എറണാകുളം: തൃക്കാക്കര നഗരസഭയിൽ കൗൺസിലർമാർക്ക് ഓണസമ്മാനമായി ചെയർപേഴ്‌സൺ 10000 രൂപ വീതം നൽകിയതിനെ തുടർന്നുണ്ടായ വിവാദം ബിജെപിയിലും ഗ്രൂപ്പ് പോരിന് കാരണമാകുന്നു. അതിന്റെ പേരിൽ ബിജെപി തൃക്കാക്കര മണ്ഡലം കമ്മിറ്റിയിൽ തമ്മിലടി ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ.

പണക്കിഴി വിവാദത്തിൽ പ്രതിഷേധം നടത്താത്തത് ചോദ്യം ചെയ്തതിന് ബിജെപി മണ്ഡലം പ്രസിഡന്റ് ഭീഷണിപ്പെടുത്തിയതായി ആരോപിച്ച് ഐടി സെൽ ജില്ലാ കോ ഓർഡിനേറ്റർ രംഗത്ത്. ഐ.ടി. സെൽ കോ ഓർഡിനേറ്റർ ആർ. രാജേഷിനെ ബിജെപി മണ്ഡലം പ്രസിഡന്റ് എ.ആർ. രാജേഷ് ഭീഷണിപ്പെടുത്തുന്ന ഫോൺ സംഭാഷണവുംം പുറത്ത് വിട്ടു.

പണക്കിഴി വിവാദത്തിൽ പ്രതിഷേധം നടത്തിയില്ലെന്നാരോപിച്ച് ബിജെപിയിൽ വിമർശനമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തിയത്. തന്നെ ഭീഷണിപ്പെടുത്തിയ മണ്ഡലം പ്രസിഡന്റിനെതിരെ ജില്ലാ പ്രസിഡന്റിന് പരാതി നൽകിയെന്നും ആർ. രാജേഷ് അറിയിച്ചു.

ഒന്നാംഓണത്തിന് തലേന്നാണ് തൃക്കാക്കര നഗരസഭയിൽ ഓണക്കോടിക്കൊപ്പം കൗൺസിലർമാർക്ക് ചെയർപേഴ്സൻ 10,000 രൂപയും സമ്മാനിച്ചത്. പണം വാങ്ങുന്നത് പന്തിയല്ലെന്ന് തോന്നിയവർ കവർ ചെയർപേഴ്സണ് തന്നെ തിരിച്ച് നൽകി വിജിലൻസിൽ പരാതി നൽകി.

സംഭവത്തിൽ കോൺഗ്രസ് കൗൺസിലർ വി.ഡി. സുരേഷ് അടക്കം അന്വേഷണം വേണമെന്നാവശ്യപ്പെട്ട് രംഗത്തെത്തി. പണക്കിഴി വിതരണം വിവാദമായതോടെ ചെയർപേഴ്സന്റെ നടപടിയിൽ കോൺഗ്രസ് നേതൃത്വം തന്നെ അന്വേഷണം പ്രഖ്യാപിച്ചക്കുകയായിരുന്നു. അതേസമയം പണം ആർക്കും നൽകിയിട്ടില്ലെന്ന നിലപാടിൽ ഉറച്ച് നൽക്കുകയാണ് ചെയർപേഴ്സൻ അജിത തങ്കപ്പൻ.