കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കിയ ബിജെപി നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. ഇതിന്റെ ഭാഗമായി ബിജെപിയും സംഘപരിവാരുമായി ചേർന്നു നിൽക്കുന്നവരുടെ പട്ടിക തയ്യാറാക്കി സ്ഥാനാർത്ഥികളായി പരിഗണിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. വിജയ സാധ്യതയുള്ള മണ്ഡലങ്ങൾ കണ്ടെത്തി അവിടേക്ക് ഉതകുന്ന സ്ഥാനാർത്ഥികളെ തന്നെ പരിഗണിക്കാനാണ് നീക്കം. ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടി മുതൽ സിനിമാ താരം കൃഷ്ണകുമാർ വരെയുള്ളവരെ സാധ്യത പട്ടികയിൽ പരിഗണിക്കുന്നുണ്ട.

ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുല്ലക്കുട്ടിയെ കാസർകോട്ടും സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ കോന്നിയിലും മൽസരിപ്പിക്കുമെന്നു സൂചനകളാണ് പുറത്തുവരുന്നത്. താരസ്ഥാനാർത്ഥികളായാണ് സുരേഷ് ഗോപിയെയും കൃഷ്ണകുമാറിനെയും പരിഗണിക്കുന്നത്. കൂടാതെ ഉദ്യോഗസ്ഥ തലത്തിൽ നിന്നും സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാനാണ് ബിജെപി നീക്കം. വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥരായ ടി പി സെൻകുമാർ, ജേക്കബ് തോമസ് എന്നിവരും മുൻ ഐഎസ്ആർഒ ചെയർമാൻ ജി മാധവൻ നായരും അടക്കം സ്ഥാനാർത്ഥി പട്ടികയിൽ ഉൾപ്പെടുന്നു.

സംഘടനാ ചുമതല നൽകിയതിലെ അവഗണനയിൽ പ്രതിഷേധിച്ചു പ്രവർത്തനരംഗത്തു നിന്നു വിട്ടുനിൽക്കുന്ന മുതിർന്ന നേതാവ് ശോഭാ സുരേന്ദ്രന് ഇക്കുറി പാലക്കാട് നിയമസഭാ മണ്ഡലം നൽകില്ലെന്ന സൂചനയാണുള്ളത്. ഇവരെ ഇവിടെ നിന്നും മാറ്റി ബിജെപി തദ്ദേശ തിരഞ്ഞെടുപ്പിൽ മുന്നേറ്റമുണ്ടാക്കിയ വർക്കലയിലേക്കാണ് പരിഗണിക്കുന്നത്. കാട്ടാക്കടയും പറഞ്ഞു കേൾക്കുന്നുണ്ടെങ്കിലും അവിടെ പി കെ കൃഷ്ണദാസിനാണ് മുൻതൂക്കം.

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ശോഭാ സുരേന്ദ്രൻ രണ്ടേമുക്കാൽ ലക്ഷം വോട്ടു നേടിയ ആറ്റിങ്ങൽ മണ്ഡലത്തിൽപ്പെട്ട നിയമസഭാ മണ്ഡലമാണ് കാട്ടാക്കടയും വർക്കലയും. ഈ സീറ്റുകളിൽ മുതിർന്ന നേതാക്കൾ കണ്ണുവെക്കുന്നുണ്ട്. നിലവിൽ ഒ രാജഗോപാൽ പ്രതിനിധീകരിക്കുന്ന നേമം മണ്ഡലത്തിൽ അദ്ദേഹം മൽസരിക്കുന്നില്ലെങ്കിൽ കുമ്മനം രാജശേഖരനെ മൽസരിപ്പിക്കാനാണ് ആലോചിക്കുന്നത്. കുമ്മനത്തെ ചെങ്ങന്നൂരിലും പരിഗണിക്കുന്നു. പക്ഷേ, മിസോറാം ഗവർണർ സ്ഥാനം രാജിവച്ച് പി എസ് ശ്രീധരൻ പിള്ള സജീവരാഷ്ട്രീയത്തിലേക്കു മടങ്ങും എന്ന സൂചന നിലനിൽക്കുന്നുണ്ട്. അദ്ദേഹം തിരിച്ചുവന്നാൽ ചെങ്ങന്നൂരിൽ മൽസരിച്ചേക്കും.

