കൊച്ചി: മയക്ക് മരുന്ന് കേസിൽ പിടിയിലായ അനൂപ് മുഹമ്മദ് ബെംഗളൂരുവിൽ ഉപയോഗിച്ചിരുന്ന കേരള രജിസ്ട്രേഷൻ ബുള്ളറ്റ് ബിനീഷ് കോടിയേരിയുടെ സുഹൃത്തായ ക്രിക്കറ്റ് താരത്തിന്റേത്. റെയിൽവേ ക്രിക്കറ്റ് താരമായ ജാഫർ ജമാലിന്റെ ബൈക്കാണിത്. ലോക്ഡൗൺ സമയത്ത് ബൈക്ക് ഹോട്ടലിൽ പെട്ടുപോയതാണെന്നും ബൈക്ക് അനൂപ് ഉപയോഗിച്ചിരുന്നതായി അറിയില്ലെന്നും ജാഫർ ജമാൽ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.മയക്കുമരുന്നുമായി അനൂപ് മുഹമ്മദ് പിടിയിലായ ഹോട്ടൽ റോയൽ സ്യൂട്ട്സിലാണ് KL 01 CC 55 എന്ന ബുള്ളറ്റ് ഉള്ളത്. ബൈക്ക് തന്റെ ഉപയോഗത്തിനായി ബെംഗളൂരുവിൽ എത്തിച്ചതാണെന്നും എന്നാൽ ഇത് ലോക്ഡൗണിനെ തുടർന്ന് തിരികെ കൊണ്ടുപോരാൻ കഴിഞ്ഞില്ലെന്നും റെയിൽവേ ക്രിക്കറ്റ് താരമായ ജാഫർ പ്രതികരിക്കുന്നത്,

ബെംഗുളൂരിവിൽ എത്തുമ്പോൾ ഈ ഹോട്ടലിൽ താമസിക്കാറുണ്ടെന്നും ഇവിടെ വെച്ച് അനൂപിനെ കണ്ടിട്ടുണ്ടെന്നും ജാഫർ പറഞ്ഞു. എന്നാൽ അനൂപ് തന്റെ ബുള്ളറ്റ് ഉപയോഗിച്ചിരുന്നതായോ വാഹനം എൻ സി ബി കസ്റ്റഡിയിലാണോ എന്ന് അറിയില്ലെന്നും ജാഫർ പ്രതികരിച്ചു. ജാഫർ നേരത്തെ ബിനീഷിന്റെ ബികെ 55 ക്ലബ്ബിൽ കളിച്ചിരുന്നു.ബിനീഷ് കോടിയേരിയും അനൂപ് മുഹമ്മദും തമ്മിലുള്ള ബന്ധത്തിന്റെ ആഴം തേടി കേന്ദ്ര ഏജൻസികൾ. ഇവർ തമ്മിൽ വർഷങ്ങളുടെ പരിചയമുണ്ടെന്നാണ് വിലയിരുത്തൽ. ബിനീഷിന്റെ അതിവിശ്വസ്തനായിരുന്നു അനൂപ്. അതുകൊണ്ടാണ് ബംഗളൂരു ഓപ്പറേഷനുകൾ അനൂപിനെ ബിനീഷ് ഏൽപ്പിച്ചതെന്നാണ് വിലയിരുത്തൽ. കൊച്ചിയിലെ സിനിമാ ഇടപെടലുകൾക്കിടെയാണ് അനൂപിനെ ബിനീഷ് പരിചയപ്പെട്ടത്. ചുരുങ്ങിയ നാൾ കൊണ്ട് വിശ്വസ്തനായി മാറുകയും ചെയ്തു.

കൊച്ചിയിലെ റെഡിമെയ്ഡ് വസ്ത്രശാലയുടെ മറവിൽ അനൂപിന് അന്നേ ചെറിയതോതിൽ ലഹരി ഇടപാടുകളുണ്ടായിരുന്നു. സിനിമാ മേഖലയിലേക്കും അനൂപ് ലഹരി എത്തിച്ചു. ഇതിനിടെയാണ് ബിനീഷുമായി പരിചയപ്പെടുന്നത്. സൗഹൃദത്തിന്റെ ആഴം കൂടിയതോടെ ഓപ്പറേഷനുകൾക്കും നിയോഗിച്ചു. ആദ്യ പരീക്ഷണം വലിയ വിജയമായി. ഇതോടെ അനൂപ് ബിനീഷന്റെ മനസ്സിലെ താരമായി. ബിനീഷിനു വേണ്ടപ്പെട്ട സിനിമാ നിർമ്മാണ സ്ഥാപനവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ അനൂപ് നടത്തിയത് നിർണ്ണായക നീക്കമാണ്. കേസ് കൂടാതെ കാര്യം സാധിച്ച അനൂപ് ഇതോടെ ബികെ ടീമിലെ പ്രധാനിയായി മാറി. ക്രിക്കറ്റും സിനിമയും ചേർത്തു പിടിച്ച് ബിനീഷ് മുന്നേറുമ്പോൾ ബിസിനസ്സിൽ അനൂപും അതിവേഗം വളർന്നു.

