പട്‌ന: ബിഹാർ തെരഞ്ഞെടുപ്പിൽ മഹാസഖ്യം വിജയത്തിന്റെ വക്കിൽ നിന്നും പിന്നോട്ടു പോകാൻ ഇടയാക്കിയത് കോൺഗ്രസിന്റെ മോശം പ്രകടനമായിരുന്നു എന്നതാണ് പൊതുവേയുള്ള വിലയിരുത്തിൽ. എന്നാൽ, വാസ്തവം പരിശോധിച്ചാൽ പുറമേ ഇക്കാര്യം ശരിയാണെന്ന് തോന്നുമെങ്കിലും കോൺഗ്രസ് തങ്ങൾക്ക് സംഘടനാ സംവിധാനമുള്ളടത്താണ് വിജയിച്ചത് എന്ന് വ്യക്തമാകും. അതേസമയം കോൺഗ്രസിന് മത്സരിക്കാൻ കിട്ടിയ സീറ്റുകൽ കാലങ്ങളായി എൻഡിഎ വിജയിച്ചു പോന്ന സീറ്റുകളാണ്. ആർജെഡി മത്സരിച്ചാലും തോൽക്കുമെന്ന് ഉറപ്പുള്ള സീറ്റുകളാണ് കോൺഗ്രസിന് മത്സരിക്കാനായി കിട്ടിയത്. തോൽക്കുമെന്ന് ഉറപ്പുള്ള സീറ്റുകളായതു കൊണ്ടാണ് തോൽവിയെന്നാണ് കോൺഗ്രസ് പ്രവർത്തകർ പറയുന്നത്.

മഹാസഖ്യത്തിന്റെ തോൽവിക്കു കാരണമായതു തങ്ങളാണെന്ന ആരോപണം തള്ളിക്കൊണ്ടാണ് കോൺഗ്രസ് നേതാക്കളുടെ വാക്കുകൾ. മത്സരിക്കാൻ കിട്ടിയ പകുതിയിലേറെ സീറ്റുകൾ കഴിഞ്ഞ 2 പതിറ്റാണ്ടുകളിൽ കോൺഗ്രസ് ജയിച്ചിട്ടേയുള്ളതല്ല അവർ ചൂണ്ടിക്കാട്ടുന്നു. 2015 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 41 സീറ്റിൽ മത്സരിച്ച് 27 സീറ്റിൽ കോൺഗ്രസ് ജയിച്ചിരുന്നു. ഇത്തവണ അതിൽ 23 സിറ്റിങ് സീറ്റുകളിലാണു മത്സരിച്ചത്. 4 സീറ്റുകൾ ആർജെഡിക്കും ഇടതിനുമായി വിട്ടുകൊടുത്തു. ആർജെഡിയുടെ 2 സിറ്റിങ് സീറ്റുകൾ കോൺഗ്രസിനു മത്സരിക്കാൻ കിട്ടി. പ്രചാരണത്തിനിടെ, രാഹുൽ ഗാന്ധിയുടെ റാലികൾക്ക് ആവേശകരമായ പ്രതികരണമുണ്ടായില്ല എന്ന നിരാശ പാർട്ടിക്കുണ്ടായിരുന്നു.

അതേസമയം മറുവശത്ത് തേജസ്വിക്ക് പറ്റിയ തെറ്റെന്ന വിധത്തിൽ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും വിഷയത്തിൽ കോൺഗ്രസിനെ കുറ്റപ്പെടുത്താൻ തേജസ്വി തയ്യാറായിട്ടില്ല. കോൺഗ്രസ് ചോദിച്ചത് 75 സീറ്റുകളായിരുന്നു. ആർജെഡി പറഞ്ഞത് 50. ഒടുവിൽ, തേജസ്വി 70 നൽകിയതിനു പിന്നിൽ പ്രതിഫലിച്ചത് ആ മനോഭാവം തന്നെയാണ്. ബിഹാർ രാഷ്ട്രീയത്തിൽ അപ്രസക്തമായ കോൺഗ്രസ് 70 സീറ്റുകളിൽ മത്സരിച്ചതാണ് മഹാസഖ്യത്തിന്റെ വിജയത്തിനു വിഘാതമായതെന്നു കരുതുന്ന നിരീക്ഷകർക്ക് തൽക്കാലം തേജസ്വിയും മുഖം കൊടുത്തിട്ടില്ല.

എൻഡിഎ തൂത്തുവാരിയ 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മഹാസഖ്യത്തിൽ 9 സീറ്റുകളാണു കോൺഗ്രസിനു മത്സരിക്കാൻ കിട്ടിയത്. അന്നും കോൺഗ്രസിനു കൊടുത്ത സീറ്റുകൾ കൂടിപ്പോയോ എന്ന ചർച്ച ആർജെഡിയിൽ ഉണ്ടായതാണ്. എന്തായാലും കോൺഗ്രസിനെ തള്ളിപ്പറയാൻ ഇപ്പോഴും ആർജെഡി തയാറായിട്ടില്ലെങ്കിലും അർഹിക്കുന്നതിനെക്കാൾ 20 സീറ്റെങ്കിലും അവർക്കു കുടുതൽ കൊടുത്തുവെന്ന് ആർജെഡിയിൽ പൊതുവികാരമുണ്ട്.