രാജ്യസഭാംഗം സുരേഷ് ഗോപിക്കും നേമത്ത് നോട്ടമുണ്ട്. സുരേഷ് ഗോപി തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ മൽസരിക്കട്ടെ എന്നാണ് ബിജെപി നിലപാട്. സുരേഷ് ഗോപിക്ക് പുറമേ സജീവ ബിജെപി അനുഭാവിയായ കൃഷ്ണകുമാറും പരിഗണനയിലുണ്ട്. സെൻകുമാറിനെ കഴക്കൂട്ടത്തും ജേക്കബ് തോമസിനെ ഇരിങ്ങാലക്കുടയിലും ജി മാധവൻ നായരെ നെയ്യാറ്റിൻകരയിലുമാണ് കരടു പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ നെയ്യാറ്റിൻകരയിൽ സ്ഥാനാർത്ഥിയാകാൻ പ്രമുഖ ഹോട്ടൽ ഗ്രൂപ്പിന്റെ ഉടമയും ശ്രമിക്കുന്നു.

ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയെ പാലക്കാട്ടും ആർഎസ്എസ് നേതാവ് വൽസൻ തില്ലങ്കേരിയെ കുന്ദമംഗലത്തും പരിഗണിക്കുന്നു. കുന്ദമംഗലത്ത് മുൻ സംസ്ഥാന പ്രസിഡന്റ് സി കെ പത്മനാഭനും പട്ടികയിലുണ്ട്. പി സി ജോർജ്ജ് പൂഞ്ഞാറിലും മകൻ ഷോൺ ജോർജ്ജ് കോട്ടയത്തും പി സി തോമസ് തൊടുപുഴയിലും എൻഡിഎ സ്ഥാനാർത്ഥിയായി മൽസരിക്കാൻ തയ്യാറായാൽ ബിജെപി പരിഗണിക്കും. മുൻ മന്ത്രി അൽഫോൻസ് കണ്ണന്താനം കാഞ്ഞിരപ്പള്ളിയിൽ മത്സരിക്കാനാണ് പരിഗണിക്കുന്നത്.

അതേസമയം, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വി മുരളീധരൻ 43732 വോട്ടു നേടി രണ്ടാം സ്ഥാനത്തെത്തിയ കഴക്കൂട്ടത്ത് കെ സുരേന്ദ്രൻ മൽസരിക്കണം എന്ന് ഒരു വിഭാഗം ശക്തമായി ആവശ്യപ്പെടുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം നടന്ന കോന്നി ഉപതെരഞ്ഞെടുപ്പിൽ മൽസരിച്ച കെ സുരന്ദ്രൻ മൂന്നാം സ്ഥാനത്തേക്കു പോയിരുന്നു. യുഡിഎഫ് സ്ഥാനാർത്ഥി പി മോഹൻ രാജുമായി 4360 വോട്ടിന്റെ വ്യത്യാസം മാത്രമാണ് സുരേന്ദ്രനുണ്ടായിരുന്നത്. വിജയിച്ച എൽഡിഎഫ് സ്ഥാനാർത്ഥി കെ യു ജനേഷ് കുമാറുമായി 14313 വോട്ടിന്റെ വ്യത്യാസം. സുരേന്ദ്രൻ വീണ്ടും മൽസരിച്ചാൽ ഇതു മറികടന്ന് കോന്നി പിടിക്കാനാകും എന്ന പ്രതീക്ഷയിലാണ് ബിജെപി.

2016ൽ മഞ്ചേശ്വരത്തു മൽസരിച്ച സുരേന്ദ്രൻ യുഡിഎഫ് സ്ഥാനാർത്ഥി പി ബി അബ്ദുൽ റസാഖിനോടു തോറ്റത് 89 വോട്ടുകൾക്കു മാത്രമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട്ട് മൽസരിച്ച ശോഭാ സുരേന്ദ്രൻ 40076 വോട്ടു നേടി രണ്ടാം സ്ഥാനത്തെത്തിയിരുന്നു. കഴക്കൂട്ടത്തിനും മഞ്ചേശ്വരത്തിനും പാലക്കാടിനും പുറമേ കാസർകോട് (രവീശ തന്ത്രി), മലമ്പുഴ (സി കൃഷ്ണകുമാർ), ചാത്തന്നൂർ ( ബി ബി ഗോപകുമാർ), വട്ടിയൂർക്കാവ് ( കുമ്മനം രാജശേഖരൻ) മണ്ഡലങ്ങളിലാണ് ബിജെപി രണ്ടാം സ്ഥാനത്തെത്തിയത്. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം നടന്ന വട്ടിയൂർക്കാവ് ഉപതെരഞ്ഞടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായ എസ് സുരേഷ് മൂന്നാം സ്ഥാനത്തായിരുന്നു. ഇത്തവണ സുരേഷിനെ വാമനപുരത്തും വട്ടിയൂർക്കാവിൽ ജില്ലാ പ്രസിഡന്റ് വി വി രാജേഷിനെയും മൽസരിപ്പിക്കാനാണ് ആലോചന.

