തിംഫു: കോവിഡ് രണ്ടാം തരംഗത്തിൽ ഓക്‌സിജൻ ക്ഷാമം ഗുരുതരമായ ഇന്ത്യയ്ക്ക് ഭൂട്ടാനിൽ നിന്ന് സഹായമെത്തുന്നു. ഭൂട്ടാനിൽ നിന്ന് ലിക്വിഡ് ഓക്‌സിജൻ എത്തുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. അസമിലെ ഇന്ത്യൻ അതിർത്തിക്കടുത്ത് പുതുതായി പ്രവർത്തനമാരംഭിച്ച മൊട്ടംഗ ഇൻഡസ്ട്രിയിൽ എസ്റ്റേറ്റിൽ നിന്നാകും ഓക്‌സിജൻ എത്തിക്കുക. ദിവസം 40 മെട്രിക്ക് ടൺ ലിക്വിഡ് ഓക്‌സിജൻ ഇന്ത്യക്ക് നൽകാനാണ് ഭൂട്ടാന്റെ തീരുമാനം.

കൊവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യ വിജയിക്കുമെന്ന് ആശംസിച്ച ഭൂട്ടാൻ എല്ലാ വിധ സഹായങ്ങളും നൽകുമെന്നും വ്യക്തമാക്കിയതായി എംബസി അറിയിച്ചു. കോവിഡ് പോരാട്ടത്തിൽ ഇന്ത്യക്ക് കരുത്തുപകരാനാണ് ഓക്‌സിജൻ സഹായമായി നൽകുന്നതെന്നും അവർ പറഞ്ഞു. ഇന്ത്യ-ഭൂട്ടാൻ ബന്ധം എക്കാലത്തും ഊഷ്മളമായിരിക്കാൻ ഇത് സഹായകമാകുമെന്നും എംബസി പ്രതികരിച്ചു.