തിരുവനന്തപുരം: ശോഭാ സുരേന്ദ്രൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ തുറന്നടിച്ചതിനെ തുടർന്നുണ്ടായ വിവാദങ്ങൾ പുതിയ തലത്തിലേക്ക്. ബിജെപിയിൽ കുറച്ചുകാലമായി നിലനിൽക്കുന്ന വിവാദങ്ങൾ വിഴുപ്പലക്കലിന്റെയും പൊട്ടിത്തെറിയുടെയും വക്കലേക്കു നീങ്ങുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. കെ സുരേന്ദ്രന് എതിരായ യുദ്ധപ്രഖ്യാപനമായും ഇത് മാറിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി സുരേന്ദ്രനെതിരെ 24 സംസ്ഥാന നേതാക്കൾ കേന്ദ്രനേതൃത്വത്തിനു പരാതി നൽകി.

ബിജെപി ദേശീയ നിർവാഹകസമിതി അംഗം ശോഭ സുരേന്ദ്രനെ ഇവർ പിന്തുണയ്ക്കുകയും ചെയ്തു കൊണ്ടാണ് സുരേന്ദ്രനെതിരെ പരാതി നൽകിയിരിക്കുന്നത്. ശോഭാ സുരേന്ദ്രനും മുൻ ഉപാധ്യക്ഷനും ദേശീയ നിർവാഹക സമിതി അംഗവുമായ പി.എം.വേലായുധനും പരസ്യപ്രസ്താവന നടത്തിയതിനു പിന്നാലെയാണ് നേതാക്കളുടെ പരാതിക്കത്ത്. അതൃപ്തരായ ഒരു വിഭാഗം നേതാക്കളാണ് ഇപ്പോഴത്തെ പൊട്ടിത്തെറിക്ക് വഴിമരുന്നിടുന്നത്. സുരേന്ദ്രനെതിരായ ആരോപണങ്ങൾ എണ്ണിപ്പറഞ്ഞു കൊണ്ടാണ് പരാതി നൽകിയിരിക്കുന്നത്.

കെ.സുരേന്ദ്രൻ അധ്യക്ഷനായ ശേഷം പാർട്ടിയിൽ ഗ്രൂപ്പ് കളിക്കുകയാണെന്നും ഒരു വിഭാഗം നേതാക്കളെ മാത്രം മുൻനിർത്തി പാർട്ടിയെ കൈപ്പിടിയിലൊതുക്കാനുള്ള ഗൂഢനീക്കമാണ് നടത്തുന്നതെന്നുമാണ് പരാതിക്കത്തിലെ പ്രധാന ആക്ഷേപം. 24 നേതാക്കൾ കത്തിൽ ഒപ്പുവെച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചന. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയ്ക്കും കത്തയച്ചിരിക്കുന്നത്. പ്രാദേശിക തലത്തിൽ അസംതൃപ്തരെ സംഘടിപ്പിച്ച് പരാതി ഉന്നയിക്കാനാണ് വിമതവിഭാഗത്തിന്റെ നീക്കം.

ദേശീയ നിർവാഹക സമിതി അംഗമായ തനിക്ക് അർഹമായ പരിഗണന നൽകിയില്ലെന്നാണു ശോഭയുടെ പരാതി. ചർച്ചകളൊന്നും കൂടാതെയാണ് സംസ്ഥാന വൈസ് പ്രസിഡന്റ് പദവി നൽകിയത്. കെ.സുരേന്ദ്രനാണ് ഇതിന് കാരണക്കാരനെന്നു കാട്ടി ശോഭ കേന്ദ്ര നേതൃത്വത്തിനു പരാതി നൽകിയിരുന്നു.

സംസ്ഥാന പ്രസിഡന്റ് പദത്തിലേക്ക് സുരേന്ദ്രന് വേണ്ടി വോട്ട് ചെയ്ത ആളാണ് താനെന്നും തന്നെ സുരേന്ദ്രൻ വഞ്ചിച്ചെന്നും വേലായുധൻ പരസ്യപ്രസ്താവന നടത്തിയത് വിവാദങ്ങൾക്കു വഴിതുറക്കുകയും ചെയ്തു. തന്നെയും കെ.പി. ശ്രീശനെയും സംസ്ഥാന ഉപാധ്യക്ഷനാക്കാമെന്ന വാക്ക് സുരേന്ദ്രൻ പാലിച്ചില്ലെന്നും പരാതി അറിയിക്കാൻ വിളിച്ചപ്പോൾ ഫോൺ എടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. സുരേന്ദ്രനെതിരെ കേന്ദ്രനേതൃത്വത്തിനു ശോഭാ സുരേന്ദ്രൻ പരാതി നൽകിയതിന് തൊട്ടുപിന്നാലെയാണ് പി.എം. വേലായുധനും പരസ്യവിമർശനവുമായി രംഗത്തെത്തിയത്.

അതിനിടെ പാർട്ടിക്കുള്ളിലെ തകർക്കം അവസാനിപ്പിച്ചു മുന്നോട്ടു പോകണമെന്ന ആവശ്യവുമായി ആർഎസ്എസ് രംഗത്തുണ്ട്. പ്രശ്‌ന പരിഹാരത്തിന്റെ ഭാഗമായി ബിജെപിയുടെ സംസ്ഥാന കോർകമ്മിറ്റി യോഗം ഉടൻ വിളിച്ചു ചേർക്കാൻ ദേശീയ നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ നേതാക്കളെയും ഒരുമിച്ച് കൊണ്ടുപേകുകയും വരുന്ന തദ്ദേശ- നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പാർട്ടിയുടെ ശക്തി വർധിപ്പിക്കുകയുമാണ് സംസ്ഥാന നേതൃത്വത്തിന് മുന്നിലുള്ള പ്രധാന കടമയെന്ന സന്ദേശമാണ് ദേശീയ നേതൃത്വം കേരളത്തിലെ നേതാക്കൾക്ക് നൽകുന്ന സന്ദേശം. ശോഭ സുരേന്ദ്രനെ കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്താനാണു മധ്യസ്ഥരുടെ നിർദ്ദേശം. എന്നാൽ കോർ കമ്മിറ്റി രൂപീകരണം കേന്ദ്രനേതൃത്വത്തിന്റെ അധികാരത്തിൽപെടുന്ന കാര്യമാണെന്നു ബന്ധപ്പെട്ടവരോടു സുരേന്ദ്രൻ വ്യക്തമാക്കി.