കൊച്ചി: ബാലഭാസ്‌കറിന്റെ മരണത്തിൽ കലാഭവൻ സോബിയും പ്രകാശൻ തമ്പിയും നൽകിയ മൊഴികളിൽ വൈരുദ്ധ്യമെന്ന് വിലയിരുത്തി സിബിഐ. കലാഭവൻ സോബിയുടെ വെളിപ്പെടുത്തലുകൾക്ക് അടിസ്ഥാനമില്ലെന്ന നിഗമനത്തിലാണ് സിബിഐ. ഈ സാഹചര്യത്തിൽ കലാഭാവൻ സോബിയേയും പ്രകാശൻ തമ്പിയേയും നുണ പരിശോധനയ്ക്ക് ഹാജരാക്കും. ഇതിനുള്ള അനുമതി തേടി കോടതിയെ സമീപിക്കും. കൊച്ചിയിലെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ നുണപരിശോധനയ്ക്കായുള്ള അപേക്ഷ അടുത്ത ദിവസങ്ങളിൽ സിബിഐ സമർപ്പിക്കും.

ബാലഭാസ്‌കറിന്റെ അപകട സ്ഥലത്ത് പലരെയും കണ്ടെന്നും അവർ വാഹനം വെട്ടിപ്പൊളിക്കാൻ ശ്രമിച്ചു എന്നുമുള്ള വിവരങ്ങളാണ് കലാഭവൻ സോബി സിബിഐയോട് പറഞ്ഞത്. തുടർന്ന് കലാഭവൻ സോബിയെ സംഭവസ്ഥലത്തുകൊണ്ടുപോയി സിബിഐ തെളിവെടുപ്പു നടത്തി. വിശദമായ മൊഴിയുമെടുത്തു. എന്നാൽ സിബിഐയുടെ പരിശോധനയിൽ അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണ് സോബി പറയുന്നതെന്നാണ് കണ്ടെത്താനായത്. ബാലഭാസ്‌കറിന്റെ പിതാവ് പറഞ്ഞതനുസരിച്ചാണ് സിസിടിവി ദൃസ്യം ശേഖരിച്ചതെന്നും ഒരു ചിത്രത്തിനുവേണ്ടിയുള്ള സംഗീതം പൂർത്തിയാക്കാൻ അടിയന്തിരമായി നിർദ്ദേശം വന്നതുകൊണ്ടാണ് അന്ന് രാത്രി തന്നെ ബാലഭാസ്‌കർ മടങ്ങിയതെന്നുമാണ് പ്രകാശൻ തമ്പിയുടെ മൊഴി. ഇതിൽ ബാലഭാസ്‌കറിന്റെ അച്ഛനെ കൊണ്ടു വന്നതിൽ സിബിഐയ്ക്ക് സംശയമുണ്ട്. പ്രകാശൻ തമ്പിയുമായി ബാലഭാസ്‌കറിന്റെ അച്ഛന് അത്ര അടുത്ത ബന്ധമില്ല.

അപകടം നടന്ന സ്ഥലത്തിന് സമീപമുള്ള വീട്ടുകാരുടെ മൊഴിയും സിബിഐ എടുത്തിരുന്നു. സമീപത്തുള്ള വീട്ടുകാരാണ് അപകടം നടന്ന സ്ഥലത്തേക്ക് ആദ്യമെത്തുന്നത്. അപകടമാണ് സംഭവിച്ചതെന്നും പുറത്തു നിന്നുള്ളവരുടെ ഇടപെടൽ അതിലില്ല എന്നുമാണ് സിബിഐ അന്വേഷണത്തിൽ വ്യക്തമായത്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കലാഭവൻ സോബിയെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ സിബിഐ തീരുമാനിക്കുന്നത്. കോടതിയുടെ അനുമതിയോടെ നുണപരിശോധനയ്ക്ക് വിധേയമാക്കാനാണ് സിബിഐ തീരുമാനം. സോബി ഇതിന് സമ്മതവും അറിയിച്ചിട്ടുണ്ട്. എന്നാല് പ്രകാശൻ തമ്പി എന്തു നിലപാട് എടുക്കുമെന്ന് ആർക്കും അറയില്ല.

