കൂനൂർ: സംയുക്ത സേനാ മേധാവിയും 13 ഉദ്യോഗസ്ഥനും കൊല്ലപ്പെട്ട കുന്നൂർ ഹെലികോപ്ടർ അപകടത്തിൽ തുടക്കത്തിൽ രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചത് നാട്ടുകാരാനാണ്. എന്നാൽ, പിന്നാലെ അഗ്നിശമന സേനാ ഉദ്യോഗസ്ഥർ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഹെലികോപ്ടർ അപകടത്തിൽ പെടുമ്പോൾ ചിലർ ചാടിയിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. രക്ഷാപ്രവർത്തകർ പുറത്തെടുക്കുമ്പോൾ ചിലർക്ക് ജീവനുമുണ്ടായിരുന്നു. ബിപിൻ റാവത്തിനും ജീവനുണ്ടായിരുന്നു എന്നാണ് അഗ്നിശമന സേനാ ഉദ്യോഗസ്ഥർ പറയുന്നത്.

ഹെലികോപ്റ്ററിറെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുക്കുമ്പോൾ ബിപിൻ റാവത്ത് അദ്ദേഹത്തിന്റെ പേര് പറഞ്ഞിരുന്നുവെന്നും ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചതെന്നും അഗ്‌നിരക്ഷാസേനാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. പുകകാരണം എനിക്ക് ഒന്നും കാണാൻ കഴിഞ്ഞില്ല. ഓടിച്ചെന്നപ്പോൾ രണ്ട് പേർ നിലത്ത് കിടക്കുന്നതാണ് കണ്ടത്. തീപിടിച്ചപ്പോൾ പുറത്തേക്ക് ചാടിയതാവണം. വസ്ത്രങ്ങളിലൊക്കെ തീ പിടിച്ചിരുന്നു. മുഖമാകെ പൊള്ളലേറ്റ് തിരിച്ചറിയാൻ കഴിയാത്ത നിലയിലായിരുന്നു. അവരിലൊരാൾ വെള്ളം ചോദിച്ചു' കൂനൂർ അപകടത്തിൽ രക്ഷാപ്രവർത്തനത്തിന് ഓടിയെത്തിയ ശിവകുമാർ പറയുന്നു.

പരിക്കേറ്റ അവരിൽ ഒരാളുമായി സംസാരിക്കുമ്പോൾ അയാൾ വെള്ളത്തിനായി ആവശ്യപ്പെട്ടു. പിന്നീട് വാർത്തകൾ കണ്ടപ്പോഴാണ് അപകടത്തിൽ സംയുക്ത സൈനിക മേധാവിയുമുണ്ടെന്ന കാര്യം മനസിലായതെന്ന് അദ്ദേഹം പറയുന്നു. അപകടസ്ഥലത്തേക്ക് വാഹനമെത്താൻ കഴിയാത്തതിനാൽ 500 മീറ്റർ അകലെയുള്ള റോഡിലേക്ക് ഇരുവരെയും കമ്പിളിപുതപ്പിലാണ് എത്തിച്ചത്. ഉടൻ തന്നെ ഫയർഫോഴ്സ് എത്തിയതായും അദ്ദേഹം പറഞ്ഞു. ഹെലികോപ്റ്ററിന് സമീപം മറ്റൊരു മൃതദേഹം കണ്ടിരുന്നതായും അദ്ദേഹം പറഞ്ഞു.

വലിയ ശബ്ദം കേട്ടാണ് താൻ വീടിന് പുറത്തേക്ക് ഓടിയതെന്ന് മറ്റൊരു ദൃക്്സാക്ഷി ചന്ദ്രകുമാർ പറഞ്ഞു. മരക്കൊമ്പുകളിൽ കുടുങ്ങിയ ഹെലികോപ്റ്റർ തീ പിടിച്ച് നിലത്തേക്ക് വീഴുന്നതാണ് കണ്ടത്. ആളുകളുടെ നിലവിളിയും കേട്ടതായി ചന്ദ്രകുമാർ പറഞ്ഞു. ഉടൻ തന്നെ അയൽവാസിയെ വിളിച്ച് വിവരം പൊലീസിനെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.

