ഇടുക്കി: കുമളി അട്ടപ്പള്ളത്ത് കഴിഞ്ഞ അഞ്ച് വർഷത്തിലേറെയായി പ്രവർത്തിച്ചിരുന്ന ബിവറേജസ് കോർപ്പറേഷന്റെ ഔട്ട്ലെറ്റ് കഴിഞ്ഞ പതിനഞ്ച് ദിവസങ്ങളായി അടഞ്ഞുകിടക്കുകയാണ്. നിലവിൽ ഔട്ട്ലെറ്റ് പ്രവർത്തിക്കുന്ന സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ കെട്ടിടത്തിൽ നിന്നും ബിവറേജസ് ഔട്ട്ലെറ്റ് മാറ്റാൻ ബിവറേജസ് കോർപ്പറേഷൻ ശ്രമിച്ചതോടെയാണ് ഔട്ട്ലെറ്റിന്റെ പ്രവർത്തനവും അവതാളത്തിലായത്.

ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ കെട്ടിടത്തിൽ പ്രതിമാസം ഒരുലക്ഷത്തി അയ്യായിരം രൂപ വാടക നൽകിയാണ് ബിവറേജസ് പ്രവർത്തിച്ചുവന്നത്. കോട്ടയം അയർകുന്നം വെയർഹൗസിന് കീഴിലുള്ള ബിവറേജ് ഔട്ട്ലെറ്റുകളിൽ ഏറ്റവുമധികം വാടക നൽകിയിരുന്നതും ഈ കെട്ടിടത്തിനായിരുന്നു.

2016 വരെ കുമളി ടൗണിൽ പ്രവർത്തിച്ചിരുന്ന ബിവറേജസാണ് ദേശീയ- സംസ്ഥാന പാതകൾക്ക് 500 മീറ്റർ ചുറ്റളവിൽ മദ്യശാലകൾ പാടില്ലെന്ന ഹൈക്കോടതി വിധിയെ തുടർന്ന് ഉള്ളിലേയ്ക്ക് മാറ്റേണ്ടി വന്നത്. കുമളി ടൗണിൽ നിന്നും ഔട്ട്ലെറ്റ് അഞ്ച് കിലോമീറ്റർ ഉള്ളിലേയ്ക്ക് മാറി അട്ടപ്പള്ളത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ കെട്ടിടത്തിലേയ്ക്ക് മാറ്റുകയായിരുന്നു. എന്നാൽ ടൗണിൽ നിന്നും ഇത്രയും ദൂരം മാറി ആളൊഴിഞ്ഞ പ്രദേശത്ത് ഔട്ട്ലെറ്റ് സ്ഥാപിച്ചതോടെ ബിവറേജസിലെ കച്ചവടവും ഇടിഞ്ഞു. ഭീമമായ വാടക കൂടിയായതോടെയാണ് കുമളി ടൗണിനോട് അടുത്ത് മറ്റൊരു കെട്ടിടത്തിന്റെ സാധ്യതകൾ ബിവറേജസ് കോർപ്പറേഷൻ അന്വേഷിച്ചത്.

ബിവറേജസ് കോർപ്പറേഷൻ കുമളി ഹോളിഡേ ഹോമിന് സമീപത്തായി കൂടുതൽ സൗകര്യത്തിൽ മറ്റൊരു കെട്ടിടം കണ്ടെത്തുകയും എക്സൈസ് വകുപ്പ് ലൈസൻസ് നൽകുകയും ചെയ്തെങ്കിലും പുതിയ ഔട്ട്ലെറ്റിന് ഇതുവരെ പ്രവർത്തനമാരംഭിക്കാൻ സാധിച്ചിട്ടില്ല. അവിടത്തെ ഒരു ലോക്കൽ കമ്മിറ്റി അംഗവും ബിവറേജിന് വേണ്ടി തന്റെ കെട്ടിടം വിട്ടുനൽകാൻ സന്നദ്ധത പ്രകടിപ്പിച്ച് കോർപ്പറേഷന് കത്ത് നൽകിയിരുന്നു. കുമളിയിൽ നിന്നും ആറ് കിലോമീറ്റർ ഉള്ളിൽ സ്പ്രിങ് വാലിയിലാണ് ആ കെട്ടിടം.

ഔട്ട്ലെറ്റിനായി ലോക്കൽകമ്മിറ്റി അംഗവും ആവശ്യമുന്നയിച്ചതോടെ പുതിയതായി കണ്ടെത്തിയ കെട്ടിടത്തിനെതിരെ പഞ്ചായത്തംഗം കൂടിയായ സിപിഎം ഏരിയാ കമ്മിറ്റി അംഗം രംഗത്തെത്തുകയും പുതിയ കെട്ടിടത്തിനെതിരെ വകുപ്പ് മന്ത്രിക്ക്‌ പരാതി നൽകുകയും ചെയ്തു. കോടതിയിൽ നിന്നും സ്റ്റേ വാങ്ങി ഔട്ട്ലെറ്റ് പുതിയ കെട്ടിടത്തിലേയ്ക്ക് മാറ്റുന്നത് തടയാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടർന്നാണ് മന്ത്രിക്ക്‌ പരാതി നൽകുന്നത്.

ഭരണകക്ഷിയുടെ പ്രാദേശിക നേതാക്കൾ തമ്മിൽ ഔട്ട്ലെറ്റിന് വേണ്ടി പിടിവലി കൂടുകയും മൂന്നാമതൊരു സ്ഥലത്ത് ആരംഭിക്കുന്നതിന് തടയിടുകയും ചെയ്തതോടെ പ്രതിദിനം എട്ട് ലക്ഷത്തോളം രൂപയുടെ കച്ചവടം നടന്നിരുന്ന ഔട്ട്ലെറ്റ് പതിനഞ്ച് ദിവസത്തോളമായി പൂട്ടിയിടേണ്ട അവസ്ഥയിലായി. പുതിയ കെട്ടിടത്തിന് സമീപം പ്രവർത്തിക്കുന്ന ബാറിനും കള്ളുഷാപ്പിനും കൂടി വേണ്ടിയാണ് ബിവേറജസ് ഔട്ട്ലെറ്റ് പുതിയ കെട്ടിടത്തിൽ വരാതിരിക്കാൻ സിപിഎം നേതാക്കൾ ശ്രമിക്കുന്നതെന്നും ആരോപണമുയർന്നിട്ടുണ്ട്. പൊന്ന് കായ്ക്കുന്ന മരമായ ബിവറേജസ് ഔട്ട്ലെറ്റ് കൈവിട്ടുപോകാതിരിക്കാൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും അത് പിടിച്ചെടുക്കാൻ ലോക്കൽ കമ്മിറ്റി അംഗവും പിടിവലി നടത്തുമ്പോൾ ബിവറേജസ് കോർപ്പറേഷന് സംഭവിക്കുന്നത് കോടികളുടെ നഷ്ടമാണ്.