തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി കേരളത്തിലെ ബിജെപിക്കുള്ളിൽ പുനർവിചിന്തനത്തിന് വേദിയാകുന്നുവെന്ന് സൂചന. ഉത്തരേന്ത്യൻ മോഡൽ തീവ്രഹിന്ദുത്വപ്രചാരണം പാർട്ടിക്ക് ദോഷം ചെയ്തു എന്ന അഭിപ്രായമാണ് ഭൂരിഭാഗം നേതാക്കൾക്കുമുള്ളത്. ഹിന്ദുത്വ അജൻഡയിൽനിന്ന് ബിജെപി.ക്ക് ഒട്ടും വ്യതിചലിക്കാനാവില്ലെങ്കിലും ഹിന്ദുഭീകരതയെന്ന ന്യൂനപക്ഷങ്ങളുടെ ഭയമകറ്റാൻ മൃദുഹിന്ദുത്വം മതിയെന്ന് കരുതുന്നവരാണ് മുതിർന്ന നേതാക്കളിൽ നല്ലൊരു ഭാഗവും. കാസർകോട്ട് നടന്ന സംസ്ഥാന ഭാരവാഹി യോഗത്തിൽ ഹിന്ദുത്വ സമീപനത്തെപ്പറ്റി പരാമർശമുണ്ടായെങ്കിലും അവിടെ ചർച്ചയുണ്ടായില്ല. ജനങ്ങൾക്കിടയിൽ സൗമ്യമുഖമുണ്ടായിരുന്ന നേതാക്കളെക്കൊണ്ടുപോലും മുസ്ലിംവിരുദ്ധത പറയിച്ച നേതൃത്വത്തോടും അവർക്ക് അമർഷമുണ്ട്.

ന്യൂനപക്ഷ സമുദായങ്ങളെ ഒപ്പംനിർത്താതെ കേരളത്തിലെ ബിജെപിക്ക് വളരാനാവില്ലെന്ന് ഒരുവിഭാഗം പറയുന്നു. അടിസ്ഥാനപരമായി ഹിന്ദുത്വത്തിൽ നിന്നും പാർട്ടിക്ക് വ്യതിചലിക്കാനാവില്ലെങ്കിലും മറ്റ് വിഭാഗങ്ങളെ കൂടി ഒപ്പം നിർത്താന് തന്ത്രംമെനയുന്ന ബിജെപി.യിൽ ഹിന്ദുത്വത്തിന്റെ അളവ് എത്രത്തോളമാകാമെന്ന ചർച്ചാണ് ഇപ്പോൾ നടക്കുന്നത്. കേരളത്തെ സംബന്ധിച്ച് വടക്കേയിന്ത്യയിലേതുപോലുള്ള തീവ്ര നിലപാടുകൾ പരീക്ഷിക്കാനാവില്ലെന്ന് നേതാക്കൾ രഹസ്യമായി പറയുന്നു. പ്രത്യേകിച്ചും ക്രിസ്ത്യൻ, മുസ്ലിം സമുദായങ്ങളിൽ കാര്യമായ സ്വാധീനമുണ്ടാക്കണമെന്ന് പാർട്ടിയിൽത്തന്നെ ആവശ്യം ശക്തമാകുമ്പോൾ.

വടക്കേയിന്ത്യൻ ഹിന്ദുത്വ നിലപാട് കേരളത്തിൽ വിലപ്പോകില്ലെന്ന തിരിച്ചറിവ് ഇവിടത്തെ നേതൃത്വത്തിനുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയം വിശകലനംചെയ്ത് കേസരി വാരിക പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നത്, കോൺഗ്രസ് സംസ്‌കാരത്തിൽ പാർട്ടി വളർത്താൻ ശ്രമിച്ചാൽ കേരളത്തിൽ ഹിന്ദുത്വ രാഷ്ട്രീയം വളരില്ല, വടക്കേയിന്ത്യൻ മാതൃക കേരളത്തിൽ വിജയിക്കില്ല എന്നാണ്. മതന്യൂനപക്ഷങ്ങൾ വലിയൊരു വിഭാഗമുള്ള കേരളത്തിൽ തീവ്രഹിന്ദുത്വം ഉപയോഗിക്കാമെന്ന് തീരുമാനിച്ച നേതാക്കളുടെ മണ്ടൻ തീരുമാനത്തിനെതിരെയും കേസരിയിൽ ഒളിയമ്പെയ്യുന്നു.