കൊച്ചിയിൽ ചെക്ക് വിഷയത്തിലെ ഇടപെടൽ അതിനിർണ്ണായകമായിരുന്നു. എംജി റോഡിലെ പ്രമുഖ ബാങ്ക് ശാഖയിൽ 5 ലക്ഷം രൂപയുടെ ചെക്കുമായി സിനിമാക്കമ്പനി ജീവനക്കാരനെത്തി. കാഷ്യർ അബദ്ധത്തിൽ 10 ലക്ഷം രൂപ നൽകാനിടയായി. പണവുമായി ജീവനക്കാരൻ പുറത്തിറങ്ങിയ ഉടൻ ബാങ്ക് മാനേജർ സിനിമാക്കമ്പനിയിൽ വിവരം അറിയിച്ചെങ്കിലും അധികം ലഭിച്ച 5 ലക്ഷം രൂപ തിരികെ നൽകാൻ അവർ തയാറായില്ല. നിയമനടപടി സ്വീകരിക്കുമെന്നു ബാങ്ക് മാനേജർ മുന്നറിയിപ്പു നൽകി. ഇതോടെ വിഷയത്തിൽ ബിനീഷിന്റെ ഇടപെടൽ എത്തി. മധ്യസ്ഥനായി നിയോഗിച്ചത് അനൂപിനെയാണ്.

പിന്നീട് ബാങ്ക് മാനേജരെ വിളിച്ചതു ബിനീഷ് കോടിയേരിയെന്നു സ്വയം പരിചയപ്പെടുത്തിയ ഒരാളാണ്. തന്റെ ഒരാൾ വന്നുകാണുമെന്നു പറഞ്ഞു. ഒരു മണിക്കൂറിനുള്ളിൽ അനൂപ് ബാങ്കിലെത്തി. ബിനീഷിനെ പിണക്കാതിരുന്നാൽ ബാങ്ക് ശാഖയ്ക്കുണ്ടാകാൻ പോകുന്ന സാമ്പത്തിക നേട്ടങ്ങളും പിണക്കിയാലുണ്ടാകുന്ന ദോഷങ്ങളും പറഞ്ഞു. ഒടുവിൽ, അബദ്ധം പറ്റിയ കാഷ്യർക്ക് 5 ലക്ഷം രൂപ ലോൺ അനുവദിച്ച് അവരുടെ ജോലി സംരക്ഷിക്കാനും ബാങ്കിന്റെ നഷ്ടം നികത്താനും മാനേജർ തയാറായി-മനോരമയാണ് ഈ വിശദാംശങ്ങൾ പുറത്തു വിടുന്നത്. ഇഡിയോടെ അനൂപും ഇത് സമ്മതിച്ചിട്ടുണ്ടെന്നാണ് സൂചന.

ലഹരിമരുന്ന് കച്ചവടക്കാരൻ അനൂപ് ബിനീഷിന്റെ ബെനാമിയാണെന്ന് ഇഡി വ്യക്തമാക്കുന്നു. ബെംഗളൂരുവിലെ അനൂപ് മുഹമ്മദിന്റെ ഇടപാടുകൾ ബിനീഷാണ് കേരളത്തിലിരുന്ന് നിയന്ത്രിച്ചത്. അനൂപിന്റെ അറസ്റ്റിന് തൊട്ടുമുൻപും അനൂപ് ബിനീഷിനെ വിളിച്ചിരുന്നു. ലഹരി ഇടപാടിനായി പണം വന്ന അക്കൗണ്ടുകൾ ബിനീഷിന്റെ അറിവിലുള്ളതാണ്. ബിനീഷിന്റെ നിർദ്ദേശത്തെ തുടർന്നാണ് 20പേർ ലഹരി മരുന്ന് ഇടപാടിന് പണം മുടക്കിയത് എന്ന് നേരത്തെ അറസ്റ്റിലായ അനൂപ് മുഹമ്മദ് മൊഴി നൽകിയിരുന്നു. ബിനീഷിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ആണ് ചുമത്തിയിരിക്കുന്നത്.

