തിരുവനന്തപുരം: ലോക്കൽ പൊലീസിനും ക്രൈംബ്രാഞ്ചിനും തുമ്പുണ്ടാക്കാൻ സാധിക്കാത്ത വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ ദുരൂഹ വാഹന അപകട മരണത്തിൽ കാർ ഡ്രൈവർ അർജുനും കലാഭവൻ സോബി ജോർജും ബാലഭാസ്‌ക്കറിന്റെ സംഗീത ട്രൂപ്പ് മാനേജർ വിഷ്ണു സോമസുന്ദരവും സുഹൃത്ത് പ്രകാശ് തമ്പിയും നുണപരിശോധനക്ക് തയ്യാറെന്ന് കോടതിയിൽ സന്നദ്ധത അറിയിച്ചു.

തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിലാണ് സമ്മതപത്രം സത്യവാങ്മൂലം നൽകിയത്. തുടർന്ന്‌ഫോറൻസിക് ലാബിൽ പരിശോധനനക്കായി നാലുപേരും ഹാജരാകാൻ കോടതി ഉത്തരവിട്ടു. ലൈഡിറ്റക്ടർ ടെസ്റ്റും ലെയേഡ് വോയ്‌സ് അനാലിസിസ് ടെസ്റ്റും നടത്താൻ മജിസ്‌ടേട്ട് ആർ. ജയകൃഷ്ണൻ ഉത്തരവിട്ടു. ബാലഭാസ്‌ക്കറുടെ മരണത്തിൽ നാലു പേരും നൽകിയ വെളിപ്പെടുത്തലിന്റെ നിജസ്ഥിതി വെളിച്ചത്തു കൊണ്ടുവരാൻ നാലു പേരെയും നുണ പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് സി ബി ഐ സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്. ആദ്യം അർജുൻ വിസമ്മതം അറിയിച്ചുവെങ്കിലും തുടർന്ന് സമ്മതം അറിയിക്കുകയായിരുന്നു.

പോളിഗ്രാഫ് പരിശോധനയ്ക്ക് വിധേയന്റെ സമ്മതം ആവശ്യമുണ്ടെന്ന സുപ്രീം കോടതി വിധിന്യായത്തിന്റെ അടിസ്ഥാനത്തിലാണ് കീഴ് കോടതി നടപടി. സമ്മതം രേഖാമൂലം എഴുതി വാങ്ങിയ ശേഷമേ കോടതി പരിശോധനക്ക് അനുമതി നൽകുകയുള്ളു. നോട്ടീസ് കൈപ്പറ്റി ഹാജരാകുന്ന ഇവർ പരിശോധനക്ക് വിസമ്മതം അറിയിക്കുന്ന പക്ഷം സി ബി ഐ ഹർജി കോടതി തള്ളിക്കളയുന്നതാണ് നടപടിക്രമം.

പോളിഗ്രാഫ് പരിശോധനാ ഫലം അന്വേഷണത്തെ ശരിയായ പാതയിൽ മുന്നോട്ടു പോകാൻ സഹായിക്കാൻ മാത്രമേ ഉപയോഗിക്കാവൂവെന്നും അത് വിചാരണയിൽ തെളിവായി ഉപയോഗിക്കാൻ പാടില്ലെന്നുമാണ് സുപ്രീം കോടതിയുടെ വിധിന്യായം. അതേ സമയം വെളിപ്പെടുത്തലിന്റെ വെളിച്ചത്തിലും ആയതിന്റെ അടിസ്ഥാനത്തിലും എന്തെങ്കിലും രേഖാമൂലമുള്ളതോ വായ് മൊഴി തെളിവുകളോ തൊണ്ടിമുതലോ വീണ്ടെടുക്കുന്ന പക്ഷം അവ വിചാരണയിൽ ഇന്ത്യൻ തെളിവു നിയമത്തിലെ വകുപ്പ് 27 പ്രകാരമുള്ള തെളിവായി സ്വീകരിക്കാവുന്നതാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിട്ടണ്ട്

ബാലഭാസ്‌ക്കറിന്റെ മരണത്തിൽ ഓഗസ്റ്റ് 3 ന് സിബിഐ സമർപ്പിച്ച എഫ് ഐ ആർ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി ഫയലിൽ സ്വീകരിച്ചിരുന്നു. സംഭവത്തിൽ തിരുവനന്തപുരം സിബിഐ യൂണിറ്റിനാണ് അന്വേഷണ ചുമതല. കൊല്ലപ്പെട്ട ബാല ഭാസ്‌ക്കറിന്റെ പിതാവ് ഉണ്ണിയുടെ പരാതിയിലാണ് അന്വേഷണം സിബിഐ ഏറ്റെടുത്തത്.

ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും സ്വാഭാവിക റോഡപകടമരണമാക്കി കേസ് എഴുതിത്ത്ത്തള്ളുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുള്ള സ്വർണ്ണക്കടത്ത് കേസിലെ ചില പ്രതികൾക്ക് ബാലഭാസ്‌ക്കറിന്റെ മരണത്തിൽ പങ്കും പങ്കാളിത്തവുമുള്ളതായി ആരോപണം ഉയർന്നു വന്നിട്ടുണ്ട്. മരണത്തിൽ സ്വർണ്ണക്കടത്ത് സംഘത്തിനടക്കം പങ്കുണ്ടെന്ന തരത്തിൽ കുടുംബം ആരോപണം ഉന്നയിച്ച സാഹചര്യത്തിലാണ് സി ബി ഐ കേസേറ്റെടുത്തത്.

പ്രാഥമിക അന്വേഷണത്തിൽ ആരോപണത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനാണ് സി ബി ഐ യാതൊരു ആക്ഷേപവുമുന്നയിക്കാതെ കേസ് ഏറ്റെടുത്ത് എഫ് ഐ ആർ ഇട്ടത്. കോടതി ഉത്തരവില്ലാതെ കേസ് ഏറ്റെടുക്കുന്നതിൽ ഈ രീതിയാണ് സി ബി ഐ മാന്വൽ നിഷ്‌ക്കർശിക്കുന്നത്.

2018 സെപ്റ്റംബർ 25 ന് പുലർച്ചെ കഴക്കൂട്ടം പള്ളിപ്പുറം ദേശീയ പാതയിൽ വച്ചാണ് കാർ അപകടം നടന്നത്. തൃശൂരിൽ ക്ഷേത്ര ദർശനം കഴിഞ്ഞ് വരവേയായിരുന്നു ബാലഭാസ്‌ക്കറിന്റെ കാർ മരത്തിൽ ഇടിച്ച് തകർന്നത്. ഡ്രൈവർ അർജുൻ , ബാലഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷ്മി , മകൾ തേജസ്വിനി ബാല എന്നിവരും കാറിൽ ഉണ്ടായിരുന്നു. മകൾ സംഭവസ്ഥലത്തും ബാലഭാസ്‌കർ പിന്നീട് ആശുപത്രിയിലും വച്ച് രണ്ടാം തീയതി അർദ്ധരാത്രി 12.56 ന് അന്ത്യ ശ്വാസം വലിച്ചു.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ തലയിലും നെഞ്ചിലും ഏറ്റ പരിക്കും കാർഡിയാക് അറസ്റ്റും ആണ് മരണകാരണമായി രേഖപ്പെടുത്തിയിരിക്കുന്നത്.