കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ എട്ടാം ഘട്ട വോട്ടെടുപ്പ് അവസാന മണിക്കൂറിൽ. വൈകുന്നേരം അഞ്ച് മണി വരെ 69.79 ശതമാനം പോളിങ് രേഖപ്പെടുത്തി. മാൽഡ, മുർഷിദാബാദ്, ബിർഭം, കൊൽക്കത്ത എന്നിവിടങ്ങളിലായി 35 സീറ്റുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.

വോട്ടെടുപ്പ് നടക്കുന്ന വിവിധ മണ്ഡലങ്ങളിൽ ബിജെപി, തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ വാക്കേറ്റവും കയ്യേറ്റവുമുണ്ടായതായി റിപ്പോർട്ടുകളുണ്ട്.

ഉത്തര കൊൽക്കത്തയിലെ മഹാജതി സദനു സമീപം ബോംബേറ് ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. ആർക്കും പരുക്കില്ല. തന്റെ കാർ ലക്ഷ്യമാക്കിയാണ് ബോംബ് എറിഞ്ഞതെന്ന് ജൊറസാകോ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി മീന ദേവി പുരോഹിത് ആരോപിച്ചു. 'എന്നെ കൊലപ്പെടുത്താൻ അവർ ശ്രമിച്ചു. വോട്ടർമാരെ ഭയപ്പെടുത്തുകയെന്ന തന്ത്രമായിരുന്നു അതിനു പിന്നിൽ' മീന ദേവി ആരോപിച്ചു.

ശശി പഞ്ജി, സാധൻ പാണ്ഡെ എന്നീ മന്ത്രിമാരും ഇന്ന് ജനവിധി തേടുന്നുണ്ട്. വോട്ടെടുപ്പുമായി ബന്ധപ്പെട്ട അക്രമങ്ങളുടെ ചരിത്രമുള്ള ബിർഭും ജില്ലയിലേക്കാണ് എല്ലാ കണ്ണുകളും. ഏപ്രിൽ 10 ന് നടന്ന നാലാം ഘട്ട വോട്ടെടുപ്പിനിടെ അക്രമത്തിൽ നാല് പേർ കൊല്ലപ്പെട്ടതിനെ തുടർന്ന് തിരഞ്ഞെടുപ്പ് താൽക്കാലികമായി നിർത്തിവച്ച കൂച്ച് ബെഹാറിലെ സിതാൽകുച്ചി മണ്ഡലത്തിലെ ബൂത്ത് നമ്പർ 126 ലും പോളിങ് നടക്കുന്നുണ്ട്.

ആകെ 285 സ്ഥാനാർത്ഥികൾ ജനവിധി തേടുന്ന ഈ ഘട്ടത്തിൽ മാൾഡ, മുർഷിദാബാദ്, ബിർബും, നോർത്തുകൊൽക്കത്ത തുടങ്ങിയ മേഖലകളിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്.

84 ലക്ഷത്തോളം സമ്മതിദായകർ 11,860 പോളിങ് ബൂത്തുകളിലാണ് വോട്ട് രേഖപ്പെടുത്തുന്നത്. സംയുക്ത മോർച്ചയ്ക്ക് ശക്തമായ വേരുകളുള്ള മുർഷിദാബാദ് മേഖലയിലെ 17 സീറ്റുകളിൽ ത്രികോണ പോരാട്ടമാണ് നടക്കുന്നത്. 641 കമ്പനി കേന്ദ്രസേനയെ ആണ് സംഘർഷങ്ങൾ ഒഴിവാക്കാൻ വിന്യസിച്ചിട്ടുള്ളത്.

മാർച്ച് 27 ന് ആരംഭിച്ച ബംഗാളിലെ എട്ട് ഘട്ടമായി നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഇന്ന് പോളിങ് പൂർത്തിയാകുന്നതോടെ അവസാനിക്കും. മെയ്‌ രണ്ടിനാണ് വോട്ടെണ്ണൽ.