പ്രാഥമിക പരിഗണനാ കരടു പട്ടിക ഇങ്ങനെ:

മഞ്ചേശ്വരം രവീഷ തന്ത്രി, കാസർകോട് അബ്ദുല്ലക്കുട്ടി, തലശ്ശേരി സദാനന്ദൻ മാസ്റ്റർ, എലത്തൂർ കെ പി ശ്രീശൻ, കോഴിക്കോട് നോർത്ത് പ്രകാശ് ബാബു, ബേപ്പൂർ അലി അക്‌ബർ, കുന്ദമംഗലം വത്സൻ തില്ലങ്കേരി അല്ലെങ്കിൽ സികെ പത്മനാഭൻ, ഒറ്റപ്പാലം സന്ദീപ് വാര്യർ, മലമ്പുഴ സി കൃഷ്ണകുമാർ, പാലക്കാട് കെ പി ശശികല, ഷൊർണൂർ പി ശിവശങ്കർ, നാട്ടിക പി എം വേലായുധൻ, കുന്നംകുളം കെ കെ അനീഷ് കുമാർ, ഗുരുവായൂർ അഡ്വ. നിവേദിത, മണലൂർ എ എൻ രാധാകൃഷ്ണൻ, വടക്കാഞ്ചേരി ഉല്ലാസ് ബാബു, തൃശൂർ ബി ഗോപാലകൃഷ്ണൻ അല്ലെങ്കിൽ സന്ദീപ് വാര്യർ, ഇരിങ്ങാലക്കുട ജേക്കബ് തോമസ്, പുതുക്കാട് നാഗേഷ്, കൊടുങ്ങല്ലൂർ പ്രതീഷ് വിശ്വനാഥൻ, തൃപ്പൂണിത്തുറ ശ്രീശാന്ത്, തൊടുപുഴ പിസി തോമസ്, കാഞ്ഞിരപ്പള്ളി അൽഫോൻസ് കണ്ണന്താനം, കോട്ടയം ഷോൺ ജോർജ്, ഏറ്റുമാനൂർ ജയസൂര്യൻ, പൂഞ്ഞാർ പിസി ജോർജ്, റാന്നി ജോർജ്ജ് കുര്യൻ, കോന്നി കെ സുരേന്ദ്രൻ, അടൂർ പി സുധീർ, ആറന്മുള എം ടി രമേശ്, ചങ്ങനാശേരി ബി രാധാകൃഷ്ണ മേനോൻ, കുട്ടനാട് സുഭാഷ് വാസു, തിരുവല്ല അനൂപ് ആന്റണി, മാവേലിക്കര രേണു സുരേഷ്,

ചെങ്ങന്നൂർ കുമ്മനം രാജശേഖരൻ അല്ലെങ്കിൽ പി എസ് ശ്രീധരൻ പിള്ള, കുന്നത്തൂർ രാജി പ്രസാദ്, കൊല്ലം അഡ്വ : ഗോപകുമാർ അല്ലെങ്കിൽ സുരേഷ് ഗോപി, കൊട്ടാരക്കര എംഎസ് കുമാർ, കരുനാഗപ്പള്ളി കെ എസ് രാധാകൃഷ്ണൻ, ചാത്തന്നൂർ ബി ബി ഗോപകുമാർ, വർക്കല സി വി ആനന്ദ ബോസ്, നെടുമങ്ങാട് പി കെ കൃഷ്ണദാസ്, കഴക്കൂട്ടം കെ സുരേന്ദ്രൻ അല്ലെങ്കിൽ ടി പി സെൻകുമാർ, വട്ടിയൂർക്കാവ് വി വി രാജേഷ്, തിരുവനന്തപുരം സെൻട്രൽ സുരേഷ് ഗോപി, നേമം ഒ രാജഗോപാൽ അല്ലെങ്കിൽ കുമ്മനം രാജശേഖരൻ, വാമനപുരം എസ് സുരേഷ്, പാറശാല കരമന ജയൻ, കാട്ടാക്കട ശോഭ സുരേന്ദ്രൻ, നെയ്യാറ്റിൻകര ജി മാധവൻ നായർ.