കൊൽക്കത്ത: ബംഗാൾ സംഘർഷത്തെ ചൊല്ലി ബിജെപിയും മമത ബാനർജിയും തമ്മിലുള്ള പോര് കടുക്കുന്നു. സംഘർഷത്തെക്കുറിച്ചുള്ള റിപ്പോർട്ട് വൈകുന്ന സാഹചര്യത്തിൽ ഗവർണർ ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തി. സ്ത്രീകൾക്ക് സുരക്ഷയൊരുക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടുവെന്ന് ദേശീയ വനിത കമ്മിഷൻ കുറ്റപ്പെടുത്തി. നിയമസഭാ സമ്മേളനം ബിജെപി ബഹിഷ്‌ക്കരിച്ചു. എന്നാൽ ബിജെപി നേതൃത്വം പരാജയം അംഗീകരിക്കാൻ തയ്യാറാകണമെന്ന് മുഖ്യമന്ത്രി മമത ബാനർജി ആവശ്യപ്പെട്ടു. ബംഗാളിനോട് കേന്ദ്രം കടുത്ത വിവേചനം കാട്ടുന്നുവെന്നാണ് മമതയുടെ ആരോപണം. സത്യപ്രതിജ്ഞ ചെയ്ത് 24 മണിക്കൂർ പിന്നിടും മുമ്പേ അവർ കേന്ദ്രസംഘത്തെ അയച്ചു. ബിജെപി ജനവിധി അംഗീകരിക്കാൻ തയ്യാറല്ല, മമത പറഞ്ഞു. ഞാൻ ഒരിക്കലും അക്രമത്തെ പിന്തുണയ്ക്കില്ല. അവർ വ്യാജ വാർത്തകളും വ്യാജ വീഡിയോകളും പ്രചരിപ്പിക്കുകയാണ്, മമത കൂട്ടിച്ചേർത്തു

അതേസമയം, ബംഗാളിലെ ക്രമസമാധാനനില സംബന്ധിച്ച റിപ്പോർട്ട് നൽകണമെന്ന നിർദ്ദേശം ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള അഡീഷനൽ ചീഫ് സെക്രട്ടറി എച്ച് എസ് ദ്വിവേദി പാലിച്ചില്ലെന്ന് ഗവർണർ ജഗ്ദീപ് ധൻഖർ പറഞ്ഞു. സംസ്ഥാന പൊലീസ് മേധാവിയുടെയും കൊൽക്കത്ത കമ്മിഷണറുടെയും റിപ്പോർട്ടുകളും അഡീഷൻ ചീഫ്‌സെക്രട്ടറി കൈമാറിയില്ല. അഡീഷനൽ ചീഫ് സെക്രട്ടറിയുടെ നിലപാട് സ്ഥിതി വഷളാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവർണർ ചീഫ്‌സെക്രട്ടറിയെ വിളിച്ചുവരുത്തിയത്. ഇന്ന് രാത്രി 7 മണിക്ക് മുമ്പായി രാജ്ഭവനിൽ എത്തണമെന്നാണ് ഗവർണർ നൽകിയിരിക്കുന്ന നിർദ്ദേശം.

ദേശീയ വനിത കമ്മിഷൻ അധ്യക്ഷ രേഖ ശർമയുടെ നേതൃത്വത്തിൽ മൂന്നംഗസംഘം ബംഗാളിലെ സംഘർഷമേഖലകളിൽ സന്ദർശനം നടത്തിയിരുന്നു. സ്ത്രീകൾക്ക് സുരക്ഷയൊരുക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടുവെന്ന് വനിത കമ്മിഷൻ വ്യക്തമാക്കി. പല സ്ത്രീകൾക്കും ബലാൽസംഗ ഭീഷണി നിരന്തരം നേരിടേണ്ടിവരുന്നു. പെൺമക്കളുടെ സുരക്ഷയോർത്ത് സംസ്ഥാനം വിടാൻ ഒരുങ്ങിയിരിക്കുകയാണ് പല മാതാപിതാക്കളും. ഇരകൾക്ക് ഭയം മൂലം കാര്യങ്ങൾ തുറന്നു പറയാൻ കഴിയുന്നില്ലെന്നും വനിത കമ്മിഷൻ വ്യക്തമാക്കി.

പശ്ചിം മേദിനിപുരിൽ ബലാൽസംഗത്തിന് ഇരയായ ശേഷം കൊല്ലപ്പെട്ട സ്ത്രീയുടെ കുടുംബാംഗങ്ങളെ വനിത കമ്മിഷൻ അംഗങ്ങൾ കണ്ടു. ഇരകൾക്ക് നീതി ഉറപ്പാക്കുംവരെ നിയമസഭാ സമ്മേളനം ബഹിഷ്‌ക്കരിക്കാൻ ബിജെപി തീരുമാനിച്ചു. കുറ്റക്കാർക്കെതിരെ ഉടൻ നടപടിയെടുക്കണമെന്ന് അഭ്യർത്ഥിച്ച് മഹിള മോർച്ച ദേശീയ അധ്യക്ഷ വാനതി ശ്രീനിവാസന്റെ നേതൃത്വത്തിൽ ബിജെപി വനിത നേതാക്കൾ ഗവർണറെ കണ്ടു.

അതേസമയം, പശ്ചിമ ബംഗാളിലെ സംഘർഷ സ്ഥലം സന്ദർശിച്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയ സംഘം ഉടൻ റിപ്പോർട്ട് നൽകും. ഗവർണർ, ബംഗാൾ ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി , ഡിജിപി എന്നിവരുമായി സംഘം കൂടിക്കാഴ്ച നടത്തിയിരുന്നു. സൗത്ത്, നോർത്ത് 24 പർഗനാസ് ജില്ലകളിലെ സംഘർഷ സ്ഥലങ്ങളിലും പ്രതിനിധി സംഘം നേരിട്ടെത്തി.

രാഷ്ട്രീയ സംഘർഷങ്ങളെ കുറിച്ച് ഗവർണർ ജഗ്ദീപ് ദാൻകർ നൽകിയ റിപ്പോർട്ട് കൂടി പരിഗണിച്ചാകും സംഘം ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിക്കുക. സംഘർഷങ്ങളെ കുറിച്ച് വിശദമായ റിപ്പോർട്ട് മെയ് 10 ന് നൽകാൻ കൊൽക്കത്ത ഹൈക്കോടതിയും ഇന്നലെ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുവരെ 16 പേർ അക്രമങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് ബംഗാൾ സർക്കാർ വ്യക്തമാക്കുന്നത്.