കണ്ണൂർ: പയ്യന്നൂർ പൊലീസ് സ്റ്റേഷൻ റോഡിൽ പ്രവർത്തിക്കുന്ന വൈശാഖ് ബാറിൽ നിന്നും ഒന്നരലക്ഷം രൂപയുമായി കടന്നുകളഞ്ഞ ഒഡീഷ്യ സ്വദേശിയായ ജീവനക്കാരൻ പൊലീസ് പിടിയിൽ. ഒഡീഷ്യ കെൺട്രപ്പാറ തെണ്ടപ്പാൾ പെന്തക്കലിലെ രാഹുൽ സേത്തി (20) യെയാണ് നാട്ടിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ തിങ്കളാഴ്‌ച്ച പുലർച്ചെ പിടികൂടിയത്. ഇന്നലെ രാവിലെയാണ് ബാറിൽ മോഷണം നടന്നത്.

നാലുമാസം മുമ്പാണ് ഇയാൾ ബാറിൽ ശുചീകരണ തൊഴിലാളിയായി ജോലിയിൽ കയറിയത്. ഇതിനിടയിൽ ബാറിന്റെ എല്ലാ പ്രവർത്തനങ്ങളും സസൂക്ഷ്മം നിരീക്ഷിച്ച ഇയാൾ മാനേജർ പണം സൂക്ഷിക്കുന്ന അലമാരയുടെ താക്കോൽ വെക്കുന്ന സ്ഥലവും കൃത്യമായി മനസിലാക്കിയിരുന്നു. താക്കോൽ കഴിഞ്ഞ ദിവസം തട്ടിയെടുത്ത പ്രതി ഇന്നലെ രാവിലെ അലമാര തുറന്ന് അതിനകത്ത് സൂക്ഷിച്ചിരുന്ന ഒന്നരലക്ഷം രൂപയെടുത്ത് സ്ഥലം വിട്ടു. പണം കാണാതായതോടെ ജീവനക്കാർ നടത്തിയ അന്വേഷണത്തിൽ രാഹുൽ സേത്തിയെയും കാണാതായിട്ടുണ്ടെന്ന് കണ്ടെത്തി.

ബാറിലെ അക്കൗണ്ടന്റിന്റെ പരാതിയിൽ കേസെടുത്ത പൊലീസ് തെരച്ചിൽ ഊർജിതമാക്കിയിരുന്നു. പലയിടങ്ങളിലും തെരച്ചിൽ നടത്തിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായില്ല. സ്ഥാപനത്തിലെ നിരീക്ഷണ കാമറയിൽ ഇയാൾ ബേഗുമായി പുറത്തുപോകുന്ന ദൃശ്യം ലഭിച്ചിരുന്നു. മോഷ്ടിച്ച പണവുമായി പുലർച്ചെ തീവണ്ടിയിൽ നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിൽ റെയിൽവെ സ്റ്റേഷനിൽ എത്തിയ ഇയാൾ പൊലീസിനെ കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.

പൊലീസ് ഇൻസ്പെക്ടർ എം.സി പ്രമോദിന്റെ നേതൃത്വത്തിൽ പ്രിൻസിപ്പൽ എസ്‌ഐ കെ.ടി ബിജിത്ത് എസ്‌ഐ. അഭിലാഷ്, സിവിൽ പൊലീസ് ഓഫിസർ ബിജു, ഹോംഗാർഡ് രാഘവൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയിൽ നിന്നും 1,37,000 രൂപ പൊലീസ് കണ്ടെടുത്തു. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.