ലഖ്‌നൗ: ഉത്തർപ്രദേശിൽ പൊലീസും ആർഎസ്എസ്, ബിജെപി പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. തങ്ങളുടെ ഒരു പ്രവർത്തകനോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് ആർഎസ്എസ് പ്രവർത്തകർ പൊലീസിനെ ആക്രമിക്കുകയായിരുന്നു. ഉത്തർപ്രദേശിലെ വൃന്ദാവനിലുള്ള കുംഭ് പ്രദേശത്താണ് സംഭവം. യമുനാ നദിയിൽ കുളിക്കാനിറങ്ങിയ ആർഎസ്എസ് ജില്ലാ പ്രചാരകായ മനോജ് കുമാറിനോട് പൊലീസ് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം.

കുളിക്കാനിറങ്ങിയ മനോജ് കുമാറിനെ പൊലീസ് തടഞ്ഞെന്നും മർദ്ദിച്ചെന്നും ആർഎസ്എസ് ആരോപിച്ചു. ഇതിന് പിന്നാലെ പ്രദേശത്ത് ആർഎസ്എസ്, ബിജെപി പ്രവർത്തകർ സംഘടിച്ചെത്തി പൊലീസിനെ ആക്രമിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വ്യപകമായാണ് ഇപ്പോൾ പ്രചരിക്കുന്നത്. രണ്ട്, മൂന്ന് യുവാക്കളായ പ്രവർത്തകർ പൊലീസുമായി തർക്കിക്കുന്നതും മറ്റൊരാൾ പൊലീസുകാരനെ ഹെൽമറ്റ് ഉപയോഗിച്ച് മർദ്ദിക്കുന്നതും വീഡിയോയിൽ കാണാം.

സംഘടിച്ചെത്തിയ ആർഎസ്എസ്, ബിജെപി പ്രവർത്തകർ പൊലീസിനെതിരെ മുദ്യാവാക്യം മുഴക്കി. പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി മെട്രോപൊളിറ്റൻ പ്രസിഡന്റ് വിനോദ് അഗർവാൾ നിരാഹാര സമരവും ആരംഭിച്ചു.