V4 Kochi ആയാലും വേണ്ടില്ല V4 വാഴ ആയാലും വേണ്ടില്ല, ഇതുപോലുള്ള അസംബന്ധങ്ങൾക്കൊന്നും ആരും കൂട്ട് നില്ക്കരുത്..സർക്കാർ ചെലവിൽ നിർമ്മിച്ച പാലങ്ങളോ കെട്ടിടങ്ങളോ റോഡുകളോ അർദ്ധരാത്രിയിൽ ചിലരെത്തി തുറന്ന് കൊടുക്കുന്നതും ഉദ്ഘാടനം ചെയ്യുന്നതുമൊക്കെ ഒരാവേശത്തിൽ കയ്യടിക്കാനുള്ള വകുപ്പുണ്ടാക്കിയേക്കും. പക്ഷേ ആത്യന്തികമായി അതൊക്കെ കൂട്ടംകൂടി ചെയ്യുന്ന ഒരാൾക്കൂട്ട രസതന്ത്രത്തിന്റെ ഭാഗം തന്നെയാണ്.

ഇന്ത്യയിൽ പലയിടത്തും നാം കാണുന്ന ആൾക്കൂട്ട അതിക്രമങ്ങളുടെയും ആൾക്കൂട്ട നീതി നടപ്പാക്കലിന്റെയുമൊക്കെ മറ്റൊരു വേർഷനാണ് ഇത്. നിലവിലുള്ള സംവിധാനങ്ങളെയൊക്കെ ബൈപ്പാസ് ചെയ്ത് ആവേശക്കമ്മറ്റിക്കാർ ജനാധിപത്യ രീതികളേയും അതിന്റെ വ്യവസ്ഥകളെയുമൊക്കെ കയ്യിലെടുക്കുക. അവരുടെ രതിമൂർച്ചകൾക്ക് അനുയോജ്യമാകുന്ന രൂപത്തിൽ ഏഴര പതിറ്റാണ്ടിന്റെ വളർച്ചയിലൂടെ രൂപപ്പെട്ട ഒരു സിസ്റ്റത്തെ ഹൈജാക്ക് ചെയ്യുക.

കയ്യടിച്ച് പ്രോത്സാഹിപ്പിക്കേണ്ട ഒരു പണിയല്ല ഇതൊന്നും.. അരാഷ്ട്രീയ പ്ലാറ്റ്‌ഫോമുകളായി രംഗത്ത് വരുന്ന പല ആൾക്കൂട്ടങ്ങളും അവസാനം ചാണകക്കുഴിയിലെത്തുന്ന കാഴ്ച നാം നിരന്തരം കാണുന്നുണ്ട്. അതുകൊണ്ട് ആവേശം ഇത്തിരി കുറയ്ക്കുന്നതാണ് നല്ലത്..

സന്ദീപ് ബാലസുധ എഴുതിയ രണ്ട് വരി ട്രോൾ കൂടി ഇതിനോടൊപ്പം ചേർക്കുന്നുണ്ട്.

ഭാവിയിൽ തുമ്പയിലെ ലോഞ്ചിങ് പാഡിൽ കണ്ടേക്കാവുന്ന ഒരു സീൻ
'ഈ വാണം എന്റെ കൂടി നികുതിപ്പണം കൊണ്ട് ഉണ്ടാക്കിയതല്ലേ.. പണി തീർന്ന സ്ഥിതിക്ക് ഞാൻ അങ്ങ് വിട്ടേക്കാം' - - വാണംസ്4കൊച്ചി