കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ തോൽവിക്ക് പിന്നാലെ എൻഡിഎയിൽ പൊട്ടിത്തെറി. എൻഡിഎ സംസ്ഥാന കൺവീനർ സ്ഥാനം ഒഴിയാൻ ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി സന്നദ്ധത അറിയിച്ചു. ബിഡിജെഎസ് യോഗത്തിലാണ് തുഷാർ രാജിസന്നദ്ധത അറിയിച്ചത്.

തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ഭാഗത്ത് നിന്ന് ഉണ്ടായ അവഗണനയിൽ പ്രതിഷേധിച്ചാണ് തുഷാർ വെള്ളാപ്പള്ളി രാജിവെയ്ക്കാൻ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. അതേ സമയം ഘടകകക്ഷിയായ ബിഡിജെഎസിന് തിരഞ്ഞെടുപ്പിൽ വൻ വോട്ട് ചോർച്ച ഉണ്ടായത് കഴിഞ്ഞ ദിവസം നടന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിലും വിമർശന വിധേയമായിരുന്നു.

ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയുടെ ഘടകകക്ഷിയായ ബിഡിജെഎസിന് വൻ വോട്ട് ചോർച്ചയാണ് ഉണ്ടായത്. 2016നെ അപേക്ഷിച്ച് മിക്ക മണ്ഡലങ്ങളിലും 5,000 മുതൽ 10,000 ത്തിലേറെ വരെ വോട്ടുകളുടെ കുറവാണ് ഉണ്ടായത്. ബിജെപിയിൽനിന്ന് ഏറ്റെടുത്ത് മത്സരിച്ച പല മണ്ഡലങ്ങളിലും വൻ ഇടിവുണ്ടായി. തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ഭാഗത്ത് നിന്ന് ഉണ്ടായ അവഗണനയ്ക്ക് പുറമേ ഏകപക്ഷീമായി സീറ്റുകൾ ബിജെപി പിടിച്ചെടുത്തതും അണികളിൽ അതൃപ്തിക്ക് ഇടയാക്കി എന്നാണ് ബിഡിജെഎസ് വിലയിരുത്തൽ.

മത്സരിച്ച ഭൂരിപക്ഷം മണ്ഡലങ്ങളിലും 2016-ൽ ലഭിച്ചതിനേക്കാൾ വോട്ട് പകുതിയായി മാറി. ബിഡിജെഎസിന് മുന്നേറ്റം പോയിട്ട് ഉള്ളത് നിലനിർത്താൻ പോലും ആയില്ലെന്ന് കഴിഞ്ഞ ദിവസം ബിജെപി കോർകമ്മിറ്റി വിലയിരുത്തിയിരുന്നു.

അതേ സമയം തങ്ങളുടെ സ്ഥാനാർത്ഥികൾക്ക് ബിജെപി വോട്ടുകൾ ലഭിച്ചില്ലെന്ന ആക്ഷേപമാണ് ബിഡിജെഎസ് ഉയർത്തുന്നത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലെ കാലുവാരൽ നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിച്ചുവെന്നും ഈ രീതിയിൽ ഇനിയും മുന്നോട്ട് പോകാനാവില്ലെന്നാണ് നേതാക്കൾ പറയുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ ബിഡിജെഎസിന് ഒരു വാർഡിൽ പോലും ജയിക്കാനായിരുന്നില്ല. നിയമസഭാ തിരഞ്ഞെടുപ്പിൽ 21 സീറ്റുകളിലേക്കാണ് ബിഡിജെഎസ് എൻഡിഎ മുന്നണിയുടെ ഭാഗമായി മത്സരിച്ചിരുന്നത്.

ഇതിൽ ദയനീയമായ വോട്ട് ചോർച്ചയുണ്ടായത് മന്ത്രി എം.എം.മണി ജയിച്ച ഉടുമ്പൻചോലയിലാണ്. 2016-ൽ 21799 വോട്ടുകൾ ഇവിടെ നിന്ന് ബിഡിജെഎസിന് ലഭിച്ചിരുന്നു. ഇത്തവണ കിട്ടിയത് വെറും 7208 വോട്ട്.

ഇടുക്കിയിൽ 2016-ൽ ബിഡിജെഎസ് സ്ഥാനാർത്ഥിയായി മത്സരിച്ച ബിജു മാധവൻ 27403 വോട്ടുകൾ നേടിയിരുന്നു. ഇത്തവണ ഇടുക്കിയിൽ മത്സരിച്ച പാർട്ടി സ്ഥാനാർത്ഥി സംഗീത വിശ്വനാഥന് കിട്ടിയത് 9286 വോട്ടുകൾ.