പൊതുവേദികളിൽ ഹിന്ദുത്വ നിലപാടുകൾ ചർച്ചയാകുന്നില്ലെങ്കിലും ബിജെപി.യോടും ആർ.എസ്.എസിനോടുമുള്ള അനാവശ്യ പേടി ഇല്ലാതാക്കണമെന്ന അഭിപ്രായമാണ് മിക്ക നേതാക്കൾക്കും. ചാനൽ ചർച്ചകൾ പോലെ ജനങ്ങൾ കാണുന്ന പരിപാടികളിൽ ചില നേതാക്കൾ തൊടുത്തുവിടുന്ന ചില പ്രയോഗങ്ങൾ ബിജെപിയെ മതന്യൂനപക്ഷങ്ങളിൽ നിന്നും അകറ്റാനും ബിജെപി ഭയം വളർത്താനും പാർട്ടിയെ എതിരാളികൾക്ക് പരിഹസിക്കാനുമാണ് പ്രയോജനപ്പെട്ടിട്ടുള്ളതെന്നാണ് അവർ പറയുന്നത്.

പാറശ്ശാല മുതൽ കാസർകോട് വരെ മുസ്ലിം ന്യൂനപക്ഷ ധ്രുവീകരണമുണ്ടായതാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ വിജയത്തിലെത്തിച്ചതെന്നും തീവ്ര ഇസ്ലാമിക പ്രസ്ഥാനങ്ങൾ ഇടതിന് അനുകൂലമായി സൈബർ പ്രചാരണം നടത്തിയെന്നും കേസരിയിലെ ലേഖനത്തിൽ പറഞ്ഞിരുന്നു. ക്രൈസ്തവ, മുസ്ലിം സമുദായങ്ങളിൽനിന്ന് എൻ.ഡി.എ.ക്ക് കേന്ദ്രമന്ത്രിമാരും പാർട്ടിക്ക് ഭാരവാഹികളും ഉണ്ടെങ്കിലും ഇരു സമുദായങ്ങളിലും കാര്യമായ സ്വാധീനമുണ്ടാക്കാനാവുന്നില്ലെന്ന തിരിച്ചറിവ് നേതാക്കൾക്കുണ്ട്. അൽഫോൻസ് കണ്ണന്താനവും ജേക്കബ്ബ് തോമസിനെയും അബ്ദുള്ളക്കുട്ടിയേയും പോലുള്ള ചില ന്യൂനപക്ഷ മതവിഭാഗങ്ങളിൽ നിന്നുള്ളവർ പാർട്ടിയിലെത്തിയെങ്കിലും സാധാരണക്കാരിലേയ്ക്ക് അതിന്റെ സന്ദേശം എത്തുന്നില്ല. ബിജെപിയുടെ മുസ്ലിം വിരോധം ക്രിസ്ത്യൻ വിഭാഗങ്ങൾക്കിടയിൽ വേരോട്ടമുണ്ടാക്കിയെങ്കിലും അവർ ഇപ്പോഴും എൽഡിഎഫിന് ബദലായി കാണുന്നത് യുഡിഎഫിനെ തന്നെയാണെന്നതും തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പിന്നോട്ടുപോക്കിന് കാരണമായി.

ഈ സാഹചര്യത്തിന് മാറ്റമുണ്ടാകണമെന്നതിൽ ഗൗരവ ചർച്ച നടക്കുമ്പോഴാണ് കേരളത്തിൽ പ്രയോഗിക്കേണ്ട ഹിന്ദുത്വത്തിന്റെ അളവ് പാർട്ടിക്കുള്ളിൽ ചർച്ചയ്കുന്നത്. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ പാർട്ടിയുടെ സംസ്ഥാന നേതൃത്വത്തിലേയ്ക്ക് എത്തിയ മോദി- അമിത് ഷാ ഭക്തരായ മധ്യനിര ഉത്തരേന്ത്യൻ ശൈലിയിൽ കൂടുതൽ തീവ്രഹിന്ദുത്വത്തിനായി വാദിക്കുന്നുവെന്നതാണ് സീനിയർ നേതാക്കളെ കുഴയ്ക്കുന്നത്. എന്നാൽ ഈ ചർച്ച തന്നെ അനാവശ്യമാണ് എന്നാണ് ഒരു വിഭാഗത്തിന്റെ വാദം. പ്രവർത്തകർക്ക് ആവേശം പകരുന്ന ചില തീവ്രവിഭാഗക്കാരെ നേതൃത്വത്തിൽ നിന്നും മാറ്റി ചില സൗമ്യമുഖങ്ങളെ അധികാരത്തിലെത്തിക്കാനുള്ള പ്രചരണത്തിന്റെ ഭാഗമാണ് ഇത്തരം ചർച്ചകളെന്നാണ് അവരുടെ വാദം. കേസരിയിൽ ഇത്തരമൊരു ലേഖനം വന്നത് തന്നെ ആർഎസ്എസിന് താൽപര്യമുള്ള ചില നേതാക്കൾക്ക് വേണ്ടിയാണെന്ന് അവർ കരുതുന്നു.