ആലപ്പുഴ: പുറക്കാട്ട് താറാവുകൾ ചാകാൻ കാരണം പക്ഷിപ്പനിയെന്ന് ഭോപാലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസിൽ നിന്ന് സംസ്ഥാന മൃഗസംരക്ഷണ വകുപ്പിനെ അറിയിച്ചു. എച്ച്5എൻ1 ഇൻഫ്‌ളുവൻസ ഇനത്തിൽ പെട്ട വൈറസുകൾ ബാധിച്ചതായാണ് കണ്ടെത്തൽ.ഇന്നലെ രാത്രിയാണ് സ്ഥിരീകരണം ലഭിച്ചത്.

ഹൈലി പാത്തോജനിക് ഏഷ്യൻ ഏവിയൻ ഇൻഫ്‌ളുവൻസ എ (എച്ച്5എൻ1) പ്രധാനമായും പക്ഷികളെയാണ് ബാധിക്കുന്നത്. വായുവിലൂടെ പകരും. പക്ഷികളിൽ അതിവേഗം വ്യാപിക്കുകയും മരണകാരണമാകുകയും ചെയ്യും. മനുഷ്യരെ ബാധിക്കുന്നത് അപൂർവമാണെങ്കിലും ചില രാജ്യങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. 40 വയസ്സിൽ താഴെയുള്ളവരെയാണ് കൂടുതലും ബാധിച്ചത്. രോഗം ബാധിച്ച പക്ഷികളുമായി ഇടപഴകുന്നതിലൂടെയാണ് മനുഷ്യരെ ബാധിക്കാൻ സാധ്യത കൂടുതലെന്നു വിദഗ്ദ്ധർ പറയുന്നു.

അതേസമയം പ്രാഥമിക ഫലത്തെപ്പറ്റിപ്പോലും താറാവുകളുടെ ഉടമയെ അറിയിച്ചിരുന്നില്ല. ജില്ലാ മൃഗസംരക്ഷണ അധികൃതർക്കും വിവരം ലഭിച്ചില്ല. ഇതിനിടെ കഴിഞ്ഞ ദിവസങ്ങളിൽ നെടുമുടിയിൽ എണ്ണായിരത്തിലേറെ താറാവുകൾ കൂട്ടത്തോടെ ചത്തു. പുറക്കാട്ട് ഇന്നലെ 100 താറാവുകൾ കൂടി ചത്തിട്ടുണ്ട്.