കൊൽക്കത്ത: ബിജെപിയുടെ സംഘടനാ പ്രവർത്തനത്തെ രൂക്ഷമായി വിമർശിച്ച മുതിർന്ന നേതാവ് തഥാഗത റോയിക്ക് മറുപടിയുമായി ദേശീയ ഉപാധ്യക്ഷൻ ദിലീപ് ഘോഷ്. തഥാഗത റോയി യാതൊരു പാർട്ടി പദവിയും നിലവിൽ വഹിക്കുന്നില്ലെന്നും അദ്ദേഹത്തിന്റെ പരാമർശങ്ങൾ പാർട്ടിക്ക് പ്രശ്‌നമുണ്ടാക്കില്ലെന്നും ദിലീപ് ഘോഷ് പറഞ്ഞു.

'ഞങ്ങളുടെ പാർട്ടിക്ക് ഇതൊരു പ്രശ്‌നമല്ല. ഒരു പക്ഷെ മാധ്യമങ്ങൾക്ക് പ്രശ്‌നമാകാം. അദ്ദേഹം പാർട്ടിയിൽ യാതൊരു സ്ഥാനവും വഹിക്കുന്നില്ല.'-ദിലീപ് ഘോഷ് പ്രതികരിച്ചു. ബിജെപി പശ്ചിമ ബംഗാൾ ഘടകത്തിൽ സംഘടനാപരമായ മാറ്റങ്ങൾ ഉടൻ ഉണ്ടാകുമെന്നും ഘോഷ് വ്യക്തമാക്കി.

ദേശീയ അധ്യക്ഷനും സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയും സംസ്ഥാന ഭാരവാഹികളുമായി ചർച്ച നടത്തുമെന്നും അതിന്റെ അടിസ്ഥാനത്തിൽ സംഘടനയിൽ മാറ്റങ്ങളുണ്ടാകുമെന്നും പശ്ചിമ ബംഗാൾ മുൻ അധ്യക്ഷനായിരുന്ന ദിലീപ് ഘോഷ് വ്യക്തമാക്കി.

ബിജെപി ബംഗാൾ ഘടകത്തിന്റെ താൽകാലിക ചുമതല വഹിക്കുന്ന കൈലാഷ് വിജയവാർഗിക്കെതിരെയും തഥാഗത റോയി വിമർശനം ഉയർത്തിയിരുന്നു. ഇത് വിവാദമായ പശ്ചാത്തലത്തിലാണ് ദിലീപ് ഘോഷ് വിമർശനവുമായി രംഗത്തുവന്നത്.