ആത്മാർഥതയുള്ള പ്രവർത്തകരും വിശ്വസിക്കാവുന്ന വോട്ടുബാങ്കുമുള്ള ഇടതുപാർട്ടികൾക്കു കൂടുതൽ സീറ്റുകൾ നൽകിയാൽ സ്ഥിതി മാറിയേനെ എന്നു മുതിർന്ന ആർജെഡി നേതാക്കൾ പറയുന്നു. ഇടതു പാർട്ടികൾക്കുള്ള സംഘടനാ സംവിധാനമാണ് ലാലുവിന് അവർക്കു കൂടുതൽ സീറ്റുകൾ നൽകണമെന്ന ചിന്തയിലേക്ക് നയിക്കുന്നത്.

സഖ്യരൂപീകരണവും സീറ്റ് പങ്കിടലും കുറച്ചുകൂടെ നേരത്തെ പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ മികച്ച ജയം സ്വന്തമാക്കാൻ മഹാസഖ്യത്തിന് കഴിഞ്ഞേനെയെന്ന് സിപിഐ.എം.എൽ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യയും വ്യക്തമാക്കി. 'സീറ്റ് വിഭജനം കുറച്ചുകൂടി യുക്തിപരമായിരുന്നെങ്കിൽ, ഉദാഹരണത്തിന് 50 സീറ്റുകളിൽ വീതമാണ് ഇടത് പാർട്ടികളും കോൺഗ്രസും മത്സരിച്ചിരുന്നത് എങ്കിൽ ആരോഗ്യപരമായ സീറ്റ് പങ്കിടലാകുമായിരുന്നു അത്. ഇത് നമുക്ക് നേരത്തെ തീരുമാനിക്കാൻ കഴിയണമായിരുന്നു', അദ്ദേഹം പറഞ്ഞു.

ബീഹാർ തെരഞ്ഞെടുപ്പിൽ 29 സീറ്റിൽ മത്സരിച്ച ഇടതുപാർട്ടികൾ 16 സീറ്റിലാണ് വിജയിച്ചത്. 70 സീറ്റിൽ മത്സരിച്ച കോൺഗ്രസിന് 19 സീറ്റേ ലഭിച്ചുള്ളൂ. രാജ്യത്തിന്റെ ജനാധിപത്യത്തിന്റെ നിലനിൽപ്പിനും ഇടത് സർക്കാർ രൂപീകരണത്തിനും വേണ്ടി തങ്ങൾ ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വകാര്യവൽക്കരണത്തിനെതിരായ പോരാട്ടമാണ് ഇടത് പാർട്ടികൾ നടത്തുന്നത്.

അതേസമയം അസദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎം മഹാസഖ്യത്തിന്റെ വിജയസാധ്യതയ്ക്കു വലിയ തടസ്സമായെന്നതും വസ്തുതാപരമായ വിലയിരുത്തലാണ്. വോട്ടു ചിതറിക്കുന്നവർ എന്ന നിലയിൽനിന്ന് ബിഹാറിൽ ശക്തമായ രാഷ്ട്രീയ സാന്നിധ്യമായി അവർ മാറിക്കഴിഞ്ഞു. മുസ്‌ലിം ഭൂരിപക്ഷ സീമാഞ്ചൽ മേഖലയിലെ 24 സീറ്റുകളിൽ 5 എണ്ണം എംഐഎം നേടി. എൻഡിഎ വിരുദ്ധ വോട്ടുകൾ വിഭജിക്കപ്പെടുമെന്നറിഞ്ഞുകൊണ്ടും മുസ്‌ലിംകൾ എംഐഎമ്മിനെ സ്വീകാര്യമായ പകരക്കാരായി കണ്ടുവെന്നതു കോൺഗ്രസിനും ആർജെഡിക്കും വലിയ മുന്നറിയിപ്പു തന്നെയാണ്.

ഉദാഹരണത്തിന്, അമോർ മണ്ഡലത്തിൽ എംഐഎം സ്ഥാനാർത്ഥി തോൽപിച്ചത് കോൺഗ്രസിന്റെ സിറ്റിങ് എംഎൽഎയെയാണ്. കോൺഗ്രസ് ഇവിടെ മൂന്നാമതായി. ബംഗാൾ, തമിഴ്‌നാട് അടക്കം വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനും പ്രതിപക്ഷത്തിനും ഊർജം നൽകേണ്ടതായിരുന്നു ബിഹാർ ഫലം. എന്നാൽ, മോശം പ്രകടനം മറ്റിടങ്ങളിൽ കോൺഗ്രസിന്റെ വിലപേശൽ ശേഷി കുറയ്ക്കും. കേന്ദ്രത്തിലെ മോദി സർക്കാരിനെതിരായ പോരാട്ടങ്ങൾക്കുള്ള ശക്തി സംഭരിക്കാനുള്ള അവസരവും ബിഹാർ തിരിച്ചടിയിലൂടെ കോൺഗ്രസിനു നഷ്ടമായി. ബിജെപിക്കെതിരെ മുഖാമുഖം വരുമ്പോൾ കോൺഗ്രസ് ദുർബലമാണെന്ന് ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടു ബിഹാറിൽ.