തിരുവനന്തപുരം: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തൽ നടത്തിയ മുൻ ഡിജിപി ആർ ശ്രീലേഖയുടെ നടപടിക്കെതിരെ വിമർശനം മുറുകുന്നു. നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിന് അറിഞ്ഞോ അറിയാതെയോ പങ്കുണ്ടെന്ന് കരുതുന്നില്ലെന്ന് പറഞ്ഞ മുൻ ഡിജിപി ആർ ശ്രീലേഖയെ വിമർശിച്ച് ഡബിങ് ആർടിസ്റ്റ് ഭാഗ്യലക്ഷ്മിയും സിനിമാ രംഗത്തുള്ളവരുംരംഗത്തുവന്നു.

സോഷ്യൽമീഡിയയിൽ വൈറലാകാനാണ് ശ്രീലേഖയുടെ ശ്രമമെന്ന് ഭാഗ്യലക്ഷ്മി പ്രതികരിച്ചു. ശ്രീലേഖയെ നേരിട്ട് പ്രതിഷേധം അറിയിച്ചു. അതിജീവിതയെ കാണാൻ പോലും ശ്രീലേഖ തയ്യാറായില്ലെന്നും ഭാഗ്യലക്ഷ്മി ആരോപിച്ചു.

ദിലീപിനെതിരെ തെളിവുകൾ ഇല്ലാത്തതിനാലാണ് പുതിയ കേസ് എടുത്തതെന്നാണ് ശ്രീലേഖയുടെ വെളിപ്പെടുത്തൽ. പൾസർ സുനി നേരത്തെയും നടിമാരെ തട്ടിക്കൊണ്ടുപോയി മൊബൈലിൽ ചിത്രങ്ങൾ പകർത്തി അവരെ ബ്ലാക് മെയിൽ ചെയ്തിട്ടുണെന്നും ശ്രീലേഖ ആരോപിച്ചു. ദിലീപിന് പങ്കുണ്ടെന്ന് താൻ ആദ്യം കരുതിയെന്നും പൾസർ സുനി ക്വട്ടേഷൻ എടുത്തിരുന്നെങ്കിൽ ആദ്യമേ അത് തുറന്നുപറയാനുള്ള സാഹചര്യമായിരുന്നെന്നും ആർ ശ്രീലേഖ പറഞ്ഞു. യുട്യൂബ് ചാനലിലൂടെയാണ് ശ്രീലേഖയുടെ വെളിപ്പെടുത്തൽ.

ദിലീപിന് കത്തെഴുതിയത് പൾസർ സുനിയല്ല. അത് താൻ എഴുതിയതല്ലെന്ന് സുനി തന്നെ സമ്മതിച്ചിട്ടുണ്ട്. സഹതടവുകാരനാണ് ആ കത്ത് എഴുതിയത്. ദിലീപും പൾസർ സുനിയും തമ്മിൽ കണ്ടതിന് തെളിവില്ല. ഇരുവരും തമ്മിലുള്ള ചിത്രം പൊലീസ് വ്യാജമായി നിർമ്മിച്ചതാണ്. ഇക്കാര്യം പൊലീസ് ഉദ്യോഗസ്ഥർ തന്നെ തന്നോട് വ്യക്തമാക്കിയിട്ടുണ്ടെന്ന് ശ്രീലേഖ പറഞ്ഞു.

ശ്രീലേഖ ഐപിഎസിന്റെ വാക്കുകൾ;

2017 ഫെബ്രുവരി മാസം നടിയെ ആക്രമിച്ച സംഭവം നടന്നത് എല്ലാവർക്കുമറിയാമല്ലോ. ആ സമയത്ത് ഞാൻ ജയിൽ വകുപ്പ് മേധാവിയായിരുന്നു. ഈ സംഭവത്തിന്റെ വിശദവിവരങ്ങൾ പുറത്തുവരാൻ തുടങ്ങിയപ്പോൾ ഒരു സംശയവും തോന്നിയിരുന്നില്ല. പ്രതിയായ പൾസർ സുനിക്ക് നേരത്തെ മോശമായ പശ്ചാത്തലമുണ്ട്. എറണാകുളത്ത് ഏറെ നാൾ ജോലി ചെയ്ത എനിക്കിതറിയാമായിരുന്നു.

എനിക്ക് വളരെ അടുപ്പമുള്ള രണ്ട് മൂന്ന് നടിമാർ ഇയാളെ കുറിച്ച് എന്നോട് പറഞ്ഞിട്ടുണ്ട്. പല രീതിയിലും ഇയാൾ പലതും പറഞ്ഞ് അടുത്തൂകൂടി, ഡ്രൈവർ ആയും മറ്റും പലരുടെയും വിശ്വാസ്യത മുതലെടുത്തു. ഈ നടിമാരെ പൾസർ സുനി തട്ടിക്കൊണ്ടുപോയി ,മൊബൈലിൽ ചിത്രങ്ങൾ പകർത്തി അവരെ ബ്ലാക് മെയിൽ ചെയ്ത കാര്യം എന്നോട് പറഞ്ഞിട്ടുണ്ട്.

