തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്റെ മകൻ ബിനീഷ് കോടിയേരിക്ക് മേൽ കുരുക്കു മുറുക്കാൻ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയും. ബിനീഷിനെതിരെ കോടതിയിൽ ഇഡി നൽകിയ മൊഴികളും തെളിവുകളുമാണ് അദ്ദേഹത്തെ വെട്ടിലാക്കുക. ബിനീഷ് കൊക്കെയ്ൻ ഉപയോഗിച്ചിരുന്നു എന്ന സാക്ഷി മൊഴി അടക്കമാണ് കോടതിയിൽ ഇഡി നൽകിയിരിക്കുന്ന റിപ്പോർട്ട്. ഇതോടെ എൻസിബിക്കും ബിനീഷിനെ കുരുക്കാൻ പോന്ന കാര്യങ്ങൾ ലഭിച്ചിട്ടുണ്ട്.

ബിനീഷ് കൊക്കെയ്ൻ ഉപയോഗിച്ചിരുന്നതായി കല്യാൺ നഗറിലെ റോയൽ സ്വീറ്റ് അപ്പാർട്‌മെന്റ്‌സിൽ അനൂപ് മുഹമ്മദിനൊപ്പം താമസിച്ചിരുന്ന വിമാനക്കമ്പനി ജീവനക്കാരൻ സോണറ്റ് ലോബോയാണ് ഇഡിക്കു മൊഴി നൽകിയിരിക്കുന്നത്. ഇവിടെ 205, 206 മുറികളിലാണ് അനൂപും സോണറ്റ് ലോബോയും താമസിച്ചിരുന്നത്. ബിനീഷ് ഇവിടം സന്ദർശിച്ചിരുന്നതായും അനൂപുമൊത്ത് ലഹരി ഉപയോഗിച്ചിരുന്നതായുമാണ് മൊഴി.

ബിനീഷിന്റെതെന്നു ഇഡി സംശയിക്കുന്ന ബെനാമി കമ്പനികളുടെ ഇടപാടുകളെക്കുറിച്ച് ആദായ നികുതി വകുപ്പ് അന്വേഷണത്തിനൊരുങ്ങുന്നുവെന്നാണ് വിവരം. പുതുതായി പ്രാബല്യത്തിലായ ബെനാമി നിയമപ്രകാരമാകും അന്വേഷണം. 2012 മുതലുള്ള ഇടപാടുകളാണ് ഇഡി പരിശോധിച്ചത്. അതിനു മുൻപ് 2008 മുതൽ ബിനീഷ് ദുബായിലായിരുന്ന കാലത്തെ ഇടപാടുകളും സംശയ നിഴലിലാണെന്ന് റിമാൻഡ് റിപ്പോർട്ടിലുണ്ട്. ആഡംബര കാറുകളെക്കുറിച്ചും പരാമർശമുണ്ട്. ബിനീഷിന്റെ ഒപ്പമിരുത്തി ചോദ്യം ചെയ്യാൻ 2നു ഹാജരാകാൻ ബിസിനസ് പങ്കാളി അബ്ദുൽ ലത്തീഫിന് സമൻസ് അയച്ചിരുന്നു. ക്വാറന്റീനിലാണെന്നാണ് ചൂണ്ടിക്കാട്ടി ഇതുവരെ ഹാജരായില്ല.

ബിനീഷ് കോടിയേരിയുടെ ബിസിനസ് പങ്കാളി അബ്ദുൽ ലത്തീഫിനു യുഎഇ കോൺസുലേറ്റുമായും സ്വപ്ന സുരേഷുമായും ബന്ധം. കോൺസുലേറ്റിലെ വീസ സ്റ്റാംപിങ് സെന്ററിന്റെ കരാർ ലഭിച്ച യുഎഎഫ്എക്‌സ് സൊല്യൂഷൻസ് അബ്ദുൽ ലത്തീഫ് ഉൾപ്പെടെ 4 പേരുടെ ഉടമസ്ഥതയിലാണ്. കരാർ ലഭിച്ചതിനു യുഎഎഫ്എക്‌സ് തനിക്കു 24.50 ലക്ഷം രൂപ കമ്മിഷൻ ലഭിച്ചതായി സ്വപ്ന മൊഴി നൽകിയിട്ടുണ്ട്. അബ്ദുൽ ലത്തീഫിന്റെ പേരിലുള്ള കാർ പാലസ് എന്ന സ്ഥാപനത്തിന്റെ അക്കൗണ്ടിൽ നിന്നു വേറെ 49 ലക്ഷവും സ്വപ്നയ്ക്കു ലഭിച്ചു.'

