കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് ശനിയാഴ്ച നടക്കും. 45 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക. 352 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. തൃണമൂൽ കോൺഗ്രസിനും മമതക്കും ഏറെ നിർണായകമാണ് ശനിയാഴ്ച വിധിയെഴുതുന്ന മണ്ഡലങ്ങൾ. 294 അംഗ ബംഗാൾ നിയമസഭയിലെ 135 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ആദ്യ നാല് ഘട്ടങ്ങളിലായി പൂർത്തിയായി കഴിഞ്ഞിരുന്നു.

45 മണ്ഡലങ്ങളിലെ അപ്രമാധിത്വം നഷ്ടമായാൽ റൈറ്റേഴ്‌സ് ബിൽഡിംഗിലെ മമതയുടെ ഇരിപ്പിടത്തിന് ഇളക്കം തട്ടും. 2016 ൽ 10 സീറ്റുകൾ നേടാൻ ഇടത് പക്ഷത്തിനും കോൺഗ്രസിനും സാധിച്ചിരുന്നു. അതുകൊണ്ട് തന്നെ സംയുക്ത മോർച്ചയും ശക്തമായ സ്ഥാനാർത്ഥികളെയാണ് രംഗത്തിറക്കിയിട്ടുള്ളത്.

സിപിഎം മുതിർന്ന നേതാവും സിലിഗുരി മുൻസിപ്പൽ കോർപ്പറേഷൻ മേയറും കൂടിയായ അശോക് ഭട്ടാചാര്യ ഇത്തവണ സിലിഗുരി മണ്ഡലത്തിൽ ജനവിധി തേടുന്നുണ്ട്. ജയസാധ്യത ഏറെയുള്ള സ്ഥാനാർത്ഥിയാണ് അശോക് ഭട്ടാചാര്യ. ദക്ഷിണ രണാഘട്ടിൽ നിന്നും രാമാ ബിശ്വാസ് വീണ്ടും ജനവിധി തേടുന്നുണ്ട്. 44 സീറ്റുകളിൽ 23 സീറ്റുകളിലാണ് സിപിഎം മത്സരിക്കുന്നത്.

സംസ്ഥാന മന്ത്രി ഭ്രത്യ ബസു, ബിജെപി നേതാവ് സമിക് ഭട്ടാചാര്യ എന്നിവരാണ് ഈ ഘട്ടത്തിൽ ജനവിധി തേടുന്നവരിൽ പ്രമുഖർ. അക്രമങ്ങൾ നേരിടാൻ 838 കമ്പനി കേന്ദ്ര സേനയാണ് സുരക്ഷാ ചുമതലയ്ക്ക് ഉള്ളത്.

അതിനിടെ അവസാന മൂന്ന് ഘട്ടങ്ങളിലെ വോട്ടെടുപ്പ് ഒന്നിച്ചാക്കണമെന്ന തൃണമൂൽ കോൺഗ്രസിന്റെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മിഷൻ തള്ളിയിരുന്നു. തിരഞ്ഞെടുപ്പ് ഒന്നിച്ചാക്കാനാവില്ലെന്ന് കമ്മിഷൻ രാഷ്ട്രീയ പാർട്ടികളെ അറിയിച്ചു. തിരഞ്ഞെടുപ്പ് ഒന്നിച്ചാക്കണമെന്ന മുഖ്യമന്ത്രി മമത ബാനർജിയുടെ ആവശ്യത്തെ ബിജെപിയും നേരത്തെ എതിർത്തിരുന്നു.

അതേസമയം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കമ്മിഷൻ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇന്നു മുതൽ രാത്രി എഴുമുതൽ രാവിലെ പത്തു വരെ പ്രചാരണം വിലക്കി. പ്രചാരണത്തിനുള്ള മാർഗനിർദ്ദേശം ലംഘിച്ചാൽ കേസെടുക്കുമെന്നും കമ്മിഷൻ മുന്നറിയിപ്പ് നൽകി.

എല്ലാ ഘട്ടത്തിനുമുള്ള നടപടികൾ പൂർത്തിയായതിനാൽ നിയമപരമായി ഇത് സാദ്ധ്യമല്ലെന്ന് കമ്മിഷൻ അറിയിച്ചു.ഇനി പതിനൊന്ന് ദിവസത്തെ പ്രചാരണമാണ് ബാക്കിയുള്ളത്. ഇനിയുള്ള ഘട്ടങ്ങളിലെല്ലാം പരസ്യപ്രചാരണം മൂന്നു ദിവസം മുമ്പ് അവസാനിപ്പിക്കും. പരമാവധി വിർച്ച്വൽ പ്രചാരണം നടത്തണം എന്ന് കമ്മിഷൻ നിർദ്ദേശിച്ചു.

റോഡ് ഷോകളും റാലികളും കുറയ്ക്കണം. ഇവ നടത്തുമ്പോൾ മാർഗനിർദ്ദേശം കർശനമായി പാലിക്കണം. ദുരന്തനിവാരണ നിയമപ്രകാരം രാഷ്ട്രീയപാർട്ടികൾക്കും നേതാക്കൾക്കും എതിരെ കേസെടുക്കും എന്ന മുന്നറിയിപ്പും കമ്മീഷൻ നൽകി.കമ്മീഷൻ അനാവശ്യ പിടിവാശി കാട്ടുന്നു എന്ന് തൃണമൂൽ കോൺഗ്രസ് തിരിച്ചടിച്ചു. എട്ട് ഘട്ടങ്ങളിലായുള്ള വോട്ടെടുപ്പ് അനാവശ്യമായിരുന്നു എന്ന് വ്യക്തമായതായും തൃണമൂൽ പ്രതികരിച്ചു.