തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് കെ സുരേന്ദ്രൻ തന്നെ തുടരും. സുരേന്ദ്രന് ഒരു അവസരം കൂടി നൽകാൻ പാർട്ടി തീരുമാനിച്ചു. ഇതിന് പിന്നാലെ പാർട്ടിയിൽ പുനഃസംഘടനയും നടത്തി. സംസ്ഥാന അധ്യക്ഷനും ജനറൽ സെക്രട്ടറിമാർക്കും മാറ്റമില്ലാതെയാണ് കേരള ബിജെപിയിൽ പുനഃസംഘടന നടന്നത്. പാർട്ടി സംസ്ഥാന ഭാരവാഹികളെയാണ് പുനഃസംഘടിപ്പിച്ചത്. ട്രഷറർ ജെ ആർ പത്മകുമാറിനെ സംസ്ഥാന സെക്രട്ടറിയാക്കി. അഞ്ച് ജില്ലകളിലെ പ്രസിഡന്റുമാർക്കും മാറ്റമുണ്ട്.

പത്തനംതിട്ട, കോട്ടയം, പാലക്കാട്. വയനാട്, കാസറഗോഡ്, ജില്ലാ പ്രസിഡന്റുമാരെയാണ് മാറ്റിയത്. നിയമസഭാ തെരഞ്ഞെടുപ്പിലെ വൻ തോൽവിയും തുടർന്നുണ്ടായ വിവാദങ്ങളും കെ സുരേന്ദ്രന് തിരിച്ചടിയാണെന്നും അദ്ദേഹത്തെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയേക്കും എന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ കെ സുരേന്ദ്രന് മാറ്റമില്ലെന്ന് വ്യക്തമാക്കുന്നതാണ് പുതിയ റിപ്പോർട്ടുകൾ.

വനിതാ നേതാവ് ശോഭ സുരേന്ദ്രനും എ എൻ രാധാകൃഷണനും വൈസ് പ്രസിഡന്റുമാരായി തുടരും. ഇവർക്കൊപ്പം ബി ഗോപാലകൃഷ്ണനും പി രഘുനാഥും വൈസ് പ്രസിഡന്റ് സ്ഥാനത്ത് എത്തിയിട്ടുണ്ട്. നടൻ കൃഷ്ണകുമാർ ദേശീയ കൗൺസിൽ അംഗമാവും. എം.എസ്.സമ്പൂർണ, ജി.രാമൻ നായർ, ജി.ഗിരീശൻ എന്നിവരാണ് പുതുതായി ദേശീയ കൗൺസിലിലേക്ക് എത്തിയ മറ്റുള്ളവർ.

പി.രഘുനാഥ്, ബി.ഗോപാലകൃഷ്ണുു, സി.ശിവൻകുട്ടിയുംസംസ്ഥാനവൈസ്പ്രസിഡന്റുമാരായതോടെ പത്ത് വൈസ് പ്രസിഡന്റുമാരായി. കെ.ശ്രീകാന്ത്, ജെ.ആർ.പത്മകുമാർ, രേണു സുരേഷ്, പന്തളം പ്രതാപൻ എന്നിവരെ പുതുതായി സെക്രട്ടറിമാരാക്കി. ആകെ പത്ത് സെക്രട്ടറിമാരാണുള്ളത്. ഇ.കൃഷ്ണകുമാറാണ് പുതിയ സംസ്ഥാന ട്രഷറർ. കെ.വി എസ്.ഹരിദാസ്, സന്ദീപ് വാചസ്പതി, ടി.പി.സിന്ധുമോൾ എന്നിവരെ വക്താക്കളായി നിയമിച്ചു. കിസാൻ മോർച്ച സംസ്ഥാന അദ്ധ്യക്ഷനായി ഷാജി.ആർ.നായരെയും നിയമിച്ചു.

