ലക്‌നൗ: ഗോമൂത്രം കുടിച്ചാൽ കൊവിഡിനെ പ്രതിരോധിക്കാമെന്ന വിചിത്ര വാദവുമായി ഉത്തർപ്രദേശിലെ ബിജെപി എംഎൽഎ സുരേന്ദ്ര സിങ്. ബല്ലിയ ജില്ലയിലെ ബയിരിയ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് സുരേന്ദ്ര സിങ്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിലാണ് അദ്ദേഹത്തിന്റെ വാദം. സുരേന്ദ്ര സിങ് ഗോമൂത്രം കുടിക്കുന്നതും വീഡിയോയിൽ കാണിക്കുന്നുണ്ട്. എല്ലാവരും ഇത് അനുകരിക്കണമെന്നാണ് അദ്ദേഹം അതിൽ പറയുന്നത്.

ആരോഗ്യത്തിന് ഗോമൂത്രം മികച്ച ഔഷധമാണെന്നും, പൊതുപ്രവർത്തകൻ എന്ന നിലയിൽ ദിവസം 18 മണിക്കൂർ ജോലി ചെയ്തിട്ടും താൻ ഊർജസ്വലനായിരിക്കുന്നതിന് കാരണം ഗോമൂത്രമാണെന്നും ഇയാൾ പറയുന്നു. രാവിലെ വെറും വയറ്റിൽ ഗോമൂത്രം വെള്ളത്തിൽ ചേർത്ത് കുടിക്കണം. അര മണിക്കൂർ കഴിഞ്ഞതിന് ശേഷമേ ആഹാരം കഴിക്കാവൂ. കോവിഡിനെതിരെ മാത്രമല്ല, ഹൃദ്രോഗമുൾപ്പടെ പല രോഗങ്ങൾക്കും ഈ പാനീയം വളരെ ഫലപ്രദമാണ്. ഈ സന്ദേശം ലോകം മുഴുവൻ പ്രചരിപ്പിക്കണം. അങ്ങനെ എല്ലാവരും കൊവിഡിൽ നിന്ന് രക്ഷപ്പെടണമെന്നുമാണ് ഇയാൾ പറയുന്നത്.

അതേസമയം ഇത്തരത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള സന്ദേശങ്ങൾ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തുള്ളവർ പ്രചരിപ്പിക്കരുതെന്നും, എംഎൽ.എയ്ക്കെതിരെ നടപടിയെടുക്കണമെന്നുമുള്ള ആവശ്യവും സാമൂഹമാധ്യമങ്ങളിൽ ഉയരുന്നുണ്ട്.