മെൽബൺ: ബയോ സെക്യൂരിറ്റഇ പ്രോട്ടോക്കോളുകൾ ലംഘിച്ചതിന്റെ പേരിൽ വിമർശനം നേരിടുന്ന ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ സൈബർ ഇടത്തിലും പുലിവാല് പിടിച്ചു. കോവിഡ് മാനദണ്ഡം ലംഘിച്ച രോഹിത് ശർമ്മ, ശുഭ്മാൻ ഗിൽ, പൃഥ്വി ഷാ, റിഷഭ് പന്ത്, നവ്ദീപ് സൈനി എന്നിവർ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചിരുന്നു. എന്നാൽ ഈ വിവാദങ്ങൾ മറ്റൊരു തരത്തിലേക്ക് എത്തിച്ചിരിക്കുകയാണ് ഒരു കൂട്ടം ട്വിറ്ററാറ്റികൾ.

താരങ്ങൾ ഭക്ഷണത്തിന് വേണ്ടി കാത്തിരിക്കുന്ന വീഡിയോ ട്വിറ്ററിലൂടെ പുറത്തുവിട്ട ആരാധകനായ നവൽദീപ് സിങ് ഇന്ത്യൻ താരങ്ങളുടെ ബിൽ തുക താനാണ് അടച്ചതെന്നും അവകാശപ്പെട്ടിരുന്നു. ബിൽ കൊടുത്തെന്ന് അറിഞ്ഞപ്പോൾ പന്തും രോഹിത്തും അടുത്തേക്ക് വന്നതായും പന്ത് തന്നെ കെട്ടിപ്പിടിച്ചതായും ഇയാൾ ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ, പിന്നീട് അയാൾ അത് നിഷേധിക്കുകയും ചെയ്തു.

സിങ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച ബില്ലിന്റെ ചില ഭാഗങ്ങൾ കൈ കൊണ്ട് മറച്ച നിലയിലായിരുന്നു. എന്നാൽ ഇപ്പോൾ പുറത്തു വന്ന ഒരു ബില്ലാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്. ആധികാരിക ഉറപ്പിച്ച് പറയാൻ സാധിക്കാത്ത ആ ബില്ലിൽ താരങ്ങൾ ബീഫ് കഴിച്ചുവെന്നാരോപിച്ചാണ് ചിലർ സൈബർ ആക്രമണം നടത്തിയത്.

മൃഗസംരക്ഷണത്തിനും മൃഗങ്ങൾക്കെതിരായ ക്രൂരകൾക്കെതിരെയും രോഹിത് ശർമ പ്രതികരിച്ച പോസ്റ്റുകൾ കുത്തിപ്പൊക്കിയാണ് ചിലർ കളിയാക്കുന്നത്. രോഹിത് ശർമക്കെതിരെ ട്രേളുകളും പടച്ചുവിടുന്നുണ്ട്. അതേസമയം, ഇന്ത്യൻ, ഓസ്ട്രേലിയൻ സ്‌ക്വാഡുകളിലെ എല്ലാ അംഗങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി കർശന നിയന്ത്രണങ്ങളോടെ അഞ്ച് ഇന്ത്യൻ കളിക്കാർക്കും പ്രത്യേകം പരിശീലനം നൽകുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ മാധ്യമക്കുറിപ്പിൽ അറിയിച്ചു.