ന്യൂഡൽഹി: കർഷക ബില്ലും പൗരത്വ ബില്ലും പോലുള്ള വിവാദ നിയമ നിർമ്മാണങ്ങൾക്ക് കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നുവോ എന്ന അഭ്യൂഹം അതിശക്തം. അടുത്തയാഴ്ച 8 മുതൽ 12 വരെ നിർബന്ധമായും സഭയിലുണ്ടാകണമെന്ന് ബിജെപി രാജ്യസഭാംഗങ്ങൾക്കു വിപ്പ് നൽകി. 'വളരെ പ്രധാനപ്പെട്ട' ചില നിയമനിർമ്മാണ നടപടികൾക്കു സാധ്യതയുള്ളതിനാലാണിതെന്ന് എംപിമാരെ അറിയിച്ചു. ഇതാണ് അഭ്യൂഹങ്ങൾ കൂട്ടുന്നത്. ഏത് തരത്തിലുള്ള നിയമങ്ങളാകും എത്തുകയെന്ന് ആർക്കും ഒരു പിടിയുമില്ല.

രാഷ്ട്രപതിയുടെ നന്ദിപ്രമേയത്തിന്മേലുള്ള വോട്ടെടുപ്പ്, പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗം, നേരത്തേ ഇറക്കിയ ചില ഓർഡിനൻസുകൾ ബില്ലുകളാക്കിയുള്ള അവതരണം എന്നിവയുടെ പശ്ചാത്തലത്തിലാണ് വിപ്പ്. കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ പല അംഗങ്ങളും സഭയിലെത്താറുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് വിപ്പു പുറപ്പെടുവിക്കുന്നത്. ലോക്‌സഭയിൽ ബിജെപിക്ക് വ്യക്തമായ മേൽക്കൈയുണ്ട്. രാജ്യസഭയിൽ സ്ഥിതി അതല്ല. ഈ സാഹചര്യത്തിലാണ് എല്ലാം ബിജെപി അംഗങ്ങളോടും സഭയിൽ എത്താനുള്ള നിർദ്ദേശം.

ബിജെപി വിപ്പിനെക്കുറിച്ചുള്ള വാർത്തകളെത്തുടർന്ന് കേന്ദ്രസർക്കാർ പുതിയ നിയമനിർമ്മാണങ്ങൾ നടപ്പാക്കുമെന്ന രീതിയിൽ സമൂഹ മാധ്യമങ്ങൾ അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ വിശദീകരണത്തിന് തയ്യാറായിട്ടില്ല. കർഷക സമരങ്ങൾ കൊടുമ്പരി കൊണ്ടിരിക്കുമ്പോഴാണ് പുതിയ നീക്കം. ഇത്തരം പ്രക്ഷോഭങ്ങളെ അതിശക്തമായി നേരിടുന്നതിനുള്ള നിയമ നിർമ്മാണവും കേന്ദ്ര സർക്കാരിന്റെ പരിഗണനയിലുണ്ടെന്നാണ് സൂചന.

