കൊല്ലം: വെള്ളം തെറിച്ചതിന്റെ പേരിൽ കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി ഡ്രൈവറെ സ്‌കൂട്ടർ യാത്രക്കാരൻ ഹെൽമറ്റ് ഊരിയടിച്ചു. കൈക്ക് ഗുരുതര പരിക്കേറ്റ കുളത്തൂപ്പുഴ ഡിപ്പോയിലെ ഡ്രൈവർ സുദർശന(46)നെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കടപ്പാക്കടയിലെ ബിജെപി കൗൺസിലർ കൃപ വിനോദിന്റെ അച്ഛൻ വിനോദിനെ കസ്റ്റഡിയിലെടുത്തു.

ശനി രാവിലെ 9.55ന് ചെമ്മാന്മുക്കിലാണ് സംഭവം. കൊല്ലത്തുനിന്നു കുളത്തൂപ്പുഴയ്ക്കു പോയ വേണാട് ലിമിറ്റഡ് സ്റ്റോപ്പ് ബസ് റോഡിലെ കുഴിയിൽ വീണു. സ്‌കൂട്ടറിൽ പോകുകയായിരുന്ന വിനോദിന്റെ ദേഹത്ത് വെള്ളം തെറിച്ചു. പ്രകോപിതനായ വിനോദ് ബസ് തടഞ്ഞുനിർത്തി ഡ്രൈവറെ ഹെൽമറ്റ് ഊരി പലവട്ടം അടിച്ചു. അടി തടഞ്ഞതിനെ തുടർന്നാണ് സുദർശനന്റെ വലതുകൈക്ക് പരിക്കേറ്റത്

പരിക്കേറ്റ ഡ്രൈവറെ ഉടൻ ജില്ലാ ആശുപത്രിയിലേക്കു മാറ്റി. സുദർശനൻ കൊല്ലം ഈസ്റ്റ് പൊലീസിൽ പരാതി നൽകി. വിവിധ യൂണിറ്റുകളിലെ കെഎസ്ആർടിസി ജീവനക്കാർ പ്രതിഷേധിച്ചു.