മുംബൈ: ഇന്ത്യയുടെ പരിമിത ഓവർ ക്രിക്കറ്റ് ടീമിന്റെ നായക സ്ഥാനം വിരാട് കോഹ്ലി ഒഴിയുകയാണെന്നും പകരം രോഹിത് ശർമ ക്യാപ്റ്റനായി എത്തുമെന്നുമുള്ള റിപ്പോർട്ടുകൾ നിഷേധിച്ച് ബിസിസിഐ ട്രഷറർ അരുൺ ധുമൽ.

'അസംബമായ കാര്യങ്ങളാണിത്, അങ്ങനെ ഒന്നും സംഭവിക്കില്ല. ക്യാപ്റ്റൻസി വിഭജിക്കുന്നതിനെക്കുറിച്ച് ബി.സി.സിഐയിൽ ഒരു ചർച്ചയും നടന്നിട്ടില്ല', വിരാട് കോലി തന്നെ നായകനായി തുടരുമെന്നും അദ്ദേഹം ന്യൂസ് ഏജൻസിയായ ഐ.എ.എൻ.എസിനോട് പറഞ്ഞു.

യുഎഇയിൽ ഒക്ടോബർ- നവംബർ മാസങ്ങളിലായി നടക്കുന്ന ട്വന്റി 20 ലോകകപ്പിനുശേഷം നിലവിലെ നായകനായ വിരാട് കോലി ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം മാത്രം ഏറ്റെടുക്കുമെന്നും മറ്റ് രണ്ട് ഫോർമാറ്റുകളിലും ഇന്ത്യയെ രോഹിത് ശർമ്മ നയിക്കുമെന്നുമായിരുന്നു ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട്.

നായകസ്ഥാനം കൈമാറുന്നത് സംബന്ധിച്ച് രോഹിത്തും ടീം മാനേജ്മെന്റുമായി കോലി കഴിഞ്ഞ കുറച്ച് മാസങ്ങളായി ചർച്ച ചെയ്തുവരികയാണെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ബാറ്റിങ്ങിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നതിനുവേണ്ടിയാണ് കോലി ഈ തീരുമാനമെടുത്തത്. ട്വന്റി 20 ലോകകപ്പിന് പിന്നാലെ ഔദ്യോഗിക സ്ഥിരീകരണമുണ്ടാകുമെന്നുമായിരുന്നു റിപ്പോർട്ട്.

ബാറ്റിങിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കോഹ്ലിയുടെ നീക്കമെന്നും രോഹിത് ശർമ ഏകദിനത്തിലും ടി20യിലും ടീം ഇന്ത്യയെ നയിക്കുമെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. മൂന്ന് ഫോർമാറ്റിലെയും ക്യാപ്റ്റൻസി ബാറ്റിങിനെ ബാധിക്കുന്നതായാണ് കോഹ്ലിയുടെ വിലയിരുത്തൽ. 2022ലും 2023ലും നടക്കുന്ന ലോകകപ്പുകളിൽ ബാറ്റിങിൽ ടീമിന് കൂടുതൽ സംഭാവന നൽകാൻ ഇതിലൂടെ കോഹ്ലി ലക്ഷ്യമിടുന്നു എന്നും റിപ്പോർട്ടിലുണ്ടായിരുന്നു.

എന്നാൽ ഇത്തരമൊരു കാര്യം ബിസിസിഐയുടെ പരിഗണനയ്‌ക്കേ വന്നിട്ടില്ലെന്ന് ബിസിസിഐ ട്രഷറർ അരുൺ ധുമൽ പറഞ്ഞു. പ്രചരിക്കുന്ന വാർത്തകൾ തീർത്തും അസംബന്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

'ഇതെല്ലാം അസംബന്ധമാണ്. ക്യാപ്റ്റൻ സ്ഥാനം വിഭജിക്കുന്നത് സംബന്ധിച്ചാണ് നിങ്ങൽ പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്നാൽ ബിസിസിഐ ചർച്ച ചെയ്തിട്ടില്ല, ആലോചനയിൽ പോലും ഉണ്ടായിട്ടില്ല. എല്ലാ ഫോർമാറ്റിലും വിരാട് ക്യാപ്റ്റനായി തുടരും'- ധുമൽ വ്യക്തമാക്കി.

കോലിയും രോഹിത്തും നായകസ്ഥാനം പങ്കിടുന്നത് നേരത്തെയും വലിയ ചർച്ചയായിട്ടുണ്ട്.കഴിഞ്ഞ ഏകദിന ലോകകപ്പിന് ശേഷമാണ് കോലിയെ നായകസ്ഥാനത്ത് നിന്ന് നീക്കണമെന്ന വാദം ശക്തമായത്. അന്ന് ഇന്ത്യ സെമിയിൽ പുറത്തായിരുന്നു. മാത്രമല്ല, ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനൊപ്പമുള്ള കിരീടങ്ങളും രോഹിത്തിനെ ക്യാപ്റ്റനാക്കണമെന്നുള്ള വാദത്തിന് ശക്തി വർധിപ്പിച്ചിരുന്നു.

65 ടെസ്റ്റുകളിൽ ഇന്ത്യയെ നയിച്ച കോലി 38 ഉം 95 ഏകദിനങ്ങളിൽ 65 ഉം 45 ടി20കളിൽ 29 ഉം വിജയങ്ങൾ നേടി. എന്നാൽ ക്യാപ്റ്റൻസിയിൽ വിജയിക്കുമ്പോഴും സമീപകാലത്ത് ബാറ്റിഗിൽ കോലിക്ക് താളം നഷ്ടപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ ഇംഗ്ലണ്ട് പരമ്പരയിലുൾപ്പെടെ കോലിക്ക് ബാറ്റിങിൽ കാര്യമായ സംഭാവന ചെയ്യാനായിരുന്നില്ല.