തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ 'കോടിയേരി' വീട്ടിൽ റെയ്ഡ് നടക്കുമ്പോൾ ഇഡി കണ്ടെടുത്ത ഡെബിറ്റ് കാർഡ് ലിങ്ക് ചെയ്തിരിക്കുന്നത് ബിനീഷിന്റെ കുടുംബാഗത്തിന്റെ ഫോണിലേക്കാണെന്ന് സൂചന. ബിനീഷിന്റെ ഭാര്യാ മാതാവ് മിനിയിൽ നിന്നും ഐ ഫോൺ ഇഡി പിടിച്ചെടുക്കാൻ ഇതാണ് കാരണമെന്നാണ് റിപ്പോർട്ട്. ഈ ഫോണിലേക്കാണോ ലിങ്ക് ചെയ്തിരിക്കുന്നതെന്ന് കണ്ടെത്താനാണ് ശ്രമം. അങ്ങനെ എങ്കിൽ അത് ബിനീഷ് കേസിൽ അതിനിർണ്ണായകമാകും. എന്നാൽ കാർഡുമായി ബന്ധമില്ലെന്ന നിലപാടിൽ കുടുംബം ഉറച്ചു നിൽക്കുകയാണ്. ഈ സാഹചര്യത്തിലാണ് മൊബൈൽ ഫോൺ പരിശോധന.

ഭാര്യാ മാതാവിന്റെ കയ്യിലുള്ള ഫോൺ ബിനീഷിന്റെ ഭാര്യയാണ് ഉപയോഗിക്കുന്നത്. ഇതേ ഫോൺ തന്നെയാണ് താനും ഉപയോഗിക്കുന്നതെന്ന് മിനി മാധ്യമങ്ങളോടു പറഞ്ഞിരുന്നു. ഈ ഫോണിലെ വിവരങ്ങളാണ് ഇഡി പരിശോധിക്കുന്നത്. അന്വേഷണം ബിനീഷിന്മ്‌റെ ഭാര്യ ബന്ധുക്കളിലേക്ക് കൂടി നീങ്ങുകയാണ് എന്ന വിവരമാണ് ലഭിക്കുന്നത്. ഫോൺ പ്രശ്‌നത്തിൽ ബിനീഷിന്റെ ഭാര്യാ റെനീറ്റയെയും മാതാവ് മിനിയെയും ചോദ്യം ചെയ്യാനുള്ള സാധ്യത നിലനിൽക്കുന്നു. കാർഡ് വിവാദം ഭാര്യാ ബന്ധുക്കൾ കത്തിച്ചതിനാൽ ഇത് സംബന്ധിച്ചുള്ള സംശയങ്ങൾ പൂർണമായി അകറ്റണം എന്നാണ് ഇഡിക്ക് ലഭിച്ച നിർദ്ദേശം. അതുകൊണ്ട് തന്നെ ഡെബിറ്റ് കാർഡിൽ കേന്ദ്രീകരിച്ചുള്ള അന്വേഷണം ഇഡി ശക്തമാക്കുകയാണ്.

കള്ളപ്പണ-മയക്കുമരുന്ന് കേസിൽ ബിനീഷിനു എതിരെയുള്ള അന്വേഷണത്തിന്റെ ഭാഗമായുള്ള റെയ്ഡിൽ അനാവശ്യമായ പ്രശ്‌നങ്ങൾ ബിനീഷിന്റെ വീട്ടുകാർ സൃഷ്ടിച്ചു എന്നാണ് ഇഡി വിലയിരുത്തൽ. കാർഡ് പുറത്ത് നിന്ന് കൊണ്ട് വന്നു വീട്ടിൽ നിക്ഷേപിച്ചു എന്നൊക്കെ പറയുന്നത് ഗുരുതര ആരോപണമായാണ് ഇഡി വിലയിരുത്തുന്നത്. ബിനീഷ് ഇഡിയുടെ കസ്റ്റഡിയിലാണെന്ന കാര്യം പോലും പരിഗണിക്കാതെയുള്ള എതിർപ്പ് ആണ് വീട്ടുകാർ ഉയർത്തിയത് എന്ന രീതിയിലുള്ള പ്രതികരണമാണ് ഇഡി ഉദ്യോഗസ്ഥർ പങ്കു വയ്ക്കുന്നത്. സാധാരണ രീതിയിൽ അവസാനിക്കുമായിരുന്ന റെയിഡിനു വിവാദത്തിന്റെ എരിവ് പകർന്നതാണ് ഡെബിറ്റ് കാർഡ് അന്വേഷണം ശക്തമാക്കാനുള്ള കാരണം. കേരളത്തിന്റെ പല ഭാഗങ്ങളിൽ ഈ കാർഡ് ഉപയോഗിച്ചു എന്നാണ് ഉദ്യോഗസ്ഥർ മനസിലാക്കുന്നത്. അതുകൊണ്ട് തന്നെ കാർഡ് ട്രാൻസ്‌ക്ഷൻ പരിശോധിച്ച ശേഷം ചോദ്യം ചെയ്യലിന് ബിനീഷിന്റെ ഭാര്യയെയും ഭാര്യാ മാതാവിനെയും വിളിപ്പിച്ചെക്കും.

