്റ് ആരെല്ലാം ഉണ്ടായിരുന്നെല്ലാം ഞാൻ ആരോടും പറഞ്ഞിട്ടില്ല. അമ്മയുടെ പ്രസിഡന്റ് സ്ഥാനം കിട്ടാൻ വേണ്ടിയാണോ ചേട്ടനെ അറസ്റ്റ് ചെയ്തപ്പോൾ സിദ്ദിഖ് ഓടി നടന്നത്. അമ്മയിലെ പലർക്കും അറിയാത്ത കാര്യങ്ങൾ ചേട്ടൻ അവരുടെ കണ്ണിൽ പൊടിയിട്ടതു കൊണ്ടല്ലേ'. കത്തിൽ പറയുന്നു.

സിദ്ദിഖിന് പുറമെ സിനിമാ രംഗത്തുള്ള പലരെയും പേരെടുത്ത് പറയാതെ കത്തിൽ പരാമർശിച്ചിട്ടുണ്ട്. ദിലീപിനും അടുത്ത സുഹൃത്തുക്കളിൽ ചിലർക്കും സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടെന്ന് ഉൾപ്പെടെയായിരുന്നു സുനിലിന്റെ കത്തിലെ പരാമർശം. 2018 മെയ് മാസത്തിൽ എഴുതിയ കത്ത് റിപ്പോർട്ടർ ടിവിയാണ് പുറത്തുവിട്ടത്. പൾസർ സുനി ഈ കത്ത് തന്റെ അമ്മയ്ക്ക് സൂക്ഷിക്കാൻ ഏൽപ്പിച്ചതായിരുന്നു. തനിക്കെന്തെങ്കിലും സംഭവിച്ചാൽ കത്ത് പുറത്തു വിടണമെന്ന് അമ്മയോട് പൾസർ സുനി പറഞ്ഞിരുന്നു.