തിരുവനന്തപുരം: താനറിയാതെ തന്റെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ കുഞ്ഞിനെ വീണ്ടെടുക്കാൻ വേണ്ടി അനുപമയുടെ പോരാട്ടം വിജയിക്കുകയാണ്. എന്നിട്ടും സൈബർ ലോകത്ത രൂക്ഷമായ തെറിവിളികളാണ് അവർക്ക് നേരിടേണ്ടി വരുന്നത്. സംഭവത്തൽ ശിശു ക്ഷേമ സമിതിയുടെ ഭാഗത്തു നിന്നും ഗുരുതര വീഴ്‌ച്ച ഉണ്ടായെന്നത് പകൽപോലെ വ്യക്തമാണ് എന്നിട്ടും ശിശുക്ഷേമ സമിതി സെക്രട്ടറി ഷിജു ഖാനെ അടക്കം സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ തുടരുന്നത്.

ഈ സംഭവത്തിൽ ശിശുക്ഷേമ സമിതി സെക്രട്ടറി ഷിജു ഖാനെതിരെ രൂക്ഷ വിമർശനവുമായി എഴുത്തുകാരൻ ബെന്യാമിൻ രംഗത്തെത്തി. അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ ശിശുക്ഷേമ സമിതിക്കും സി.ഡബ്ല്യു.സിക്കും വീഴ്ച സംഭവിച്ചതായി വകുപ്പുതല അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം. 'ഇനിയും നാണം കെട്ട ന്യായങ്ങൾ പറയാൻ നിൽക്കാതെ രാജി വച്ച് ഇറങ്ങി പോകണം മി. ഷിജു ഖാൻ' എന്നാണ് ബെന്യാമിൻ ഫേസ്‌ബുക്കിൽ കുറിച്ചത്.

ഇത്തരം പ്രവൃത്തികൾ സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് ഭംഗം വരുത്തുന്നതാണെന്നും ഇത്തരക്കാരെ വെച്ചു പൊറുപ്പിക്കരുതെന്നും ബെന്യാമിൻ പിന്നീട് ഒരു മാധ്യമത്തോട് പ്രതികരിച്ചു. ഷിജു ഖാന്റെ രാജിയിലൂടെ മാത്രം പ്രശ്‌നങ്ങൾ അവസാനിക്കുന്നില്ല, വിഷയത്തിൽ ഗൗരവമായ അന്വേഷണം വേണമെന്നും കുറ്റക്കാരായ എല്ലാവരെയും കണ്ടെത്തി തക്കതായ നടപടി സ്വീകരിക്കണെമെന്നും ബെന്യാമിൻ കൂട്ടിച്ചേർത്തു.

അതേസമയം ഷിജുഖാനെതിരെ പോസ്റ്റിട്ടതിന്റെ പേരിൽ സൈബർ സഖാക്കൾ ബെന്യാമിനെ വെറുതേ വിടുന്ന ലക്ഷണവുമില്ല. ബെന്യാമിനെ തെറി വിളിച്ചു കൊണ്ട് നിരവധി സൈബർ സഖാക്കളാണ് രംഗത്തുവന്നത്. ഷിജുഖാൻ എന്തിന് രാജിവെക്കണമെന്ന് പറയൂ എന്നാണ് ഇവരെടു ചോദ്യം.

അതേസമയം ദത്ത് തടയാൻ സി.ഡബ്ല്യു.സി ഇടപെട്ടില്ലെന്നും പൊലീസിനെ അറിയിച്ചില്ലെന്നുമാണ് വകുപ്പ്തല അന്വേഷണത്തിൽ കണ്ടെത്തിയത്. അനുപമയുടെ പരാതി ലഭിച്ചിട്ടും ദത്ത് നടപടികളുമായി മുന്നോട്ട് പോയി, ശിശുക്ഷേമ സമിതി രജിസ്റ്ററിൽ ഒരു ഭാഗം മായിച്ചു കളഞ്ഞിട്ടുണ്ട് തുടങ്ങി ദത്ത് നടപടികളിൽ ക്രമക്കേട് നടന്നെന്ന അനുപമയുടെ വാദങ്ങൾ ശരിവെക്കുന്നതാണ് പുതിയ കണ്ടെത്തൽ.

അനുപമ അവകാശവാദം ഉന്നയിച്ചിട്ടും ഇതവഗണിച്ച് ദത്ത് നടപടികൾ തുടർന്ന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാൻ. കുഞ്ഞ് ദത്ത് പോകുന്നതിന് മൂന്നര മാസം മുമ്പ് പതിനെട്ട് മിനിട്ട് മാതാപിതാക്കളുടെ സിറ്റിങ് നടത്തിയിട്ടും ദത്തിന് കൂട്ടു നിന്ന ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർപേഴ്‌സൺ അഡ്വ എൻ സുനന്ദ. ഇവരെല്ലാം കുറ്റാരോപിതരാണ്. കുഞ്ഞിനെ തട്ടിയെടുത്തെന്ന പരാതി അനുപമ നൽകിയിട്ടും ജയചന്ദ്രനും കൂട്ടാളികൾക്കും എതിരെ നാല് മാസം അനങ്ങാതിരുന്ന പേരൂർക്കട പൊലീസിനും ഒഴിഞ്ഞുമാറാൻ ആകില്ല.

