ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ ഉയർന്നുവന്ന കുഴൽപ്പണക്കേസ് അടക്കമുള്ള ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാന ബിജെപിയിൽ ഉടൻ അഴിച്ചുപണി നടത്തേണ്ടെന്ന ധാരണയിൽ കേന്ദ്ര നേതൃത്വം. കെ സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്നു നീക്കുന്നതു രാഷ്ട്രീയമായി ബിജെപിക്ക് ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യുമെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് നേതൃത്വത്തിന്റെ തീരുമാനം. സുരേന്ദ്രൻ കേന്ദ്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്തി, വിവാദങ്ങളിൽ വിശദീകരണം നൽകിയിരുന്നു.

കേരളത്തിലെ തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളെക്കുറിച്ചും ഫണ്ട് വിനിയോഗത്തെക്കുറിച്ചും ഒട്ടേറെ പരാതികൾ ദേശീയ നേതൃത്വത്തിനു ലഭിച്ചിട്ടുണ്ട്. ഇക്കാര്യങ്ങൾ വിശദമായി പരിശോധിക്കാൻ നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. എന്നാൽ ഉടൻ സംസ്ഥാനത്ത് നേതൃമാറ്റം കൊണ്ടുവരുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നാണ് പാർട്ടി വിലയിരുത്തുന്നത്. ആരോപണങ്ങൾ അംഗീകരിക്കുന്നതിനു തുല്യമാവും അതെന്ന് നേതാക്കൾ പറയുന്നു.

കേന്ദ്ര നേതൃത്വത്തിന്റെ നിർദേശപ്രകാരം ഡൽഹിയിൽ എത്തിയ കെ സുരേന്ദ്രൻ പാർട്ടി അധ്യക്ഷൻ ജെപി നഡ്ഢയുമായി കൂടിക്കാഴ്ച നടത്തി. വിവാദങ്ങളിൽ സുരേന്ദ്രൻ വിശദീകരണം നൽകി. രാഷ്ട്രീയമായും നിയമപരമായും നേരിടാനുള്ള നിർദേശമാണ് നഡ്ഢ നൽകിയത്.

രാഷ്ട്രീയ എതിരാളികളേക്കാൾ വിവാദങ്ങൾക്കു മൂർച്ച കൂട്ടുന്നത് പാർട്ടിയിലെ ഗ്രൂപ്പ് പോര് ആണെന്നാണ് നേതൃത്വം കരുതുന്നത്. ഒന്നിച്ചു നിന്നില്ലെങ്കിൽ കർശന നടപടിയുണ്ടാവുമെന്ന സൂചന നേതൃത്വം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് പാർട്ടിയെ ശക്തിപ്പെടുത്താൻ ഉടൻ നടപടിയുണ്ടാവുമെന്നും, എന്നാൽ അതു വിവാദങ്ങളുടെ പേരിൽ ആവില്ലെന്നുമുള്ള സൂചനയാണ് നേതൃത്വം നൽകുന്നത്.

സംസ്ഥാന സർക്കാരിനെതിരായ പോരാട്ടം ശക്തമാക്കാൻ ദേശീയാധ്യക്ഷൻ ജെ.പി. നഡ്ഡ നിർദ്ദേശം നൽകിയതായി കെ. സുരേന്ദ്രൻ പറഞ്ഞു. നഡ്ഡയുടമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.

കേരളത്തിലെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം സംബന്ധിച്ച് നഡ്ഡയെ അറിയിച്ചതായി സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. പിണറായി വിജയൻ സർക്കാരിന്റെ വിദ്വേഷ രാഷ്ട്രീയത്തിനും കള്ളക്കേസുകൾക്കും എതിരായി ശക്തമായി പ്രതികരിക്കാൻ നഡ്ഡ നിർദേശിച്ചതായി സുരേന്ദ്രൻ പറഞ്ഞു. പിണറായി വിജയന്റെ ഫാസിസ്റ്റ് നടപടികൾക്കെതിരായി പോരാട്ടം നടത്താൻ അദ്ദേഹം ആവശ്യപ്പെട്ടതായും സുരേന്ദ്രൻ വ്യക്തമാക്കി.

കുഴൽപ്പണ ആരോപണവുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു കെ. സുരേന്ദ്രൻ നഡ്ഡയുടെ വസതിയിൽവെച്ച് കൂടിക്കാഴ്ച നടത്തിയത്. കേന്ദ്രമന്ത്രി വി. മുരളീധരനും ചർച്ചയിൽ പങ്കെടുത്തു.