ബിനീഷ് കോടിയേരിയാണ് തന്റെ ബോസ് എന്ന് അനൂപ് മുഹമ്മദ് മൊഴി നൽകിയെന്നും ഇഡി പറയുന്നു. ബിനീഷ് പറഞ്ഞത് മാത്രമാണ് ചെയ്തതെന്നും അനൂപിന്റെ മൊഴിയിൽ പറയുന്നു. അനൂപിനു പണം നൽകിയെന്നു ബിനീഷ് സമ്മതിച്ചു. പണം നൽകിയതിന്റെ വിശദാംശങ്ങൾ നൽകിയില്ല. ബിനീഷ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ഇഡിയുടെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. അനൂപിന്റെ അക്കൗണ്ടുകൾ വഴി ബിനീഷ് കള്ളപ്പണം വെളുപ്പിച്ചു. ഇരുവരും തമ്മിലുള്ള ഇടപാടുകൾ വ്യക്തമായി വിശദീകരിക്കാൻ കഴിയാത്തതിനെ തുടർന്നാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ബിനീഷിനെ അറസ്റ്റ് ചെയ്തതെന്നാണ് ഇഡിയുടെ വിശദീകരണം. ബിനീഷിനെ ചോദ്യം ചെയ്യുന്നത് ബെംഗളൂരുവിൽ തുടരുകയാണ്.

അതിനിടെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ കൂടിയായ ബിനീഷ് കോടിയേരിയുടെ സ്വത്ത് വിവരങ്ങൾ തേടി ഇഡി നടപടികളുമായി മുമ്പോട്ട് പോകുകയാണ്. വിവരങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായി ഇഡി സംസ്ഥാന രജിസ്ട്രേഷൻ വകുപ്പിന് കത്ത് നൽകി. ഇഡി ആവശ്യപ്പെട്ട വിവരങ്ങൾ കൈമാറാൻ നിർദ്ദേശം നൽകിയതായി രജിസ്ട്രേഷൻ ഐജി വ്യക്തമാക്കി. എൻഫോഴ്സ് മെന്റ് ആവശ്യപ്പെട്ടതനുസരിച്ച് എല്ലാ ജില്ലാ രജിസ്ട്രേഷൻ ഓഫീസർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് രജിസ്ട്രേഷൻ വകുപ്പ് വ്യക്തമാക്കുന്നത്. ബിനീഷ് നൽകിയ സ്വത്ത് വിവരം ശരിയാണോയെന്നാണ് എൻപോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധിക്കുന്നത്.

ബെംഗളൂരു ലഹരി മരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ വ്യാഴാഴ്ചയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാവിലെ മുതൽ ചോദ്യംചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ബിനീഷിനെതിരെ നിർണ്ണായക വകുപ്പുകളും ചുമത്തി. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ (പിഎംഎൽഎ) വകുപ്പുകൾ പ്രകാരം കുറ്റം തെളിഞ്ഞാൽ 7 വർഷം വരെ തടവും 5 ലക്ഷം രൂപ പിഴയുമാണു സാധാരണ ശിക്ഷ. എന്നാൽ കള്ളപ്പണം സ്വരൂപിച്ചതോ വിനിയോഗിച്ചതോ ലഹരിമരുന്ന് ഇടപാടുകൾക്കു വേണ്ടിയാണെന്നു തെളിഞ്ഞാൽ തടവ് 10 വർഷമായി വർധിക്കും.അനൂപിന്റെ ലഹരി ഇടപാടുകളിൽ ബിനീഷ് നേരിട്ടോ അല്ലാതെയോ പണം മുടക്കിയതായി തെളിഞ്ഞാൽ ലഹരി പദാർഥ നിരോധന നിയമപ്രകാരം (എൻഡിപിഎസ്) കേസന്വേഷിക്കുന്ന നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയും (എൻസിബി) വകുപ്പ് 27(എ) പ്രകാരം ബിനീഷിനെതിരെ കേസ് രജിസ്റ്റർ ചെയ്യും. ഈ കുറ്റം തെളിഞ്ഞാൽ 10-20 വർഷം വരെ കഠിനതടവും 1-2 ലക്ഷം രൂപവരെ പിഴയുമാണു ശിക്ഷ. ഇഡി രേഖപ്പെടുത്തിയ ബിനീഷിന്റെ മൊഴികൾ എൻസിബി പരിശോധിക്കുന്നുണ്ട്.