ജനറൽ ബിപിൻ റാവത്തിന് പുറമേ ഭാര്യ ഡോ. മധുലിക റാവത്ത്, ബ്രിഗേഡിയർ എൽ.എസ്. ലിഡ്ഡർ, ലഫ് കേണൽ ഹർജീന്ദർ സിങ്, നായക് ഗുരു സേവക് സിങ്, നായക് ജിതേന്ദ്രകുമാർ, ലാൻസ് നായക് വിവേക് കുമാർ, ലാൻസ് നായക് ബി. സായി തേജ, ഹവിൽദാർ സത്പാൽ, ജൂനിയർ വാറന്റ് ഓഫീസറും സൂലൂരിലെ ഫ്ലൈറ്റ് എൻജിനിയറുമായ തൃശ്ശൂർ പുത്തൂർ സ്വദേശി പ്രദീപ്, ജൂനിയർ വാറന്റ് ഓഫീസർ ദാസ്, പൈലറ്റ് വിങ് കമാൻഡർ ചൗഹാൻ, സ്‌ക്വാഡ്രൺ ലീഡർ കുൽദീപ് സിങ് എന്നിവരാണ് മരിച്ചത്.

കോയമ്പത്തൂർ സൂലൂർ വ്യോമസേനാ കേന്ദ്രത്തിൽ നിന്നാണ് വെല്ലിങ്ടൺ ഡിഫൻസ് സർവീസ് സ്റ്റാഫ് കോളേജിൽ (ഡി.എസ്.എസ്.സി.) നടക്കുന്ന ചടങ്ങിൽ പങ്കെടുക്കാനായി സേനാ മേധാവിയടക്കമുള്ളവർ പുറപ്പെട്ടത്. 12.05-ഓടെയാണ് അപകടമുണ്ടായത്. ഹെലികോപ്റ്റർ സൂലൂർ വ്യോമസേനാ താവളത്തിൽ നിന്ന് 11.35-ന് പുറപ്പെട്ട് 12.20 വെല്ലിങ്ടണിൽ ഇറങ്ങേണ്ടതായിരുന്നു. കനത്ത മഞ്ഞുനിറഞ്ഞ മോശം കാലാവസ്ഥ കാരണം താഴ്ന്നാണ് പറന്നിരുന്നത്. കാട്ടേരിയിലെ നഞ്ചപ്പഛത്രം മലകൾക്കിടയിലെ മരക്കമ്പിൽ തട്ടി തകർന്നുവീഴുകയായിരുന്നു എന്നാണ് സംശയം.

ഹെലികോപ്റ്റർ നിയന്ത്രണംവിട്ടപോലെ ഒരു മരത്തിലിടിച്ച് തീപിടിക്കുന്നതാണ് കണ്ടതെന്ന് മറ്റൊരു ദൃക്സാക്ഷി കൃഷ്ണ സ്വാമി പറഞ്ഞു. തൊട്ടുപിന്നാലെ നാലു തീഗോളങ്ങൾ താഴേക്ക് പതിച്ചു. തീ പിടിച്ച ആളുകളായിരുന്നു അതെന്നാണ് അദ്ദേഹം പറയുന്നത്. തുടക്കസമയത്ത് പൊലീസിനൊപ്പം രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയത് പ്രദേശവാസികളായിരുന്നു. ദുർഘടമായ പ്രദേശമായിരുന്നതിനാൽ ഫയർഫോഴ്സ് എഞ്ചിനുകൾക്ക് പ്രദേശത്ത് എത്താൻ താമസമുണ്ടായി. ഇത് രക്ഷാപ്രവർത്തനത്തിന് ചെറിയ പ്രതിസന്ധി സൃഷ്ടിച്ചു. കുടങ്ങളിൽ വെള്ളം നിറച്ചാണ് ആദ്യം തീയണയ്ക്കാൻ ശ്രമിച്ചത്. രക്ഷാപ്രവർത്തകർക്ക് ആവശ്യമായ തുണിയും വെള്ളവും പാത്രവുമൊക്കെയായി സത്രത്തിലെ നാട്ടുകാർ സജീവമായി രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.