അനുപമ തന്റെ കുഞ്ഞിനെ അന്വേഷിച്ച് ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ ഉത്തരവുമായി ശിശുക്ഷേമ സമിതിയിലെത്തിയത് ദത്തുകൊടുത്ത് നാലാം ദിവസമാണ്, അമ്മ അവകാശ വാദം ഉന്നയിക്കുമ്പോൾ അപ്പോൾ തന്നെ അഡോപ്ഷൻ കമ്മിറ്റി ചേർന്ന് ആന്ധ്രാ ദമ്പതികളോട് കുട്ടിയെ തിരിച്ചെത്തിക്കാൻ പറയേണ്ടതായിരുന്നു. ഓഗസ്റ്റ് ഏഴിനാണ് അനുപമയുടെ കുഞ്ഞിനെ ആന്ധ്രാദമ്പതികൾക്ക് ദത്ത് നൽകിയത്.

ഓഗസ്റ്റ് 11 ന് ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ ഉത്തരവുമായി അനുപമ ശിശുക്ഷേമ സമിതിയിലെത്തി. ഒക്ടോബർ 22ന് ആണ് തന്റെ കുഞ്ഞിനെ തട്ടിപ്പറിച്ച് കൊണ്ടുപോകുന്നതെന്നും അന്ന് രാത്രി 12.30 ന് കിട്ടിയ കുഞ്ഞായിരിക്കും തന്റേതെന്ന് അനുപമ അറിയിക്കുന്നു. ശിശുക്ഷേമ സമിതിയിലെത്തിയ അനുപമയ്ക്ക് ഒക്ടോബർ 23 ന് കിട്ടിയ രണ്ടാമത്തെ കുട്ടിയെ കാണിച്ച് കൊടുക്കുന്നു. ഒക്ടോബർ 22 ന് രാത്രി വൈകി കിട്ടിയ കുഞ്ഞ് ദത്ത് പോയെന്നും ഇനി ഒന്നും ചെയ്യാനാവില്ലെന്നും ശിശുക്ഷേമ സമിതി അനുപമയെ അറിയിക്കുന്നു. അനുപമ എത്തിയ ശേഷമാണ് ദത്ത് സ്ഥിരപ്പെടുത്താനുള്ള കോടതിയിലേക്കുള്ള ഹർജി ശിശുക്ഷേമ സമിതി കുടുംബ കോടതിയിൽ ഫയൽ ചെയ്യുന്നത്. അതും അനുപമയെത്തി ആറ് ദിവസത്തിന് ശേഷം ഓഗസ്റ്റ് 16 നുമാണ്.

കോടതിയിൽ നിന്നും ശിശുക്ഷേമ സമിതിയിൽ നിന്നുമുള്ള ഈ നിർണായക രേഖകൾ വകുപ്പു തല അന്വേഷണത്തിൽ കിട്ടി. ഒക്ടോബർ 22 ന് രാത്രി വൈകി കിട്ടിയ കുഞ്ഞ് അനുപമയുടേതാണെന്നറിഞ്ഞിട്ടും ആന്ധ്രാ ദമ്പതികളെ അറിയിച്ച് തിരിച്ച് കൊണ്ട് വന്ന് ഡിഎൻഎ പരിശോധന നടത്തുന്നതിന് പകരം ദത്ത് സ്ഥിരപ്പെടുത്താനുള്ള കോടതി നടപടിയിലേക്ക് ശിശുക്ഷേമ സമിതി കടക്കുകയായിരുന്നു. കുഞ്ഞിന്റെ അമ്മ അവകാശ വാദമുന്നയിച്ച സമയത്ത് ദത്ത് ഹർജി കോടതിയിൽ എത്തിയില്ല എന്നതിന്റെ തെളിവുകൾ ഷിജുഖാന് കുരുക്കാകും. അനുപമയുടെ കുഞ്ഞിനെ ശിശുക്ഷേമ സമിതിയിലും തൈക്കാട് ആശുപത്രിയിലും പെൺകുഞ്ഞാക്കിയതും വലിയ വീഴ്ചയാണുണ്ടായത്.

അതേസമയം, മനപ്പൂർവ്വം തന്നെയാണ് എല്ലാവരും ഇതിൽ ഇടപെട്ടിരിക്കുന്നതെന്നും ആന്ധ്ര ദമ്പതികളുടെ കണ്ണീരിനും ഇവർ തന്നെയാണ് ഉത്തരവാദിയെന്നും അനുപമ പ്രതികരിച്ചു. ആരോപണ വിധേയരായവരെ ഇനിയെങ്കിലും സർക്കാർ പുറത്താക്കണമെന്നും സമരം ശക്തമാക്കുമെന്നും അനുപമ കൂട്ടിച്ചേർത്തു.