കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിയോട് ഏറ്റുമുട്ടി വൻതോൽവിയാണ് ബിജെപി ഏറ്റുവാങ്ങിയത്. പണവും അന്വേഷണ ഏജൻസികളെയും ഉപയോഗിച്ച് എല്ലാവരെയും വരുതിയിൽ നിർത്തുക എന്ന തന്ത്രം ബിജെപിക്ക് ബംഗാളിൽ പാളി. തൃണമൂൽ കോൺഗ്രസും അതേനാണയത്തിൽ തിരിച്ചടിച്ചതോടെയാണ് അമിത്ഷായുടെ ബംഗാൾ മോഹങ്ങൾ തകർന്നടിഞ്ഞത്. ഇപ്പോൾ ബംഗാളിൽ നിന്നും പുറത്തുവരുന്ന വാർത്തകൾ ബിജെപിക്ക് നാണക്കേടുണ്ടാക്കുന്നവയാണ്.

തെരഞ്ഞെടുപ്പു കഴിഞ്ഞ് ഒരു വർഷം പോലും കഴിയും മുമ്പ് പശ്ചിമ ബംഗാളിൽ ബിജെപിയിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക് തുടരുകയാണ്. ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം അഞ്ച് എംഎ‍ൽഎമാരാണ് ബിജെപി വിട്ട് തൃണമൂലിൽ എത്തിയത്. തിരഞ്ഞെടുപ്പിൽ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ വൻ വിജയത്തോടെ തുടർച്ചയായ മൂന്നാം തവണയും അധികാരത്തിൽ തിരിച്ചെത്തിയിരുന്നു.

മമതയെ പരാജയപ്പെടുത്താൻ വൻ സന്നാഹവുമായി ബംഗാളിലെത്തിയ ബിജെപിയെ രണ്ടക്കത്തിലൊതുക്കിയാണ് മമത കരുത്തുകാട്ടിയത്. ഏറ്റവും ഒടുവിലായി ബിജെപിയിൽ നിന്നും മറുകണ്ടം ചാടിയത് റായ്ഗഞ്ച് എംഎ‍ൽഎ കൃഷ്ണകല്യാണിയാണ്. തൃണമൂൽ ജനറൽ സെക്രട്ടറി പാർഥ ചാറ്റർജിയുടെ സാന്നിധ്യത്തിലായിരുന്നു അദ്ദേഹത്തിന്റെ തൃണമൂൽ പ്രവേശനം. റായ്ഗഞ്ച് എംഎൽഎയായ കൃഷ്ണകല്യാണി ഈ മാസം ഒന്നാം തീയതിയാണ് ബിജെപി വിട്ടത്. നേരത്തെ തൃണമൂൽ അംഗമായിരുന്ന കൃഷ്ണകല്യാണി നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപായാണ് ബിജെപിയിലെത്തിയത്.

'നിയമസഭാ തെരഞ്ഞെടുപ്പിൽ എന്നെ തോൽപ്പിക്കാൻ ബിജെപിയിൽ ഗൂഢാലോചന നടന്നു. ജനങ്ങൾക്കായി പ്രവർത്തിച്ചിട്ടും ബിജെപിയിൽ അംഗീകാരം ലഭിച്ചില്ല. ബിജെപി ക്യാമ്പ് വിടാൻ തീരുമാനിച്ചതോടെ കാരണംകാണിക്കൽ നോട്ടീസ് കിട്ടി. ഇന്ന് ഞാനെന്റെ തെറ്റുതിരുത്തി'-കൃഷ്ണകല്യാണി പറഞ്ഞു. 'ബിജെപിയിൽ മികച്ച പ്രകടനത്തിന്റെ ഓഡിറ്റ് ഇല്ല. ഗൂഢാലോചന മാത്രമേയുള്ളൂ. വെറും ഗൂഢാലോചന കൊണ്ട് നിങ്ങൾക്ക് ഒരു തിരഞ്ഞെടുപ്പിൽ വിജയിക്കാനാവില്ല. തെരഞ്ഞെടുപ്പിൽ വിജയിക്കണമെങ്കിൽ വികസനം വേണം'-ടിഎംസിയിൽ ചേർന്ന ശേഷം കല്യാണി പറഞ്ഞു.

'അത് വ്യക്തിപരമായ തീരുമാനമാണ്. എംഎൽഎക്ക് കുറേക്കാലമായി പാർട്ടിയുമായി ബന്ധമില്ല. പാർട്ടി പരിപാടികളിൽ അദ്ദേഹം പങ്കെടുക്കാറുണ്ടായിരുന്നില്ല. റായ്ഗഞ്ചിലെ ജനങ്ങൾ അദ്ദേഹത്തിനു തക്ക മറുപടി നൽകും'-എംഎൽഎ പാർട്ടി വിട്ടതിനെ കുറിച്ച് ചോദിച്ചപ്പോൾ ബിജെപി പ്രസിഡന്റ് സുകാന്ത മജുംദാറിന്റെ മറുപടി ഇതായിരുന്നു.

മമത ബാനർജിയുടെ നേതൃത്വത്തെക്കുറിച്ച് കൃഷ്ണകല്യാണിക്ക് പൂർണ വിശ്വാസമുണ്ടെന്ന് തൃണമൂൽ നേതാവ് പാർഥ ചാറ്റർജി പറഞ്ഞു. അതുകൊണ്ടാണ് അദ്ദേഹം മടങ്ങിവന്നത്. അദ്ദേഹത്തെ തൃണമൂൽ കോൺഗ്രസ് സ്വാഗതം ചെയ്യുന്നുവെന്നും ചാറ്റർജി വ്യക്തമാക്കി. കഴിഞ്ഞ മാസം മുൻ കേന്ദ്രമന്ത്രിയും പാർട്ടി എംപിയുമായ ബാബുൽ സുപ്രിയോയും ടിഎംസിയിലേക്ക് മാറിയിരുന്നു. മറ്റൊരു ബിജെപി നേതാവ് ഫിറോസ് കമാൽ ഗസ്സി എന്ന ബാബു മാസ്റ്ററും നേരത്തേ ബിജെപി വിട്ടിരുന്നു.

ജന സ്വാധീനമുള്ള ടിഎംസി നേതാവും നോർത്ത് 24 പർഗാനാസിലെ ബസിർഹട്ടിൽ നിന്നുള്ള ശക്തനുമായ നേതാവാണ് അദ്ദേഹം. ബിജെപിയിൽ ചേർന്നതിന് തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമതാ ബാനർജിയോട് മാപ്പ് പറയുകയും ചെയ്തു. നിരവധി ബിജെപി നേതാക്കൾ ടി.എം.സിയിൽ ചേരാൻ തയ്യാറാണെന്നും എന്നാൽ എല്ലാവർക്കുമായി അതിന്റെ വാതിലുകൾ തുറന്നിട്ടില്ലെന്നും ടി.എം.സി ദേശീയ ജനറൽ സെക്രട്ടറിയും മമത ബാനർജിയുടെ അനന്തരവനുമായ അഭിഷേക് ബാനർജി അടുത്തിടെ പറഞ്ഞിരുന്നു. ജനപിന്തുണയുള്ള നേതാക്കളെ മറുകണ്ടം ചാടിക്കുകകയാണ് തൃണമൂലിന്റെ ഇപ്പോഴത്തെ തന്ത്രം.