കോഴിക്കാട്: ലൗ ജിഹാദ് ഒരു സാമൂഹിക പ്രശ്‌നമായി നിലനിൽക്കുന്നുവെന്ന് തലശേരി അതിരൂപത. കോടഞ്ചേരി ലൗ ജിഹാദ് വിവാദത്തിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു രൂപതയുടെ പരാമർശം. ഇത് കേവലം ഇസ്ലാം- ക്രൈസ്തവ വിഭാഗങ്ങൾ തമ്മിലുള്ള പ്രശ്‌നമല്ല ഇത്. ഒരു സാമൂഹിക പ്രശ്‌നമായി ഉയർന്നിരിക്കുന്നു. മതാന്തര വിവാഹങ്ങളെല്ലാം ലൗ ജിഹാദ് ആണെന്ന് കരുതുന്നില്ലെ. ചില നിക്ഷിപ്ത താത്പര്യക്കാരാണ് ലൗ ജിഹാദിന് പിന്നിലെന്നും ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.

തിരുവമ്പാടി മിശ്രവിവാഹത്തിൽ മാതാപിതാക്കളുടെ ആശങ്കയ്ക്കൊപ്പമാണ് സഭയുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. അന്വേഷണ ഏജൻസികൾ വിവാദത്തിന് പിന്നിലെ നിക്ഷിപ്ത താത്പര്യക്കാരുടെ കാര്യം കൂടി പരിഗണിക്കണമെന്നും പാംപ്ലാനി ആവശ്യപ്പെട്ടു. അതേസമയം കോടഞ്ചേരി മിശ്രവിവാഹവുമായി ബന്ധപ്പെട്ട് ജോയ്സ്നയുടെ പിതാവ് ജോസഫ് നൽകിയ ഹേബിയസ് കോർപസ് ഹർജി ഹൈക്കോടതി തീർപ്പാക്കി. ജോയ്സ്നയ്ക്ക് ഭർത്താവ് ഷെജിനൊപ്പം പോകാമെന്ന് കോടതി നിർദേശിച്ചു.


ജസ്റ്റിസ് സതീഷ് നൈനാൻ, ജസ്റ്റിസ് സി എസ് സുധ എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് ഹർജി തീർപ്പാക്കിയത്. ജോയ്‌സനയെ അനധികൃത കസറ്റഡിയിലെന്ന് കാണിച്ച് പിതാവ് ജോസഫ് നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിലാണ് കോടതിയുടെ വിധി. ഷെജിന്റെ കൂടെ പോകുന്നുവെന്ന് ജോയ്സന കോടതിയിൽ വ്യക്തമാക്കി. മകളെ വിദേശത്തേക്ക് കൊണ്ടുപോകാൻ അനുവദിക്കരുതെന്ന് പിതാവ് ആവശ്യപ്പെട്ടെങ്കിലും വിദേശത്ത് ജോലി ചെയ്യുന്ന യുവതിയെ വിലക്കാൻ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.

താൻ തനിക്കിഷ്ടമുള്ള വ്യക്തിയോടൊപ്പം ജീവിക്കാൻ തീരുമാനിച്ചതിന് പ്രശ്നങ്ങളുണ്ടാക്കേണ്ട ആവശ്യമില്ലെന്നാണ് ജോയ്സന നേരത്തെ വ്യക്തമാക്കിയത്. ഇഷ്ടപ്പെട്ട വ്യക്തിയുടെ കൂടെ സ്വന്തം ഇഷ്ടപ്രകാരമാണ് ഇറങ്ങി വന്നത്. ആരും തട്ടിക്കൊണ്ടുപോകുകയോ ബലം പ്രയോഗിക്കുകയോ ചെയ്തിട്ടില്ല. വിശ്വസിക്കുന്ന സമുദായത്തിൽ ഉറച്ചുനിൽക്കാൻ തനിക്ക് അവകാശമുണ്ടെന്നും ജോയ്സന പറഞ്ഞിരുന്നു.