ബിനീഷ് കോടിയേരിയുടെ മരുതംകുഴിയിലെ കോടിയേരി വീട്ടിൽ നിന്നും റെയിഡ് നടത്തി ഇഡി പിടിച്ചെടുത്തതിൽ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉണ്ടെന്നവിവരമാണ് പുറത്ത് വന്നത്. ഡെബിറ്റ് കാർഡിന്റെ വിവരം മാത്രമാണ് വെളിയിൽ വന്നത്. ബിനീഷിന്റെ വീട്ടിൽ നിന്നും ക്രെഡിറ്റ് കാർഡ് പിടിച്ചെടുത്തതായി മറുനാടൻ വാർത്ത നല്കിയെങ്കിലും പിന്നീട് വന്ന വാർത്തകൾ ഡെബിറ്റ് കാർഡ് എന്ന രീതിയിലായിരുന്നു. ബിനീഷിന്റെ വീട്ടിൽ നിന്നും ഡെബിറ്റ്-ക്രെഡിറ്റ് കാർഡുകൾ റെയിഡിൽ ഇഡി സംഘം പിടിച്ചെടുത്തതായാണ് ലഭിക്കുന്ന വിവരം. ഈ കാർഡിന്റെ ട്രാൻസാക്ഷനുകൾ ഇഡി സംഘം പരിശോധിച്ചു കൊണ്ടിരിക്കുകയാണ്.

അനൂപ് ബംഗളൂരുവിൽ ഉള്ളപ്പോൾ കാർഡ് കേരളത്തിൽ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. കേരളത്തിന്റെ പലഭാഗത്തും കാർഡ് ഉപയോഗം നടന്നിട്ടുണ്ട്. കാർഡ് ഉപയോഗിച്ച സ്ഥലത്ത് അനൂപ് ഉണ്ടായിരുന്നില്ല. ഇതാണ് കാർഡ് ഉപയോഗം സംശയാസ്പദമായി നിലനിൽക്കുന്നത്. . ബിനീഷ് അറസ്റ്റിലായിക്കഴിഞ്ഞും കാർഡ് തിരുവനന്തപുരത്ത് ഉപയോഗിക്കപ്പെട്ടിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. ഡെബിറ്റ്-ക്രെഡിറ്റ് കാർഡ് വിനിയോഗത്തിന്റെ സ്റ്റേറ്റ്‌മെന്റുകൾ എടുത്ത് പരിശോധനയാണ് ഇഡി സംഘം നടത്തുന്നത്. ഇഡിക്ക് എതിരെ ബിനീഷിന്റെ ഭാര്യാ കുടുംബം ഉന്നയിച്ച ഗുരുതര ആരോപണങ്ങൾ ഇഡിക്ക് മുന്നിൽ നിൽക്കെയാണ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുന്നത്.

കാർഡ് വീട്ടിൽ നിന്നുള്ളതല്ലെന്നും ഇഡി സംഘം കൊണ്ട് വന്നു വീട്ടിൽ നിക്ഷേപിച്ചതാണെന്നുമുള്ള ഗുരുതര ആരോപണങ്ങളാണ് ബിനീഷിന്റെ ഭാര്യ റെനീറ്റയും മാതാവ് മിനിയും ഉയർത്തിയത്. ഡെബിറ്റ്-ക്രെഡിറ്റ് കാർഡുകൾ ഡിജിറ്റൽ എവിഡൻസ് ആണെന്ന വസുതകൾ ഓർക്കാതെയാണ് ഈ പരാമർശം ബിനീഷിന്റെ ഭാര്യ കുടുംബം നടത്തിയത് എന്ന് തന്നെ വിലയിരുത്തൽ വന്നിരുന്നു. അനൂപിന്റെ കാർഡ് ആണെങ്കിൽ ഞങ്ങൾ ആദ്യമേ കത്തിച്ചു കളയുമായിരുന്നു എന്ന മിനിയുടെ മാധ്യമങ്ങൾക്ക് മുന്നിലുള്ള തുറന്നു പറച്ചിലും ഇഡി വൃത്തങ്ങൾ കരുതലോടെയാണ് കാണുന്നത്. ഇതുവരെ ചിത്രത്തിൽ ഇല്ലാതിരുന്ന ബിനീഷിന്റെ ഭാര്യ കുടുബം കൂടി ഇപ്പോൾ ബിനീഷിന്റെ പേരിൽ നടക്കുന്ന കള്ളപ്പണ-മയക്കുമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ പരിധിയിലേക്ക് വരുകയാണ് എന്ന സൂചനയാണ് ഇഡി വൃത്തങ്ങളിൽ നിന്നും ലഭിക്കുന്നത്.