എന്തുകൊണ്ട് ഇത് പൊലീസിൽ പറഞ്ഞില്ലെന്നും പരാതിപ്പെട്ടില്ലെന്നും ഒന്ന് രണ്ട് പേരോട് ആ സമയത്ത് തന്നെ ഞാൻ ചോദിച്ചിട്ടുണ്ട്. കരിയർ ഓർത്തും കേസിന് പുറകേ പോകണമെന്നും ഓർത്ത് പണം കൊടുത്ത് അയാളെ സെറ്റ് ചെയ്‌തെന്നാണ് അവർ പറഞ്ഞത്. ഇയാളുടെ സ്വഭാവം നേരത്തെ അറിയാമായിരുന്നതുകൊണ്ട് 2017ലെ സംഭവത്തെ കുറിച്ച് എനിക്കൊരു സംശയവുമില്ല. കേസിലെ ആറുപ്രതികളിൽ നാല് പേരെ നേരത്തെ പിടിച്ചിരുന്നു.

പൊലീസ് പൾസർ സുനിയെ കൈകാര്യം ചെയ്തതൊക്കെ എനിക്കോർമയുണ്ട്. അന്വേഷണത്തിനിടെ കേസ് തെളിയുന്നു, പ്രതികൾ അറസ്റ്റിലാകുന്നതും ഒക്കെ കണ്ടു. രണ്ടാഴ്ചയോളം പൊലീസ് കസ്റ്റഡിയിലായിരുന്നു പ്രതികൾ. പൾസർ സുനിയെ അന്ന് പൊലീസ് കൈകാര്യം ചെയ്ത രീതി നോക്കിയാൽ, അയാളെ കൊണ്ട് മറ്റൊരാൾ ചെയ്യിച്ചതാണിതൊക്കെ എന്നുണ്ടെങ്കിൽ അയാളത് പറയുമായിരുന്നു. അപ്പോൾ തന്നെ പറയുമായിരുന്നു. അത് എല്ലാ പൊലീസുകാർക്കും അറിയാമായിരുന്നു. പക്ഷേ അയാളത് പറഞ്ഞില്ല.

ഇവർ ക്വട്ടേഷൻ സംഘങ്ങളാണോ എന്നതിൽ സംശയമുണ്ട്. സ്വയം കാശുണ്ടാക്കാൻ സ്വയം തന്നെയാണ് പല കാര്യങ്ങളും ഇവർ മുൻപും ചെയ്തിട്ടുള്ളത്. ക്വട്ടേഷൻ അല്ല. ഇവർ അറസ്റ്റിലായി മൂന്ന് മാസങ്ങൾക്ക് ശേഷമാണ് ഗൂഢാലോചന വാർത്ത പുറത്തുവരുന്നത്. ജയിലിൽ കിടക്കുമ്പോൾ സുനിയുടെ സഹതടവുകാരൻ ദീലീപിന്റെ സുഹൃത്ത് നാദിർഷയെ ഫോണിൽ വിളിച്ചുവെന്നാണ് ആദ്യ കണ്ടെത്തൽ.ജയിലിൽ കിടന്ന് ഫോൺ ചെയ്യാൻ ഒരിക്കലും കഴിയില്ല. സുനി ഇത് കോടതിയിൽ പോയപ്പോൾ കടത്തിക്കൊണ്ടുവന്നതാണെന്നാണ് സഹതടവുകാരൻ പറഞ്ഞത്...'.ഇതിനൊരിക്കലും ഇടയില്ല എന്നും ശ്രീലേഖ ഐപിഎസ് പറഞ്ഞു.

ജയിലിൽ നിന്ന് പൾസർ സുനി ദിലീപിന് ഒരു കത്ത് എഴുതി എന്ന രേഖ പുറത്ത് വന്നു. സുനി എഴുതുന്നു എന്ന് പറഞ്ഞ് ഒരുപാട് കാര്യങ്ങൾ അതിനകത്ത് എഴുതിയിട്ടുണ്ട്. കാശ് തരാമെന്ന് പറഞ്ഞല്ലോ അത് അഞ്ചു പ്രാവശ്യമായി തന്നാൽ മതി. അത്യാവശ്യമായിട്ട് എനിക്ക് മുന്നൂറ് രൂപ അയച്ചുതരണം മണി ഓർഡറായിട്ട്. എന്നൊക്കെയാണ് അതിനകത്ത് എഴുതിയിരിക്കുന്നത്. അതിൽ ഭയങ്കരമായിട്ട് പടർന്നിരിക്കുന്ന കഥ ഒന്നര രൂപ കോടിയുടെ ക്വട്ടേഷനാണ് എത്രയോ വർഷങ്ങൾക്ക് മുമ്പ് 2012ലോ 2013നോ ആണ് ഏൽപ്പിച്ചിരുന്നത് ഇവനെ. സമയമൊത്ത് വന്നപ്പോൾ ക്വട്ടേഷൻ നടത്തുകയും പതിനയ്യായിരം രൂപ അയാൾക്ക് അഡ്വാൻസായി നൽകിയെന്നും.

നടി നടന്മാരുടെ സംഘടന ചേർന്ന ഈ സംഭവത്തെ അപലപിച്ച സമയത്ത് ആദ്യമായി ഒരാൾ ഒരു ഗൂഢാലോചനയുണ്ടെന്ന് പറയുകയും പെട്ടെന്ന് ഒരു ദിവസം പത്രങ്ങളിലൂടെ ദിലീപ് എന്ന നടന്റെ പേര് കേൾക്കുകയും ചെയ്തു. ഇങ്ങനെയൊരാൾ ചെയ്യോ എന്ന് സംശയമുണ്ടായിരുന്നു. പെട്ടന്നുള്ള ഉയർച്ചയിൽ ഒരുപാട് ശത്രുക്കളുണ്ടായിരുന്നു.