അഗർത്തല: ത്രിപുരയിലെ മുതിർന്ന ബിജെപി നേതാവും സുർമ മണ്ഡലത്തിൽനിന്നുള്ള എംഎൽഎയുമായ ആശിഷ് ദാസ് തൃണമൂൽ കോൺഗ്രസിലേക്ക്. സംസ്ഥാനത്തെ ബിജെപി സർക്കാരിനെ രൂക്ഷമായി വിമർശിച്ച ആശിഷ് തല മൊട്ടടിച്ചു.

സംസ്ഥാന സർക്കാരിന്റെ ദുഷ്പ്രവൃത്തികൾക്കുള്ള പ്രായശ്ചിത്തം എന്ന നിലയിലാണ് താൻ തലമൊട്ടയടിക്കുന്നതെന്ന് അദ്ദേഹം അവകാശപ്പെട്ടു. കൊൽക്കത്തയിലെ പ്രശസ്തമായ കാളിഘട്ട് ക്ഷേത്രത്തിൽ ആശിഷ് യജ്ഞവും നടത്തി. ഈ ക്ഷേത്രത്തിന് അടുത്താണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ വീട്.

ബിജെപി ത്രിപുരയിൽ രാഷ്ട്രീയ അരാജകത്വവും കലാപവും വളർത്തുകയാണെന്ന് ആശിഷ് ആരോപിച്ചു. സംസ്ഥാന സർക്കാരിന്റെ ഭരണത്തിൽ ജനങ്ങൾ അസംതൃപ്തരാണെന്നും അതിനാൽ താൻ പാർട്ടി വിടാൻ തീരുമാനിച്ചതായും അദ്ദേഹം കൊൽക്കത്തയിൽ മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തെ മമതാ ബാനർജിയെ പുകഴ്‌ത്തി ആശിഷ് രംഗത്തെത്തിയിരുന്നു. മമത പ്രധാനമന്ത്രിപദത്തിന് യോഗ്യയാണെന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്. സർക്കാർ വസ്തുവകകൾ സ്വകാര്യമേഖലയ്ക്ക് വിൽക്കുന്നതിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആശിഷ് ദാസ് വിമർശിച്ചിരുന്നു. കഴിഞ്ഞ രണ്ടുവർഷമായി മുഖ്യമന്ത്രി ബിപ്ലബ് ദേബിനെതിരെ അതിരൂക്ഷമായ വിമർശനങ്ങളും അദ്ദേഹം ഉന്നയിച്ചിട്ടുണ്ട്.

ആശിഷ് ഉടൻതന്നെ തൃണമൂൽ കോൺഗ്രസിൽ ചേർന്നേക്കുമെന്നാണ് സൂചന. 2023ൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ത്രിപുരയെ ഏറെ പ്രതീക്ഷയോടെയാണ് തൃണമൂൽ കോൺഗ്രസ് നോക്കിക്കാണുന്നത്.

ബിപ്ലവ് ദേബിനെതിരെ വലിയ അതൃപ്തിയാണ് തൃപുരയിലെ ബിജെപിയിൽ നിലനിൽക്കുന്നത്. മുൻ ആരോഗ്യമന്ത്രി സുദീപ് റോയ് ബർമന്റെ നേതൃത്വത്തിലുള്ള പരസ്യമായ വിമതപ്രവർത്തനങ്ങളെ കേന്ദ്രനേതൃത്വം ഇടപെട്ട് നിശബ്ദമാക്കിയിട്ടുണ്ടെങ്കിലും പാർട്ടിക്കുള്ളിൽ ബിപ്ലവ് ദേബിനെതിരെ പ്രവർത്തകർക്കും നേതാക്കൾക്കുമിടയിൽ അസ്വാരസ്യങ്ങൾ നിലനിൽക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് ആശിഷും പാർട്ടി വിടുന്നതെന്നാണ് കണക്കാക്കുന്നത്.

2014ൽ നരേന്ദ്ര മോദി പരമോന്നത നേതാവാകുകയും പാർട്ടിക്കാര്യങ്ങൾ അമിത് ഷാ ഏറ്റെടുക്കുകയും ചെയ്ത ശേഷം, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വിമതപ്രവർത്തനങ്ങളെ കർശനമായി നിരുത്സാഹപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിമാരുടെ പ്രവർത്തനങ്ങളും ജനതാൽപര്യങ്ങളും വിലയിരുത്താൻ തങ്ങൾക്കാവുമെന്ന സന്ദേശമാണു പാർട്ടി നേതൃത്വം വിമതർക്കു നൽകുന്നത്.