ബാലഭാസ്‌കറിന്റെ മാനേജരും തിരുവനന്തപുരം സ്വർണ്ണക്കടത്തുകേസിലെ പ്രതിയുമായ പ്രകാശ് തമ്പിയെയും കഴിഞ്ഞ ദിവസം സിബിഐ വിശദമായി ചോദ്യം ചെയ്തിരുന്നു. തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേ ബാലഭാസ്‌കറും ഡ്രൈവറും കടയിൽക്കയറി ജ്യൂസ് കുടിച്ചിരുന്നു. എന്നാൽ അപകടത്തിനു ശേഷം ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ ജ്യൂസ് കടയിൽ നിന്ന് പ്രകാശൻതമ്പി ശേഖരിച്ചു എന്നതാണ് ഇയാളെ സംശയമുനയിൽ നിർത്തിയത്. മാത്രമല്ല പ്രകാശൻതമ്പി പറഞ്ഞതനുസരിച്ചാണ് ബാലഭാസ്‌കർ അന്നേ ദിവസം രാത്രി യാത്ര പുറപ്പെട്ടതെന്നതും കൂടുതൽ വിവാദങ്ങൾക്കിടയാക്കിയിരുന്നു. എന്നാൽ ബാലഭാസ്‌കറിന്റെ പിതാവ് പറഞ്ഞതനുസരിച്ചാണ് സിസിടിവി ദൃശ്യം ശേഖരിച്ചതെന്നും ഒരു ചിത്രത്തിനുവേണ്ടിയുള്ള സംഗീതം പൂർത്തിയാക്കാൻ അടിയന്തിരമായി നിർദ്ദേശം വന്നതുകൊണ്ടാണ് അന്ന് രാത്രി തന്നെ ബാലഭാസ്‌കർ മടങ്ങിയതെന്നുമാണ് പ്രകാശൻ തമ്പിയുടെ മൊഴി.

ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി കലാഭവൻ സോബി രംഗത്ത് . അപകടസ്ഥലത്ത് സംഗീതരംഗത്തെ ഒരു പ്രമുഖനെ കണ്ടെന്നാണ് സോബിയുടെ പുതിയ വെളിപ്പെടുത്തൽ. എന്നാൽ ഇക്കാര്യം സിബിഐയോട് സൂചിപ്പിച്ചിട്ടുണ്ടെന്നും ആരാണെന്ന് പറഞ്ഞിട്ടില്ലെന്നും സോബി വ്യക്തമാക്കി . അവർ ആ വ്യക്തിയെ അന്വേഷിച്ച് കണ്ടെത്തട്ടെയെന്നാണ് സോബിയുടെ നിലപാട് .അന്വേഷിച്ച് കണ്ടെത്തിയില്ലെങ്കിൽ തന്നെ ബ്രയിൻ മാപ്പിങ്ങിന് വിധേയനാക്കി കണ്ടുപിടിക്കട്ടെയെന്നും കലാഭവൻ സോബി ജോർജ് പറഞ്ഞു.

ബ്രയിൻ മാപ്പിങ്ങിന് സമ്മതമാണെന്ന് സിബിഐ.യെ അറിയിച്ചിട്ടുണ്ട്. എത്രയും വേഗം അത് നടത്തണമെന്നാണ് ആവശ്യം. ഇത് ഒരു കൊലപാതകമാണെന്ന് ഉറപ്പാണ്. സിബിഐ. അന്വേഷണത്തോടെ എല്ലാം തെളിയുമെന്നാണ് പ്രതീക്ഷയെന്നും എല്ലാകാര്യങ്ങൾക്കും തീരുമാനമാകുമെന്നും സോബി വ്യക്തമാക്കിയിരുന്നു. ബാലഭാസ്‌കർ കേസിൽ സിബിഐയുടെ അന്വേഷണം പുരോഗമിക്കുകയാണ് സോബിക്ക് പുറമേ അപകടസമയത്ത് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത റിട്ട. എസ്‌ഐ, ബസ് കണ്ടക്ടർ തുടങ്ങിയവരെയും സിബിഐ. വിളിപ്പിച്ചിരുന്നു. ഇവരെല്ലാം ക്രൈംബ്രാഞ്ചിന് നൽകിയ മൊഴി ആവർത്തിക്കുകയായിരുന്നു.

സോബി പറഞ്ഞത് പോലെ കാറിന്റെ പിൻവശത്തെ ചില്ല് പൊട്ടിയിരുന്നില്ലെന്നും രക്ഷാപ്രവർത്തനത്തിനിടെ അടിച്ച് പൊട്ടിച്ചതാണെന്നും ഇവർ മൊഴി നൽകി. എന്നാൽ ഡ്രൈവിങ് സീറ്റിൽ അർജുനായിരുന്നുവെന്ന് ചിലർ മൊഴി നൽകിയപ്പോൾ ബസ് കണ്ടക്ടറുടേത് വ്യത്യസ്തമായ മൊഴിയാണ്. ഡ്രൈവിങ് സീറ്റിൽനിന്ന് പുറത്തെടുത്തയാൾ ബാലഭാസ്‌കറായിരുന്നു എന്നാണ് ബസ് കണ്ടക്ടർ പറഞ്ഞത്. മൊഴികളിലെ ഈ വൈരുദ്ധ്യങ്ങളാണ് സിബിഐ. സംഘത്തിന് മുന്നിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്.