ലണ്ടൻ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിൽ ടെസ്റ്റ് പരമ്പര മത്സരങ്ങളുടെ തീയതി മാറ്റം സംബന്ധിച്ച റിപ്പോർട്ടുകൾ തള്ളി ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ്. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ നടക്കാനിരിക്കുന്ന അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയുടെ തീയതി മാറ്റവുമായി ബന്ധപ്പെട്ട് ബിസിസിഐയിൽ നിന്ന് ഔദ്യോഗിക അഭ്യർത്ഥനകളൊന്നും ലഭിച്ചിട്ടില്ലെന്ന് ഇസിബി അറിയിച്ചു

നേരത്തെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ഒരാഴ്ച മുന്നേ ആരംഭിക്കുവാൻ ബി.സി.സിഐ ആവശ്യപ്പെട്ടെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവന്ന സാഹചര്യത്തിലാണ് ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡിന്റെ (ഇ.സി.ബി) പ്രതികരണം.

''കോവിഡ്-19നുമായി ബന്ധപ്പെട്ട വിഷയങ്ങളടക്കം വിവിധ പ്രശ്നങ്ങളെ കുറിച്ച് ഞങ്ങൾ ബി.സി.സിഐയുമായി നിരന്തരം സംസാരിക്കാറുണ്ട്. എന്നാൽ തീയതി മാറ്റവുമായി ബന്ധപ്പെട്ട് ഔദ്യോഗിക അഭ്യർത്ഥനകളൊന്നും ലഭിച്ചിട്ടില്ല. അഞ്ചു മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര നേരത്തെ നിശ്ചയിച്ചതുപോലെ തന്നെയാണ് ആസൂത്രണം ചെയ്യുന്നത്.'' - ഇസിബി വക്താവ് അറിയിച്ചു.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ശേഷം ഓഗസ്റ്റ് നാലിനാണ് ഇംഗ്ലണ്ട് പരമ്പര ആരംഭിക്കുന്നത്. കോവിഡ് വ്യാപനത്തെ തുടർന്ന് താത്കാലികമായി റദ്ദാക്കിയ ഐ.പി.എൽ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇന്ത്യ ഇംഗ്ലണ്ട് പരമ്പര നേരത്തെയാക്കണമെന്ന് അഭ്യർത്ഥിച്ചതെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ട്.