കോടിയേരി വീട്ടിൽ റെയ്ഡ് നടക്കുമ്പോൾ ഉള്ള സംഭവങ്ങൾ ബിനീഷിനെതിരെയുള്ള നീക്കങ്ങളിൽ ഇഡിയുടെ കയ്യിലെ വലിയ ആയുധമായി മാറും. പൊലീസ് തടഞ്ഞതും ബാലാവകാശ കമ്മിഷൻ ഇടപെട്ടതുമൊക്കെ ബിനീഷിന്റെ ജാമ്യ സാധ്യതകൾ തന്നെ ഇല്ലാതാക്കിയ അവസ്ഥയിലാണ്. ബിനീഷ് വലിയ സ്വാധീന ശക്തിയുള്ള ആളാണ് കേരളത്തിൽ എന്ന് കോടതിക്ക് മുന്നിൽ വാദിക്കാനാണ് ഇഡി ഒരുങ്ങുന്നത്. മാധ്യമ വാർത്തകളും ബാലാവകാശ കമ്മിഷനും പൊലീസും എല്ലാം ഇഡി കോടതിയിൽ ചൂണ്ടിക്കാട്ടും. കോടിയേരിയിലെ പ്രതിഷേധം ഇപ്പോൾ ബിനീഷിനെ തന്നെ തിരിഞ്ഞു കുത്തുന്ന അവസ്ഥയാണ്. പക്ഷെ തങ്ങൾക്ക് നേരെയുള്ള കേരള സർക്കാരിന്റെ കടന്നുകയറ്റം വലുതായി ഇഡി പരിഗണിക്കുന്നില്ല. മയക്കുമരുന്ന്-കള്ളപ്പണ ഇടപാടുകൾ ആണ് അന്വേഷിക്കുന്നത്. ഇതിൽ അകപ്പെട്ടിരിക്കുന്നത് കേരളം ഭരിക്കുന്ന സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്റെ മകനും. അതിനാൽ തന്നെ തങ്ങളുടെ നേരെയുള്ള സർക്കാർ കടന്നുകയറ്റം അവഗണിച്ച് അന്വേഷണം ശക്തമാക്കനാണ് ഇഡി ഒരുങ്ങുന്നത്. അന്വേഷണത്തിനു അധികാരമുള്ള ഏജൻസിയാണ് ഇഡി. നിയമപരമായ നടപടികൾ സ്വീകരിക്കാൻ ഇഡിക്ക് കഴിയുകയും ചെയ്യും.

അതേസമയം ബിനീഷിന്റെ കോടിയേരി വീട്ടിൽ നിന്നും കണ്ടെടുത്ത ഡെബിറ്റ് കാർഡ് അനൂപും ബിനീഷും ഒരുമിച്ച് ഉപയോഗിച്ചതെന്ന് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ഇ ഡി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ബിനീഷിന്റെ വീട്ടിൽ നിന്നും ചില ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. ഡിവൈസുകളിൽ നിന്ന് വിവരങ്ങൾ മായ്ച്ച നിലയിലാണെന്നും ഇത് വീണ്ടെടുക്കും. .അനൂപ് ബെംഗളൂരുവിൽ തുടങ്ങിയ ഹയാത്ത് ഹോട്ടലിന്റെ പേരിലുള്ളതാണ് ഡെബിറ്റ് കാർഡ്. ഈ കാർഡിൽ ബിനീഷിന്റെ ഒപ്പുണ്ട്. കാർഡുമായി ബന്ധപ്പെട്ട. കൂടുതൽ വിവരങ്ങൾ ബാങ്കുകളിൽ നിന്ന് ശേഖരിക്കാനുണ്ട്. അനൂപിന്റെ പേരിൽ വന്ന പണം ബിനീഷിന്റെ ബിനാമികളുടേതാണ്. ഇതിനെ കുറിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണെന്നും എൻഫോഴ്സ്മെന്റ് റിപ്പോർട്ടിൽ വിശദീകരിക്കുന്നു.

ബിനീഷ് ഡയറക്ടറായ മൂന്ന് കമ്പനികൾ പ്രവർത്തിച്ചത് വ്യാജ വിലാസത്തിലാണ്. ഈ കമ്പനികളുടെ പേരിൽ കള്ളപ്പണം വെളുപ്പിച്ചോയെന്ന് സംശയിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. ബിനീഷിന്റെ നിർദ്ദേശം അനുസരിച്ചാണ് ലഹരി വ്യാപാരം നടത്തിയതെന്ന് അനൂപ് സമ്മതിച്ചെന്നും ബിനീഷ് വലിയ തുക പല അക്കൗണ്ടുകളിലൂടെ അനൂപിന്റെ അക്കൗണ്ടിലേക്ക് കൈമാറിയെന്നും റിപ്പോർട്ടിലുണ്ട്. ബിനീഷിന്റെ കസ്റ്റഡി കാലാവധി നാല് ദിവസത്തേക്ക് കൂടി കോടതി നീട്ടിയിട്ടുണ്ട്.