കൊച്ചി: സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കെ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് കൊച്ചിയിൽ അമൽ നീരദ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമായ ഭീഷ്മ പർവ്വത്തിന്റെ ഷൂട്ടിങ്. മട്ടാഞ്ചേരി ബസാർ റോഡിന് സമീപത്തുള്ള ഒരു ഗോഡൗണിലാണ് ഷൂട്ടിങ് നടന്നത്.

കർശന നിയന്ത്രണങ്ങൾ നിലനിൽക്കെയാണ് മമ്മൂട്ടി ഉൾപ്പെടെ അഭിനേതാക്കളും സംഘവും ഇവിടെയെത്തി ഷൂട്ടിങ് നടത്തിയത്. ഇത് സംബന്ധിച്ച് പൊലീസിനോട് വിവരം തിരക്കിയപ്പോൾ അറിയില്ലെന്നായിരുന്നു ആദ്യ പ്രതികരണം.

വിവരം മഞ്ചാഞ്ചേരി സിഐയുടെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ ഷൂട്ടിംഗിന് അനുമതി ലഭിച്ചിട്ടില്ലെന്നും പൊലീസ് സ്ഥലത്തെത്തി ഷൂട്ടിങ് നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടുവെന്നും മറുനാടനോട് പ്രതികരിച്ചു. ഷൂട്ടിങ് നടക്കുന്ന വിവരം പൊലീസ് കൺട്രോൾ റൂമിൽ നിന്നും അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്ത് എത്തുകയും ഷൂട്ടിങ് നിർത്തിവയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

എതെങ്കിലും തരത്തിൽ അനുമതി നൽകിയിരുന്നോ എന്ന് ഷൂട്ടിങ് സംഘത്തിലുള്ളവരോട് പൊലീസ് ചോദിച്ചപ്പോൾ അനുമതി ലഭിച്ചിട്ടില്ലെന്ന് പറഞ്ഞുവെന്നും മട്ടാഞ്ചേരി സി ഐ മറുനാടൻ മലയാളിയോട് പ്രതികരിച്ചു.

ഷൂട്ടിങ് നിർത്തിവയ്ക്കാൻ പൊലീസ് ആവശ്യപ്പെട്ടുവെന്നും കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചിട്ടുണ്ട് എങ്കിൽ അവർക്കെതിരെ കേസെടുക്കും എന്ന് അറിയിച്ചു. എന്നാൽ പൊലീസ് എത്തി മുന്നറിയിപ്പ് നൽകിയിട്ടും ഷൂട്ടിങ് തുടർന്നതായാണ് വിവരം.



കോഴിക്കോട് മെയ്‌ത്ര ആശുപത്രിയിൽ റോബോട്ടിക് ശസ്ത്രക്രിയയുടെ ഉദ്ഘാടനത്തിന് എത്തിയപ്പോൾ ആൾക്കൂട്ടമുണ്ടായതിന്റെ പേരിൽ മമ്മൂട്ടിക്ക് എതിരെ എലത്തൂർ പൊലീസ് കേസെടുത്തിരുന്നു. ഈ കേസ് നിലനിൽക്കെയാണ് ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് മട്ടാഞ്ചേരിയിൽ ഷൂട്ടിംഗിൽ മമ്മൂട്ടി പങ്കെടുത്തത്.



ഗുരുതരമായ നിയമലംഘനം നടന്നത് ശ്രദ്ധയിൽ പെടുത്തിയപ്പോഴും അറിഞ്ഞില്ലെന്നായിരുന്നു പൊലീസിന്റെ മറുപടി. പിന്നീടാണ് പൊലീസ് സ്ഥലത്തെത്തിയതടക്കമുള്ള വിവരങ്ങൾ വെളിപ്പെടുത്തിയത്.

മട്ടാഞ്ചേരി പൊലീസ് സ്‌റ്റേഷനിൽ നി്ന്നും കേവലം 500 മീറ്റർ ദൂരത്തുള്ള സ്ഥലത്ത് ഷൂട്ടിങ് നടത്തുകയും നിരത്ത് കൈയേറി വാഹനം പാർക്ക് ചെയ്യുകയും ഉണ്ടായിട്ടും പൊലീസ് അജ്ഞത നടിച്ചത് സംശയം ജനിപ്പിക്കുന്നതാണ്. ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണോ സമ്പൂർണ ലോക്ഡൗൺ ദിനത്തിൽ ഷൂട്ടിങ് നടത്തിയത് എന്ന് സംശയം ഉയർത്തുന്നാണ് പൊലീസിന്റെ നിസംഗത.

സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ മറുനാടൻ മലയാളിയുടെ റിപ്പോർട്ടറോട് ഷൂട്ടിങ് സ്ഥലത്ത് ഉണ്ടായിരുന്ന ഒരു യുവനേതാവ് തട്ടിക്കയറുകയും ഭീഷണി മുഴക്കുകയും ചെയ്തു. യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി എന്നാണ് ഇയാൾ സ്വയം പരിചയപ്പെടുത്തിയത്.

ഞായറാഴ്ച ദിനത്തിലെ സമ്പൂർണ ലോക്ഡൗണിന്റെ പേരിൽ സാധാരണക്കാർക്ക് വഴി നടക്കാൻ പോലും അവകാശം നിഷേധിക്കുകയും, അവശ്യ സാധനം വാങ്ങാൻ പുറത്തിറങ്ങുന്നവരിൽ നിന്നു പോലും പെറ്റി ചുമത്തുകയും ചെയ്യുമ്പോഴും പൊതു ഗതാഗതത്തിനുള്ള റോഡ് തടസ്സപ്പെടുത്തിയും ആൾക്കൂട്ടത്തെ പങ്കെടുപ്പിച്ച് ഷൂട്ടിങ് നടത്തുകയും ചെയ്തിട്ടും കർശന നടപടി സ്വീകരിക്കുവാൻ പൊലീസ് തയ്യാറായിട്ടില്ല. പൊതുജനങ്ങളെ ബോധ്യപ്പെടുത്താൻ വേണ്ടി, കേവലം ഷൂട്ടിങ് സ്ഥലം സന്ദർശിച്ച് മുന്നറിയിപ്പ് നൽകി മടങ്ങുക മാത്രമാണ് പൊലീസ് ചെയ്തത്.

ബിഗ് ബി'ക്ക് എന്ന സിനിമയ്ക്ക് ശേഷം മമ്മൂട്ടി അമൽ നീരദ് കൂട്ടുകെട്ട് 14 വർഷങ്ങൾക്ക് ശേഷം ഒരുമിക്കുന്ന ചിത്രമാണ് 'ഭീഷ്മ പർവ്വം. ദേവദത്ത് ഷാജി, രവി ശങ്കർ , ആർ ജെ മുരുകൻ എന്നിവർ ചേർന്നാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, അനസൂയ ഭരദ്വാജ്, മാല പാർവ്വതി, ശ്രീനാഥ് ഭാസി, ലെന എന്നിവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കൾ.