പി.സി.ജോർജിനെ അട്ടിമറിച്ച് എൽഡിഎഫ് സ്ഥാനാർത്ഥി സെബാസ്റ്റ്യൻ കുളത്തുങ്കൽ ജയിച്ച പൂഞ്ഞാറിലും ബിഡിജെഎസ് വോട്ടുകൾ വലിയ രീതിയിൽ അപ്രത്യക്ഷമായി. കഴിഞ്ഞ തവണ പൂഞ്ഞാറിൽ ബിഡിജെഎസിന് 19966 വോട്ടുകൾ ലഭിച്ചപ്പോൾ ഇക്കുറി കിട്ടിയതാകട്ടെ 2965 വോട്ടുകൾ മാത്രം.

പാർട്ടിയുടെ ശക്തി കേന്ദ്രമായ ആലപ്പുഴ ജില്ലയിലും മത്സരിച്ചിടത്തെല്ലാം 5000 കൂടുതൽ വോട്ടുകളുടെ കുറവുണ്ടായി.

മന്ത്രി കെ.ടി.ജലീൽ ജയിച്ച തവനൂരിൽ 2016-ൽബിജെപിക്ക് 15801 വോട്ടുകളുണ്ടായിരുന്നു. എന്നാൽ ഇത്തവണ എൻഡിഎയുടെ ഭാഗമായി ബിഡിജെഎസ് സ്ഥാനാർത്ഥിയായി മത്സരിച്ച രമേശ് കോട്ടയപ്പുറത്തിന് കിട്ടിയത് 9914 വോട്ടുകൾ. 2564 വോട്ടുകൾക്ക് മാത്രമാണ് കെ.ടി.ജലീൽ ഇവിടെ നിന്ന് ജയിച്ചത്.

റാന്നിയിൽ കഴിഞ്ഞ തവണയും ഇത്തവണയും ബിഡിജെഎസ് സ്ഥാനാർത്ഥിയായി മത്സരിച്ച കെ.പത്മകുമാറിന് 2016-ൽ ലഭിച്ചതിനേക്കാൾ പതിനായിരത്തോളം വോട്ടിന്റെ കുറവുണ്ടായി. അരൂരിലും സമാനമായ സ്ഥിതിയാണുണ്ടായത്. 2016-ലും 2021ലും സ്ഥാനാർത്ഥിയായ ടി.അനിയപ്പന് പതിനായത്തോളം വോട്ടിന്റെ കുറവാണുണ്ടായത്.

മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ പരാജയപ്പെട്ട കുണ്ടറയിൽ ബിജെപിക്ക് 2016-ൽ 20257 വോട്ട് ലഭിച്ചിരുന്നു. ഇത്തവണ ബിഡിജെഎസ് സ്ഥാനാർത്ഥിയായി മത്സരിച്ച വനജ വിദ്യാധരന് ലഭിച്ചതാകട്ടെ 6097 വോട്ടുകളും. ഇവിടെ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ പി.സി.വിഷ്ണുനാഥിനോട് പരാജയപ്പെട്ടത് 4523 വോട്ടുകൾക്കാണ്.

കളമശ്ശേരിയിൽ 2016-ൽ ലഭിച്ചത് 24244 വോട്ടായിരുന്നെങ്കിൽ ഇക്കുറി കിട്ടിയത് 11179 വോട്ട്. ബിഡിജെഎസ് മത്സരിച്ച 21 സീറ്റിൽ 17 മണ്ഡലങ്ങളിൽ എൽഡിഎഫാണ് ജയിച്ചത്. നാലിടത്ത് യുഡിഎഫും ജയിച്ചു.

പാർട്ടി മത്സരിച്ച പല മണ്ഡലങ്ങളിലും ബിജെപി വോട്ടു മറിച്ചു എന്ന ആരോപണവും ബിഡിജെഎസ് ഉയർത്തുന്നുണ്ട്. ഇക്കാര്യങ്ങളിലുള്ള പ്രതിഷേധം ബിജെപി കേന്ദ്ര നേതൃത്വത്തെ ബിഡിജെഎസ് അറിയിക്കുമെന്നാണ് റിപ്പോർട്ടുകൾ. പ്രചാരണസമയത്ത് ബിജെപി ദേശീയ നേതാക്കൾ ബിഡിജെഎസ് സ്ഥാനാർത്ഥികൾ മത്സരിക്കുന്ന മണ്ഡലങ്ങളിൽ വരാതിരുന്നതും ഇരുപാർട്ടികളും തമ്മിലുള്ള മുറുമുറുപ്പ് വർധിപ്പിച്ചതായാണ് വിവരം.

തെരഞ്ഞെടുപ്പിനു തൊട്ടു മുമ്പ് സിപിഐയിൽനിന്നു വന്നയാളെ സ്ഥാനാർത്ഥിയാക്കിയപ്പോൾ കുട്ടനാട് ബിഡിജെഎസിന് ഉണ്ടായത് വൻ തിരിച്ചടി. കഴിഞ്ഞ തവണ സുഭാഷ് വാസു 33,000ൽ ഏറെ വോട്ടു നേടിയിടത്ത് ഇത്തവണ തമ്പി മേട്ടുതറയ്ക്കു നേടാനായത് പതിനയ്യായിരത്തിൽ താഴെ വോട്ടുകൾ മാത്രമാണ്.