2016ൽ ബിജെപി സംസ്ഥാന അധ്യക്ഷനായി സ്ഥാനമേറ്റ ബിപ്ലവ് കുമാർ രണ്ടു വർഷത്തിനുശേഷം നടന്ന തിരഞ്ഞെടുപ്പിൽ പാർട്ടിയെ ഉജ്വല വിജയത്തിലേക്കു നയിച്ചു. കാൽനൂറ്റാണ്ട് അധികാരത്തിലിരുന്ന സിപിഎമ്മിനെ പുറത്താക്കാൻ ബിപ്ലവ് നടത്തിയ വിപ്ലവത്തെ മോദി തുറന്നു പ്രശംസിച്ചു. അമിത് ഷായുടെ വിശ്വസ്തനായ സാഹ കഴിഞ്ഞ ജനുവരിയിൽ സംസ്ഥാന അധ്യക്ഷനായി ചുമതലയേൽക്കും വരെ ത്രിപുരയിൽ പാർട്ടിയുടെയും ഭരണത്തിന്റെയും സമ്പൂർണ നിയന്ത്രണം ബിപ്ലവിനായിരുന്നു.

ഒരു ഗോത്രവിഭാഗ പാർട്ടിയുമായി സഖ്യമുണ്ടാക്കിയും കോൺഗ്രസിൽനിന്നു നേതാക്കളെ അടർത്തിയെടുത്തുമാണ് അദ്ദേഹം സിപിഎമ്മിനെതിരെ ചരിത്രവിജയം നേടിയത്. വടക്കുകിഴക്കൻ മേഖലയിലേക്കു ബിജെപി പടർന്നുകയറിയത് 2014നു ശേഷമാണ്. അതുവരെ കോൺഗ്രസിനും പ്രാദേശിക കക്ഷികൾക്കുമായിരുന്നു മേധാവിത്തം. ഇപ്പോൾ വടക്കുകിഴക്കൻ മേഖലയിലെ 8 സംസ്ഥാനങ്ങളിൽ ഏഴിലും ബിജെപി നേരിട്ടോ അല്ലാതെയോ ഭരണം നിയന്ത്രിക്കുന്നു. അസം, മണിപ്പുർ, ത്രിപുര, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ ബിജെപി മുഖ്യമന്ത്രിമാരാണ്. സിക്കിമിൽ സിക്കിം ക്രാന്തികാരി മോർച്ചയുടെ മുന്നണിയിലെ ചെറിയ കക്ഷിയാണു ബിജെപി; നാഗാലാൻഡിൽ നാഗാ പീപ്പിൾസ് പാർട്ടിയുമായി സഖ്യത്തിലും.

മേഘാലയയിൽ കഴിഞ്ഞയാഴ്ചയാണു കൊൺറാഡ് സാങ്മയുടെ സർക്കാരിനെതിരെ സംസ്ഥാന ബിജെപി നേതൃത്വം ഗുരുതരമായ അഴിമതിയാരോപണം ഉന്നയിച്ചത്. ഇതു സാങ്മയ്ക്കും അദ്ദേഹത്തിന്റെ നാഷനൽ പീപ്പിൾസ് പാർട്ടിക്കും (എൻപിപി) വലിയ തലവേദനയുണ്ടാക്കി. ലോക്‌സഭാ മുൻ സ്പീക്കറും മേഘാലയ മുൻ മുഖ്യമന്ത്രിയുമായ പി.എ. സാങ്മയുടെ മകനാണു കൊൺറാഡ്. 1999ൽ സോണിയ ഗാന്ധിക്കെതിരെ കലാപം നയിച്ച് കോൺഗ്രസ് വിട്ട് എൻസിപിയുണ്ടാക്കിയതു സാങ്മയും ശരദ് പവാറും ചേർന്നാണ്. സാങ്മ പിന്നീട് എൻസിപി വിട്ടു സ്വന്തം കക്ഷിയായ എൻപിപിയുണ്ടാക്കി.

മിസോറമിൽ മിസോ നാഷനൽ ഫ്രണ്ടിനു വ്യക്തമായ ഭൂരിപക്ഷമുള്ളതിനാൽ ബിജെപിയെ ആശ്രയിക്കാതെയാണു ഭരണം. ത്രിപുര, മേഘാലയ, മണിപ്പുർ തുടങ്ങിയ സംസ്ഥാനങ്ങളിൽ ആക്രമണോത്സുകമായ രാഷ്ട്രീയനീക്കങ്ങളുമായി കോൺഗ്രസ് സജീവമാണെന്നു ബിജെപിക്കു ബോധ്യമുണ്ട്. കഴിഞ്ഞ മാസം മണിപ്പുരിൽ ബിജെപി മുഖ്യമന്ത്രി എൻ. ബീരേൻ സിങ് വിമതരുടെ അട്ടിമറി നീക്കത്തിൽനിന്നു കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു.

വടക്കുകിഴക്കൻ മേഖലയിൽനിന്നുള്ള പ്രധാന ബിജെപി നേതാവ് റാം മാധവാണ്. മേഖലയിൽ ബിജെപി ഒന്നിനു പിറകെ മറ്റൊന്നായി നേടിയ വിജയങ്ങൾക്കു പിന്നിൽ അദ്ദേഹമാണ്. ജമ്മു കശ്മീരിൽ പിഡിപി - ബിജെപി സഖ്യസർക്കാർ ഉണ്ടാക്കിയതിനു പിന്നിലും റാം മാധവിന്റെ ഇടപെടലുണ്ടായിരുന്നു.