കോഴിക്കോട്: നിർത്തിയിട്ട സ്‌കൂട്ടർ മോഷ്ടിച്ചു കടത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. കോഴിക്കോട് കൊടുവള്ളിയിലാണ് സംഭവം. പുതുപ്പാടി ഈങ്ങാപ്പുഴ സ്വദേശി സഫ്വാൻ, മലപ്പുറം കൊണ്ടോട്ടി കിഴക്കേയിൽ സ്ദേശി ഡാനിഷ് മിൻഹാജ് എന്നിവരാണ് കൊടുവള്ളി പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം കൊടുവള്ളി മദ്രസബസാറിൽ നിന്നാണ് ഹോണ്ട ആക്ടീവ സ്‌കൂട്ടർ മോഷണം പോയത്. കൊടുവള്ളി മദ്രസാബസാർ പിലാത്തോട്ടത്തിൽ ജിലാൻ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു വാഹനം.

സ്‌കൂട്ടറിനായി തിരച്ചിൽ നടത്തുന്നതിനിടയിലാണ് വാഹന പരിശോധനക്കിടെ പ്രതികൾ വാഹനവുമായി പിടിയിലാകുന്നത്. പിടിയിലാകുന്ന സമയത്ത് സ്‌കൂട്ടറിൽ മൂന്ന് പേരുണ്ടായിരുന്നു. ഒരാൾ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. പുതുപ്പാടി കൊട്ടാരക്കോത്ത് സ്വദേശിയാണ് രക്ഷപ്പെട്ടതെന്നാണ് സൂചന. ഇയാൾക്ക് വേണ്ടി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. ഇന്നലെ തന്നെ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.

താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. കൊടുവള്ളി ഇൻസ്പെക്ടർ ദാമോദരൻ, എസ് ഐ മനോജ്, സി പി ഒ മാരായ അബ്ദുൽ റഷീദ്, ജയരാജൻ, വിജീഷ് എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷിക്കുന്നത്.