ബിനീഷ് കോടിയേരിക്കെതിരായ കേസിന്റെ അന്വേഷണം തലസ്ഥാനത്തേക്കും എത്തിയയതോടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്ന് ഉറപ്പാണ്. കേരളത്തിൽനിന്നു കൂടുതൽ പ്രതികൾ കേസിൽ ഉണ്ടാകുമെന്നുമാണ് പുറത്തുവരുന്ന വിവരങ്ങൾ. ഇവർ ബിനീഷുമായി വൻകിട പണമിടപാടുകൾ നടത്തിയിരുന്നു. കരിങ്കൽ ക്വാറികളിലും ഈ സംഘത്തിനു വലിയ ഇടപാടുകളുണ്ടെന്നു കണ്ടെത്തിയിരുന്നു.

ബെംഗളൂരുവിൽ നിന്നുള്ള സംഘം തലസ്ഥാനത്തെത്തിയെന്ന പ്രചാരണം ഇന്നലെ ഉച്ചയ്ക്കു ശേഷമുണ്ടായി. 8 കേന്ദ്രങ്ങളിൽ ഇഡി പരിശോധനയുണ്ടാകുമെന്നും പ്രചരിച്ചു. മരുതൻകുഴിയിലെ ബിനീഷിന്റെ വീട്ടിലാണു പിതാവ് കോടിയേരി ബാലകൃഷ്ണനും താമസിക്കുന്നതെന്ന കണക്കുകൂട്ടലിൽ മാധ്യമശ്രദ്ധ അങ്ങോട്ടായി. എന്നാൽ കോടിയേരിയും ഭാര്യയും ഇപ്പോൾ എകെജി സെന്ററിലെ ഫ്‌ളാറ്റിലാണെന്ന വിവരമാണു കാത്തുനിന്നവർക്കു ലഭിച്ചത്. ബിനീഷിന്റെ ബിസിനസ് പങ്കാളി അബ്ദുൽ ലത്തീഫിന്റെ ഫർണിച്ചർ, ഇലക്ട്രിക്കൽ സ്ഥാപനങ്ങളിലും ഇഡി പരിശോധന നടത്തുമെന്ന വിവരവും പുറത്തുവന്നു. ഇഡി ചോദ്യം ചെയ്യേണ്ടവരുടെ പട്ടികയിലും അബ്ദുൽ ലത്തീഫ് ഉണ്ട്.

അതിനിടെ ഇഡി കസ്റ്റഡിയിൽ 6 ദിവസം പിന്നിട്ടതോടെ ബിനീഷ് കോടിയേരി ചോദ്യം ചെയ്യലിനു വിധേയനായത് ഏകദേശം 47.5 മണിക്കൂർ. പണമിടപാടുകളുടെ ഉറവിടം, ബെനാമി ഇടപാടുകൾ തുടങ്ങിയവയെ കുറിച്ചുള്ള ചോദ്യങ്ങളോടു നിസ്സഹകരണം തുടരുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. രാവിലെ 8.20ന് വിൽസൽ ഗാർഡൻ പൊലീസ് സ്റ്റേഷനിൽ നിന്ന് ശാന്തിനഗറിലെ ഇഡി സോണൽ ഓഫിസിൽ എത്തിച്ച് രാവിലെ 10.30 മുതൽ മുതൽ രാത്രി 8 വരെയാണു ചോദ്യം ചെയ്തത്.

ബെംഗളൂരു സെഷൻസ് കോടതിയുടെ അനുമതി പ്രകാരം ബിനീഷിനെ കാണാൻ വി.രഞ്ജിത് ശങ്കറിന്റെ നേതൃത്വത്തിലുള്ള അഭിഭാഷക സംഘം ഉച്ചയ്ക്ക് 12 മണിയോടെ എത്തിയെങ്കിലും ഇഡി ഉദ്യോഗസ്ഥർ കാത്തിരിക്കാൻ ആവശ്യപ്പെട്ടു. കോവിഡ് പരിശോധന നടത്തിവരാൻ ആവശ്യപ്പെട്ടു എന്നാണ് അഭിഭാഷകർ മാധ്യമങ്ങളോടു പറഞ്ഞത്. എന്നാൽ, അങ്ങനെ ആവശ്യപ്പെട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു. തുടർന്ന് വൈകിട്ട് 4 മണിയോടെ രഞ്ജിത് ശങ്കറിനെ മാത്രം അനുവദിച്ചു. സിസിടിവി നിരീക്ഷണമുള്ള മുറിയിലാണു കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കിയത്. ഇവരുടെ സംഭാഷണം ഉദ്യോഗസ്ഥർ എഴുതിയെടുത്തു. ബിനീഷ് ക്ഷിണിതനാണെന്ന് അഭിഭാഷകൻ പറഞ്ഞു.