തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മത്സരിക്കണമെന്ന് പാർടടി കോർ കമ്മിറ്റി യോഗത്തിൽ ആവശ്യം. സംഘടനാ ചുമതലയുള്ളതിനാൽ മത്സരിക്കാനില്ലെന്ന നിലപാടിലായിരുന്നു അദ്ദേഹം. എന്നാൽ, വി മുരളീധരൻ മത്സരിക്കാൻ കേന്ദ്രം അനുമതി നിഷേധിച്ചതോടെ രണ്ട് മണ്ഡലങ്ങളിലേക്കാണ് കെ സുരേന്ദ്രന്റെ പേര് സജീവ പരിഗണനയിൽ ഉള്ളത്. കോന്നിയിലും കഴക്കൂട്ടത്തുമാണ് സുരേന്ദ്രൻ മത്സരിക്കാൻ സാധ്യത കൂടുതലുള്ളത്.

വി. മുരളീധരൻ മത്സരിക്കാൻ ഇല്ലെങ്കിൽ പാർട്ടിയുടെ എ പ്ലസ് മണ്ഡലമായ കഴക്കൂട്ടത്ത് സുരേന്ദ്രനെ മത്സരിപ്പിക്കണം എന്നും ആവശ്യമുയർന്നു.നേമത്ത് കുമ്മനം രാജശേഖരനാണ് സാദ്ധ്യത കല്പിക്കുന്നത്. വട്ടിയൂർക്കാവിൽ പട്ടികയിൽ ആദ്യം ഉള്ളത് വി വി രാജേഷാണ്. സുരേഷ് ഗോപി തൃശ്ശൂരിൽ മത്സരിക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. എന്നാൽ, കേന്ദ്ര നേതൃത്വം പറയാതെ മത്സരിക്കാനില്ലെന്ന നിലപാടിലാണ് സുരേഷ് ഗോപി.

ഇ.ശ്രീധരന് പ്രഥമ പരിഗണന നൽകിയിരിക്കുന്നത് പാലക്കാട് മണ്ഡലത്തിലെ സ്ഥാനാർത്ഥി പട്ടികയിലാണ്. വീടിനടുത്തുള്ള മണ്ഡലത്തിൽ മത്സരിക്കാനുള്ള താൽപര്യമാണ് അദ്ദേഹം നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. മത്സരിക്കാനില്ലെന്ന നിലപാടെടുത്ത സുരേഷ് ഗോപി സിനിമാ ചിത്രീകരണ തിരക്കിലാണ്. കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടാൽ നിലപാട് തിരുത്തിയേക്കും.

മുൻ സംസ്ഥാന അദ്ധ്യക്ഷൻ പി.കെ. കൃഷ്ണദാസിനെ കാട്ടാക്കടയിൽ നിന്ന് മത്സരിപ്പിക്കാനാണ് ആലോചന. മുൻ തിരുവനന്തപുരം ജില്ലാ പ്രസിഡന്റായ എസ് .സുരേഷിന് കോവളത്താണ് പ്രഥമ പരിഗണന. നാളെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുക്കുന്ന കോർ കമ്മിറ്റിയോഗം തിരുവനന്തപുരത്ത് വീണ്ടും ചേരുന്നുണ്ട്. ഈ യോഗത്തിൽ സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നൽകുമെന്നാണ് റിപ്പോർട്ട്. ഈ യോഗത്തിലാകും ആരൊക്കെ മത്സരിക്കം എന്ന തീരുമാനം ഉണ്ടാകുക.