മുംബൈ: ഭീമ-കൊറേഗാവ് ആക്രമണവുമായി ബന്ധപ്പെട്ട കേസിൽ കവിയും സാമൂഹിക പ്രവർത്തകനുമായ വരവര റാവുവിന് ജാമ്യം. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുള്ള അദ്ദേഹത്തിന് ആരോഗ്യ കാരണങ്ങൾ പരിഗണിച്ചാണ് ബോബെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ആറ് മാസത്തേക്കാണ് നടപടി. അറസ്റ്റിലായി രണ്ടു വർഷത്തിനു ശേഷമാണ് 81കാരനായ റാവു പുറത്തിറങ്ങുന്നത്.

ആരോഗ്യനില മോശമായ റാവു നിലയിൽ കോടതി ഇടപെടലിനെ തുടർന്ന് മുംബൈ നാനാവതി ആശുപത്രിയിൽ ചികിത്സയിലാണ്. മുംബൈയിൽ തന്നെ തുടരണമെന്നും അന്വേഷണ ഏജൻസികൾ ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്നും ജാമ്യ വ്യവസ്ഥയിൽ പറയുന്നു. പാസ്പോർട്ട് ദേശീയ അന്വേഷണ ഏജൻസിക്കു മുമ്പാകെ ഹാജരാക്കണം. കേസിലെ മറ്റ് പ്രതികളുമായി ബന്ധപ്പെടാൻ പാടില്ല. 50,000 രൂപയുടെ വ്യക്തിഗത ബോണ്ടും തതുല്യമായ രണ്ട് ആൾജാമ്യവും നൽകണം.

2018 ഓഗസ്റ്റ് 28 ന് കസ്റ്റഡിയിലായ വരവര റാവു വിചാരണ കാത്ത് കഴിയുകയാണ്. ഇനിയും ജാമ്യം നൽകിയില്ലെങ്കിൽ അത് ആ വ്യക്തിയുടെ ആരോഗ്യത്തോടെ ജീവിക്കാനുള്ള മൗലികാവകാശത്തിന്റെ ലംഘനമാകുമെന്നും മനുഷ്യവകാശ തത്വങ്ങൾ പാലിക്കേണ്ട കടമ കോടതിക്കുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യം അനുവദിച്ചത്.

റാവുവിന് വേണ്ടി മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിങ് ഹാജരായി. കഴിഞ്ഞ ഒരു വർഷത്തിനിടെ 149 ദിവസം അദ്ദേഹം ആശുപത്രിയിൽ ആയിരുന്നും മുംബൈയിലെ തലോജ ജയിലാണ് വിചാരണ കാത്ത് കിടക്കുന്നതെന്നും അവിടെ നിന്ന് മാറ്റി ഹൈദരാബാദിലെ കുടുംബത്തോടൊപ്പം കഴിയാൻ അനുവദിക്കണമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

2017 ഡിസംബർ 31ന് ചേർന്ന എൽഗാർ പരിഷത്ത് യോഗത്തിൽ അടുത്ത ഭീമ കൊറേഗാവ് ആക്രമണ വാർഷികത്തിന് മുൻപ് മാവോയിസ്റ്റുകളുമായി ചേർന്ന് കലാപം നടത്താൻ റാവു ആഹ്വാനം ചെയ്തുവെന്നാണ് എൻ.ഐ.എയുടെ കേസ്. റാവു അടക്കം പത്ത് പേരെയാണ് അറസ്റ്റു ചെയ്തത്.