തിരുവനന്തപുരം: സംസ്ഥാന ബിജെപിയിൽ ഇപ്പോൾ കാര്യങ്ങൾ ഒന്നും നടക്കുന്നില്ലെന്ന അവസ്ഥയിലാണ്. ഗ്രൂപ്പിസം കാരണം പ്രവർത്തനം മുന്നോട്ടു പോകാൻ സാധിക്കാത്ത വിധത്തിൽ മുന്നോട്ടു പോകുമ്പോൾ തന്നെ കേന്ദ്ര സർക്കാറിന്റെ നയങ്ങളും നേതാക്കളെ വെട്ടിലാക്കുന്നു. ഇന്ധന വില കുത്തനെ ഉയരുന്നത് കാരണം പ്രവർത്തിക്കാൻ സാധിക്കാത്ത അവസ്ഥയാണ് ഇപ്പോഴുള്ളതെന്നാണ് ബിജെപി സംസ്ഥാന നേതൃയോഗത്തിൽ നേതാക്കൾ ചൂണ്ടിക്കാട്ടിയ പരാതി. പ്രവർത്തിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും അതിന് സാധിക്കാത്ത അവസ്ഥയാണെന്ന് ബിജെപി സംസ്ഥാന നേതൃയോഗത്തിൽ ഭാരവാഹികൾ പരാതിപ്പെട്ടു.

പ്രവർത്തനത്തിന് ഇറങ്ങുന്നിടത്തൊക്കെ പ്രതിരോധമായി ഇന്ധനവില വർധന ജനങ്ങൾ ഉയർത്തുന്നു എന്നും ഇവർ പറഞ്ഞു. ബിജെപി ദേശീയ സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ.സന്തോഷിന്റെ സാന്നിധ്യത്തിലായിരുന്നു അംഗങ്ങളുടെ പരാതി. വില വർധന താൽക്കാലികമാണെന്നും ഉടനെ പരിഹാരം കാണുമെന്നും ജനറൽ സെക്രട്ടറി മറുപടി നൽകി.

കേരള ബിജെപിയിൽ നടക്കുന്നതൊക്കെ ദേശീയ നേതൃത്വത്തിനു ബോധ്യമുണ്ടെന്നും അച്ചടക്കലംഘനം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയെ നന്നാക്കാനെന്ന പേരിൽ നേതൃത്വത്തിനെതിരെ പ്രസ്താവനകളും സമൂഹ മാധ്യമ പോസ്റ്റും പ്രചരിപ്പിക്കുന്നതു ദുരുദ്ദേശ്യപരമാണ്. ഇത്തരക്കാരെ നിരീക്ഷിക്കും. നേതാക്കൾ സംഘടനാ പ്രവർത്തനത്തിൽ മാത്രം ശ്രദ്ധിച്ചിട്ടു കാര്യമില്ല. മറ്റു സംസ്ഥാനങ്ങളിൽ നേതാക്കൾ ജനകീയ മുന്നേറ്റങ്ങൾക്കു നേതൃത്വം വഹിക്കുന്നു. അതുകൊണ്ടാണ് അവിടെ ബിജെപി വളർന്നത്. ജനകീയ പ്രശ്‌നങ്ങളിൽ ഇടപെട്ടു വേണം നേതാക്കൾ മുന്നേറാൻ. മാസത്തിന്റെ അവസാനയാഴ്ച എല്ലാ നേതാക്കളും ബൂത്തുകളിൽ പ്രവർത്തനം നടത്തണമെന്നും അദ്ദേഹം നിർദേശിച്ചു.

അതിനിടെ മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടിയെയും ബിജെപി നേതൃയോഗം സ്വാഗതം ചെയ്തു. മാർപാപ്പയെ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ചതും ഇന്ത്യയിലേക്കുള്ള മാർപാപ്പയുടെ വരവും ബിജെപി ന്യൂനപക്ഷ വിരുദ്ധമാണെന്ന പ്രചാരണത്തിന്റെ മുനയൊടിക്കുമെന്ന് സംസ്ഥാന നേതൃയോഗത്തിൽ പ്രമേയം.

