തിരുവനന്തപുരം: കേരളത്തിലെ റോഡുകളിൽ ഓഫ് റോഡ് യാത്ര നടത്തി നടുവൊടിഞ്ഞിരിക്കുകയാണ് മലയാളികൾ. മഴക്കാലത്തെ അതിജീവിക്കാൻ കഴിയുന്ന റോഡുകൾ നിർമ്മിക്കാനറിയില്ലെങ്കിൽ എൻജിനിയർമാർ രാജിവച്ചുപോകുന്നതാണ് നല്ലതെന്ന് ഹൈക്കോടതി രണ്ട് ദിവസം മുമ്പ് വിമർശിച്ചിരുന്നു. ആകാശത്ത് കാർമേഘം കണ്ടാൽ തകർന്നുപോകുന്ന കേരളത്തിലെ റോഡുകൾ പോലെ മറ്റൊരു സംസ്ഥാനത്തുമില്ലെന്നാണ് ഇപ്പോൾ ഉയരുന്ന വിമർശനങ്ങൾ.

കേരളത്തെ പോലെ കനത്തമഴ പെയ്തുകൊണ്ടിരിക്കുന്ന സംസ്ഥാനമാണ് തമിഴ്‌നാടും. എന്നാൽ കേരളത്തിലെ പോലുള്ള റോഡ് പ്രശ്നം അവിടെയില്ല. തിരുവനന്തപുരത്തെ കേരള - തമിഴ് നാട് അതിർത്തിഗ്രാമമായ കൊല്ലങ്കോട് നിന്നുള്ള ഇരുസംസ്ഥാനങ്ങളിലേയും റോഡുകളുടെ അവസ്ഥയുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

കേരളാ അതിർത്തി വരെ കുഴിയേത്, കരയേത് എന്ന് തിരിച്ചറിയാനാകാതെ കുണ്ടും കുഴിയും ചാടി നടുവൊടിഞ്ഞ് എത്തുന്ന യാത്രക്കാർ അതിർത്തി കഴിഞ്ഞ് തമിഴ്‌നാട്ടിലേയ്ക്ക് കടന്നുകഴിഞ്ഞാൽ പിന്നെ സുഗമമായ പാതയാണ്. ഇവിടെ പെയ്യുന്നത് ഇക്കൊല്ലത്തെ ആദ്യത്തെ മഴയാണോ എന്ന് തോന്നിപ്പിക്കുന്ന വിധമാണ് റോഡിന്റെ അവസ്ഥ.

മഴക്കാലത്തെ അതിജീവിക്കാൻ കഴിയാത്തത് നമ്മുടെ റോഡുകൾക്ക് മാത്രമാണെന്ന് വ്യക്തമാക്കുന്നതാണ് കൊല്ലങ്കോട്ട് നിന്നുള്ള ദൃശ്യങ്ങൾ. ഇവിടെയാണ് ഹൈക്കോടതിയുടെ വാക്കുകൾ പ്രസക്തമാകുന്നത്. കാലവർഷം നേരിടാനാവുന്ന രീതിയിൽ റോഡിന്റെ അറ്റകുറ്റപ്പണി നടത്താൻ കഴിയാത്ത എൻജിനീയർമാർ രാജിവച്ചു പോകണമെന്നാണ് ഹൈക്കോടതി ആവശ്യപ്പെട്ടത്. മഴക്കാലം കടന്നും നിലനിൽക്കുന്ന റോഡുണ്ടാക്കാൻ അറിയില്ലെങ്കിൽ അവരെന്തിനാണു തുടരുന്നതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. കഴിഞ്ഞ വർഷം കൊച്ചി നഗരസഭയും മറ്റ് അധികൃതരും നന്നാക്കിയ റോഡുകൾ ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ കേടുവന്നതായി അമിക്കസ്‌ക്യൂറിയും ഹർജിക്കാരന്റെ അഭിഭാഷകനും ചൂണ്ടിക്കാട്ടിയതിനെ തുടർന്നായിരുന്നു കോടതിയുടെ പ്രതികരണം.

അറ്റകുറ്റപ്പണി നടത്തിയിട്ടും തകർന്ന സംസ്ഥാനത്തെ വിവിധ റോഡുകളെക്കുറിച്ച് ഹർജിക്കാരന്റെ അഭിഭാഷകനും അമിക്കസ്‌ക്യൂറിക്കും താൽപര്യമുള്ള ഏതൊരാൾക്കും അടുത്ത മാസം 14 വരെ കോടതിക്കു വിവരങ്ങൾ നൽകാമെന്നും ഹൈക്കോടതി അറിയിച്ചിട്ടുണ്ട്. അറ്റകുറ്റപ്പണി നടത്തിയിട്ടും തകർന്നുപോയ റോഡുകൾ സംബന്ധിച്ച ഉത്തരവാദിത്തം ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ ചുമത്തണമെന്നാണ് കോടതി നിർദ്ദേശിച്ചിട്ടുള്ളത്.

കേരളത്തിൽ മാത്രമെന്താണ് മഴക്കാലത്ത് റോഡുകൾ വ്യാപകമായി പൊട്ടിപൊളിയുന്നതെന്ന പഠനം നടക്കേണ്ടതുണ്ട്. മഴക്കാലത്തും റോഡുകൾ തകരാതിരിക്കുന്നതിന്റെ സാങ്കേതികവിദ്യ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനിൽ നിന്നും കേരളത്തിന്റെ മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും പഠിക്കണം. അല്ലെങ്കിൽ മഴക്കാറ് കണ്ടാൽ പോലും കൃത്യമായി പൊളിയുന്ന സാങ്കേതികവിദ്യ കേരളത്തിലെ എൻജിനിയർമാരിൽ നിന്നും പഠിച്ചാലും മതി.