വി.എ.സൂരജ് (പത്തനംതിട്ട), ജി.ലിജിൻലാൽ ( കോട്ടയം), കെ.എം.ഹരിദാസ് (പാലക്കാട്), കെ.പി.മധു (വയനാട്), രവീശതന്ത്രി (കാസർകോട്)എന്നിവരാണ് പുതിയ ജില്ലാ പ്രസിഡന്റുമാർ. സംസ്ഥാന ഓഫിസ് സെക്രട്ടറിയായി ജയരാജ് കൈമളെ നിയമിച്ചു. സംസ്ഥാന സംഘടനാ സെക്രട്ടറി ഗണേശിനെ മാറ്റുമെന്ന് സൂചനകൾ ഉണ്ടായെങ്കിലും അദ്ദേഹത്തിനെയും നിലനിർത്തി. കോഴിക്കോട് ജില്ലാ പ്രസിഡന്റിനെയും മാറ്റുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.

നേത്തെ വത്സൻ തില്ലങ്കരിയുടെ അടക്കം പേരുകൾ സംസ്ഥാന ബിജെപി സ്ഥാനത്തേക്ക് ഉയർന്നു കേട്ടിരുന്നു. സുരേഷ് ഗോപി ആ സ്ഥാനത്തേക്ക് താനില്ലെന്ന് ആവർത്തിച്ചു കഴിഞ്ഞു. എന്നാൽ, സുരേന്ദ്രൻ അധ്യക്ഷ സ്ഥാനത്തു നിന്നും മാറണമെന്ന് ആവർത്തിച്ച് മുതിർന്ന നേതാവ് പി പി മുകുന്ദൻ രംഗത്തുവന്നു. പാർട്ടിയെ ചലിപ്പിക്കാൻ കഴിയുന്ന ആളാകണം അധ്യക്ഷ സ്ഥാനത്ത് ഇരിക്കേണ്ടതെന്നും അയാൾ മുഴുവൻ സമയരാഷ്ട്രീയ പ്രവർത്തകനാവണമെന്നും മുകുന്ദൻ പറഞ്ഞു. സുരേഷ് ഗോപിയും ആസ്ഥാനത്തേക്ക് വരേണ്ടതില്ലെന്നും മുകുന്ദൻ അഭിപ്രായപ്പെട്ടിരുന്നു.

സുരേന്ദ്രൻ കുഴൽപ്പണ വിവാദങ്ങളിൽപ്പെട്ടപ്പോൾ സുരേന്ദ്രന്റെ നടപടി പാർട്ടിയുടെ പ്രതിച്ഛായ തകർത്തുവെന്ന് മുകുന്ദൻ നേരത്തെയും പറഞ്ഞിരുന്നു. ഇതിനിടെ വത്സൻ തില്ലങ്കരിയുടെ പേരും ഉയർന്നുവന്നപ്പോൾ അതും അദ്ദേഹം തള്ളിക്കളയുകയാണ് ഉണ്ടായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നേരിട്ട് ബന്ധമുള്ള ദേശീയ തലത്തിൽ പ്രവർത്തന പരിചയ സമ്പത്തുള്ള എ ജയകുമാർ സംഘടനാ സെക്രട്ടറിയായി എത്തുമെന്നായിരുന്നു സൂചന. എന്നാൽ, ഈമാറ്റവും ഉണ്ടായില്ല.

തിരുവനന്തപുരത്തുകാരനായ ജയകുമാർ ആർ എസ് എസിന്റെ ശാസ്ത്ര സംഘടനയെ നയിച്ചിരുന്ന വ്യക്തിയാണ്. നിലവിൽ ദക്ഷിണേന്ത്യ കേന്ദ്രീകരിച്ചാണ് പ്രവർത്തനം. നേമത്ത് ഒ രാജഗോപാൽ ജയിച്ചപ്പോൾ തന്ത്രങ്ങളൊരുക്കാൻ മുന്നിൽ നിന്ന പരിവാറുകാരനാണ് ജയകുമാർ. ഈ സാഹചര്യത്തിലാണ് ജയകുമാറിനെ പാർട്ടിയുടെ സംഘടനാ ചുമതലയുടെ ചർച്ചകളിലേക്ക് പേരു വന്നത്.