ചർച്ചയുടെ അടുത്ത തിയതി തീരുമാനിക്കുന്നതിനായി സർക്കാർ കർഷക സംഘടനാ നേതാക്കളുമായി ബന്ധപ്പെടുന്നുണ്ടെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ ഇന്നലെ അറിയിച്ചിരുന്നു. കർഷക സംഘടനകൾ പ്രക്ഷോഭം ശക്തമാക്കുകയും കർഷക നേതാക്കൾ നിരഹാര സമരം അനുഷ്ടിക്കുകയും ചെയ്തുവരുന്ന പശ്ചാത്തലത്തിലാണ് കൃഷി മന്ത്രിയുടെ പ്രതികരണം. 'ചർച്ചകൾ വീണ്ടും ഉണ്ടാകും. ഞങ്ങൾ കർഷകരുമായി ബന്ധപ്പെട്ട് വരുന്നു' തോമർ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. സർക്കാർ ഏത് സമയവും ചർച്ചയ്ക്ക് തയ്യാറാണ്. കർഷക നേതാക്കൾ അടുത്ത യോഗത്തിന് തയ്യാറാകുമ്പോൾ അക്കാര്യം തീരുമാനിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കർഷക നേതാക്കളുമായി സർക്കാർ നേരത്തെ അഞ്ചുഘട്ടമായി ചർച്ച നടത്തിയിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. താങ്ങുവില സമ്പ്രദായം തുടരുമെന്ന രേഖാമൂലമുള്ള ഉറപ്പിനൊപ്പം സർക്കാർ കരട് നിർദ്ദേശം അയച്ചെങ്കിലും കർഷക സംഘടനകൾ ഇത് തള്ളുകയും പുതിയ കാർഷിക നിയമങ്ങൾ പൂർണ്ണമായും റദ്ദാക്കണമെന്നതിൽ ഉറച്ച് നിൽക്കുകയും ചെയ്തു. പുതിയ നിയമങ്ങൾ കർഷകരുടെ ജീവിതത്തെ പരിവർത്തിക്കുകയാണ് ഉദ്ദേശിക്കുന്നതെന്നും സർക്കാർ നയവും ഈ നിയമങ്ങൾക്ക് പിന്നിലെ ഉദ്ദേശ്യവും വ്യക്തമാണെന്നും തോമർ പറഞ്ഞു. കർഷക നിയമങ്ങളിൽ ഭേദഗതി കൊണ്ടു വരാൻ കേന്ദ്രം തയ്യാറെടുക്കുന്നതായി സൂചനയുണ്ട്. ഈ സാഹചര്യത്തിലാണ് വിപ്പ് നൽകൽ വാർത്തകളിൽ എത്തുന്നത്.

കൃഷി നിയമങ്ങൾ നടപ്പാക്കുന്നത് ഒന്നര വർഷത്തേക്കു മാറ്റിവയ്ക്കാമെന്നു മോദി സർക്കാർ തന്നെ പറയുമ്പോൾ അതിൽ കീഴടങ്ങലിന്റെ ധ്വനിയുണ്ട്. കർഷകരുമായി ചർച്ചയ്‌ക്കെന്നോണം തൽക്കാലത്തേക്കു നിയമങ്ങൾ മരവിപ്പിച്ചുകൂടേയെന്നു നേരത്തെ സുപ്രീം കോടതി ചോദിച്ചപ്പോൾ പറ്റില്ലെന്നു പറഞ്ഞ സർക്കാരാണ് ഇപ്പോൾ നിലപാടു മാറ്റുന്നത്.പാർലമെന്റ് അടുത്ത കാലത്തു പാസാക്കിയതിൽ 3 കൃഷി നിയമങ്ങൾക്കു പുറമെ, പൗരത്വ നിയമ ഭേദഗതിയും ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ഒഴിവാക്കാനുള്ള ഭരണഘടനാ ഭേദഗതിയും വിവാദമായി. ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയും സംസ്ഥാന പദവിയും ഒഴിവാക്കി. എന്നാൽ 2019 ഡിസംബറിൽ പാസാക്കിയ പൗരത്വ നിയമ ഭേദഗതിയുടെ ചട്ടങ്ങൾക്ക് ഇനിയും അന്തിമ രൂപം നൽകിയിട്ടില്ല.

ഇക്കാര്യത്തിൽ കോവിഡ് പ്രശ്‌നങ്ങൾക്കു ശേഷം നടപടിയുണ്ടാകുമെന്നാണു കഴിഞ്ഞ മാസം ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞത്. ബംഗാളിലും അസമിലും നിയമസഭാ തിരഞ്ഞെടുപ്പിൽ പൗരത്വ പ്രശ്‌നം പ്രതികൂല സാഹചര്യം സൃഷ്ടിക്കാമെന്ന ആശങ്ക ബിജെപിക്കുണ്ട്.