കാസർകോട്: കാസർകോട് ജില്ലയിലെ ചന്തേര എടാട്ടുമ്മൽ സ്വദേശി ബാലകൃഷ്ണൻ പാലായി എന്ന ബാലൻ പാലായി ഇളനീർ ബാലനായത്തിന് പിന്നിൽ ഒരു അതിജീവന കഥയുണ്ട്. മുപ്പത്തിയഞ്ചാം വയസിൽ അന്നനാളത്തെ ബാധിച്ച ഗ്യാസ്ട്രോ ഇസോഫാജിയൻ റിഫ്ള്ക്സ് എന്ന രോഗം ആണ് ഇളനീർ ബാലനിലേക്ക് വഴിതുറന്നത്. രോഗത്തെ തൂക്കി ദൂരെയെറിഞ്ഞ എഷ്യാഡ് വരെയെത്തിയ ഓട്ടകാരന്റെ കഥ അല്പം വ്യത്യസ്തമാണ്.

ആയിരക്കണക്കിന് കായിക വിദ്യാർത്ഥികൾക്ക് പരിശീലനം നൽകിയ ഈ കായികാധ്യാപകന്റെ നിത്യയൗവനം ആരേയും അമ്പരപ്പിക്കുന്നതാണ്. ജീവൻ വേണമെങ്കിൽ അരിഭക്ഷണമോ മത്സ്യ-മാംസാഹാരമോ കഴിക്കാൻ പാടില്ലെന്ന് ഡോക്ടർമാർ വിധിയെഴുതി. അങ്ങനെ പ്രകൃതി ചികിത്സകന്റെ നിർദേശ പ്രകാരമാണ് ഇളനീർ മാത്രം കഴിക്കുന്നതെന്ന് ബാലൻ പറയുന്നു. ദിവസം മൂന്ന് ഇളനീരെങ്കിലും ഭക്ഷണമായി വേണം. ഇടയ്ക്ക് പച്ചക്കറികൾ മാത്രമാണ് നിത്യേനയുള്ള ആഹാരം.

അമ്ബത്തിരണ്ടാം വയസിൽ ദേശീയ സിവിൽ സർവീസ് മീറ്റിലും 2010ൽ മലേഷ്യയിൽ നടന്ന മാസ്റ്റേഴ്‌സ് മീറ്റിലും ദീർഘദൂര ഓട്ടത്തിൽ മികച്ച പ്രകടനത്തിനായതിനു പിന്നിൽ ഇളനീർ എനർജിയാണെന്ന് അദ്ദേഹം പറയുന്നു. പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിൽ നിന്നാണ് ആവശ്യമായ ഇളനീർ എത്തിക്കുന്നത്. ചെറുപ്പം മുതൽ തന്നെ ഫുട്‌ബോളിലും ഓട്ടത്തിലും താത്പര്യമുള്ള ആളായിരുന്നു. പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമാണ് നേടാനായത്.

നിരവധി താരങ്ങളെ സമ്മാനിച്ച സുഭാഷ് മെട്ടമ്മൽ ക്ലബ്ബിലൂടെയാണ് ബാലനും പരിശീലനം നേടി വന്നത്. 2010ൽ മലേഷ്യയിൽ നടന്ന ഏഷ്യൻ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്ക് മീറ്റിൽ അഞ്ചു കിലോമീറ്റർ നടത്തത്തിൽ നാലാം സ്ഥാനം നേടിയിരുന്നു. ഈ മത്സരത്തിൽ പങ്കെടുക്കുമ്‌ബോഴും മലേഷ്യയിൽ നിന്ന് ഇളനീർ സംഘടിപ്പിച്ചു.

റവന്യു വകുപ്പിൽ ഫെയർകോപ്പി സൂപ്രണ്ടായി വിരമിച്ചതിന് ശേഷം ഇപ്പോൾ പൊലീസ്, എക്‌സൈസ് വകുപ്പിലെ പിഎസ്‌സി പരീക്ഷകൾക്ക് തയ്യാറെടുക്കാൻ ഉദ്യോഗാർഥികൾക്ക് സൗജന്യമായി കായിക പരിശീലനം നൽകുന്നു. ഇദ്ദേഹത്തിന്റെ ശിക്ഷണം ലഭിച്ച ഇരുനൂറോളം പേർ ഇതിനകം ജോലി നേടി. കണ്ണൂർ, കാസർകോട് ജില്ലകളിലെ വിവിധ ഭാഗത്തുള്ളവർ പരിശീലനം നേടാൻ ഇവിടെയെത്തുന്നുണ്ട്.