ഗുവാഹത്തി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊലപ്പെടുത്താൻ കോൺഗ്രസ് പദ്ധതിയൊരുക്കിയെന്ന ആരോപണവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. നരേന്ദ്ര മോദിയുടെ സന്ദർശനത്തിനിടെ സുരക്ഷാ ലംഘനം വഴി പ്രധാനമന്ത്രിയെ വധിക്കുക എന്നതായിരുന്നു കോൺഗ്രസ് ഹൈക്കമാൻഡിന്റേയും പഞ്ചാബ് മുഖ്യമന്ത്രിയുടെ പദ്ധതിയെന്നും ബിശ്വ ശർമ്മ ആരോപിച്ചു.

ഗൂഢാലോചനയിൽ പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നിക്ക് പങ്കുണ്ടെന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്ന് ബിശ്വ ശർമ്മ ആവശ്യപ്പെട്ടു.പ്രധാനമന്ത്രിയെ വധിക്കാനുള്ള ശ്രമവുമായി ബന്ധപ്പെട്ട് ജനുവരി രണ്ടിന് പൊലീസിന് രഹസ്യാന്വേഷണ റിപ്പോർട്ട് ലഭിച്ചത് സംബന്ധിച്ച പരാമർശവും ബിശ്വ ശർമ്മ നടത്തി. ബുധനാഴ്‌ച്ച മാധ്യമങ്ങളെ കാണവേയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പ്രധാനമന്ത്രിയെ എതിരേൽക്കാൻ മുഖ്യമന്ത്രി എത്താതിരന്നതിലുള്ള അമർഷവും ശർമ്മ രേഖപ്പെടുത്തി. തനിക്ക് കോവിഡ് ബാധയുള്ള ഒരാളുമായി പ്രാഥമിക സമ്പർക്കമുണ്ടെന്നായിരുന്നു ഛന്നിയുടെ വിശദീകരണമെന്നും എന്നാൽ അടുത്ത ദിവസം മാധ്യമങ്ങളെ കാണുമ്പോഴും സംസാരിക്കുമ്പോഴും ഈ പ്രശ്നങ്ങൾ ഒന്നും ഉടലെടുത്തിരുന്നില്ലെയെന്നും അദ്ദേഹം ചോദിച്ചു. ഒരു മാസ്‌ക് പോലും ധരിക്കാതെയാണ് പഞ്ചാബ് മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ജനുവരി അഞ്ചിന് പഞ്ചാബിലെത്തിയ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കർഷക പ്രതിഷേധത്തെ തുടർന്ന് തടസ്സപെടുകയായിരുന്നു. ഹുസൈൻവാലയിലെ ദേശീയ രക്താസാക്ഷി സ്മാരകത്തിൽ ആദരാഞ്ജലി അർപ്പിച്ചതിന് ശേഷം ഫിറോസ്പൂരിലെ റാലിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ഭട്ടിൻഡയിലെ വിമാനത്താവളത്തിലെത്തിയത്.

ഭട്ടിൻഡയിലെ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ഹെലികോപ്റ്റർ മാർഗമുള്ള യാത്ര ഒഴിവാക്കി റോഡ് മാർഗമാക്കുകയായിരുന്നു. റോഡ് മാർഗം യാത്ര തിരിച്ച പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ഹുസൈൻവാലയിൽ നിന്ന് 30 കിലോമീറ്റർ അകലെ കർഷക സംഘടനയായ കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി തടഞ്ഞുവെച്ചു. 15 മിനിറ്റ് ഫ്‌ളൈ ഓവറിൽ കുടുങ്ങിയ മോദി രോഷാകുലനായാണ് മടങ്ങിയത്. സംഭവത്തിൽ അതൃപ്തിയറിച്ച പ്രധാനമന്ത്രി, ജീവനോടെ തിരികെയെത്തിയതിന് പഞ്ചാബ് മുഖ്യമന്ത്രിയെ നന്ദി അറിയിക്കുന്നുവെന്നും പറഞ്ഞിരുന്നു.