കേരളത്തിൽ ഇതു ക്രൈസ്തവ സമൂഹത്തിന് ആത്മവിശ്വാസം നൽകും. പാർട്ടി ന്യൂനപക്ഷ വിരുദ്ധമാണെന്നു കേരളത്തിൽ പ്രചരിപ്പിക്കുന്ന ശക്തികൾക്കു തിരിച്ചടിയാകും. ക്രൈസ്തവ വിഭാഗങ്ങൾക്കിടയിൽ ബിജെപിയെക്കുറിച്ചുള്ള മതിപ്പ് വർധിപ്പിക്കും. മുല്ലപ്പെരിയാർ ഡാം ഡി കമ്മിഷൻ ചെയ്യണം. കേരളത്തിനു സുരക്ഷ തമിഴ്‌നാടിന് വെള്ളം എന്നും പ്രമേയത്തിൽ വ്യക്തമാക്കുന്നു.

അതിനിടെ ബിജെപി. പുനഃസംഘടനയ്ക്കുശേഷം ആദ്യമായിനടന്ന സംസ്ഥാന നേതൃയോഗത്തിൽനിന്ന് പ്രമുഖ നേതാക്കൾ വിട്ടുനിന്നുവെന്നത് ഗ്രൂപ്പിസം അവസാനിച്ചിട്ടില്ലെന്ന തെളിവായി മാറി. പി.കെ. കൃഷ്ണദാസ് പക്ഷത്തെ ജനറൽ സെക്രട്ടറി എം ടി. രമേശ്, വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണൻ, ഒരു ഗ്രൂപ്പിലുമില്ലാത്ത വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രൻ എന്നിവരാണ് ചൊവ്വാഴ്ച തിരുവനന്തപുരത്തുനടന്ന യോഗത്തിൽ പങ്കെടുക്കാതിരുന്നത്.

എന്നാൽ, പി.കെ. കൃഷ്ണദാസ് പങ്കെടുത്തു. കോർ കമ്മിറ്റി യോഗത്തിലും രമേശും രാധാകൃഷ്ണനും പങ്കെടുത്തില്ല. ദേശീയ സംഘടനാ സെക്രട്ടറി ബി.എൽ. സന്തോഷ്, പ്രഭാരി സി.പി. രാധാകൃഷ്ണൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം. പുനഃസംഘടനയിലെ പ്രതിഷേധം കൃഷ്ണദാസ് പക്ഷം നേരത്തേതന്നെ പരസ്യമാക്കിയത് ഭാരവാഹികളുടെ വാട്സാപ്പ് ഗ്രൂപ്പ് വിട്ടായിരുന്നു. രാധാകൃഷ്ണനെ ജനറൽ സെക്രട്ടറിയാക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, അതുണ്ടായില്ല. ശോഭയെ ദേശീയ നിർവാഹകസമിതിയിൽനിന്ന് ഒഴിവാക്കിയിരുന്നു.

തിരഞ്ഞെടുപ്പിലെ പരാജയത്തെപ്പറ്റിയുള്ള റിപ്പോർട്ടുകളുടെ ചർച്ച, താഴെത്തട്ടിലുള്ള പുനഃസംഘടന തുടങ്ങിയവയാണ് യോഗങ്ങളിലെ പ്രധാനചർച്ച. ബുധനാഴ്ച ജില്ലാ പ്രസിഡന്റുമാർ, പ്രഭാരിമാർ തുടങ്ങിയവർ പങ്കെടുക്കുന്ന ചർച്ചയും വിവിധ ഉപസമിതികളുടെ യോഗവും നടക്കും.

അതിനിടെ കെ-റെയിൽവിരുദ്ധ സമരത്തിന് ബിജെപി. പിന്തുണ നൽകുമെന്ന് സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു. കോടികളുടെ അഴിമതി ലക്ഷ്യംവച്ചാണ് സർക്കാർ കെ-റെയിലിനെ പിന്തുണയ്ക്കുന്നത്. കേരളത്തിൽ പ്രായോഗികമല്ലാത്ത പദ്ധതിയിൽനിന്ന് പിന്മാറണം. ശബരിമല വെർച്വൽ ക്യൂ നിർത്തലാക്കണം. ഭക്തരെ ഉപദ്രവിക്കുകയാണ് പിണറായി സർക്കാരിന്റെ ലക്ഷ്യം. ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി, മുൻ സംസ്ഥാന അധ്യക്ഷന്മാരായ ഒ. രാജഗോപാൽ, സി.കെ. പത്മനാഭൻ, കുമ്മനം രാജശേഖരൻ എന്നിവരും പങ്കെടുത്തു.