ലഖ്നൗ: ഉത്തർപ്രദേശ് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ശക്തികേന്ദ്രങ്ങൾ കൈവിട്ട് ബിജെപി. കാശി, മഥുര, അയോധ്യ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്സഭാ മണ്ഡലമായ വാരാണസി എന്നിവിടങ്ങളിലെല്ലാം പാർട്ടിക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വന്നു. വാരാണസിയിലെ നാൽപ്പത് സീറ്റിൽ വെറും ഏഴു സീറ്റ് മാത്രമാണ് ബിജെപിക്ക് നേടാനായത്. 3050 ജില്ലാ പഞ്ചായത്ത് സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.

സംസ്ഥാനത്തുടനീളം സമാജ്വാദി പാർട്ടി വൻ തിരിച്ചുവരവ് നടത്തി. അയോധ്യയിലെ 40 സീറ്റിൽ 24 ഇടത്തും സമാജ് വാദി പാർട്ടിയാണ് വിജയിച്ചത്. ബിജെപിക്ക് ആറിടത്ത് മാത്രമേ ജയിക്കാനായുള്ളൂ. മായാവതിയുടെ ബിഎസ്‌പിക്ക് അഞ്ചു സീറ്റു കിട്ടി.

വാരാണസിയിൽ 15 ഇടത്താണ് എസ്‌പി ജയിച്ചത്. കോൺഗ്രസും ബിഎസ്‌പിയും അഞ്ചു സീറ്റു നേടി. എട്ടിടത്ത് സ്വതന്ത്ര സ്ഥാനാർത്ഥികളാണ് വിജയിച്ചത്. മഥുരയിൽ ബിഎസ്‌പിക്കാണ് മേൽക്കൈ.

12 ഇടത്ത് മായാവതിയുടെ പാർട്ടി ജയിച്ചപ്പോൾ ബിജെപി ഒമ്പതിടത്ത് വിജയിച്ചു. ലഖ്നൗവിൽ പത്ത് സീറ്റിൽ എസ്‌പിയും നാലു സീറ്റിൽ ബിഎസ്‌പിയും ജയിച്ചു. ബിജെപിക്ക് സ്വന്തമാക്കാനായത് മൂന്നു സീറ്റു മാത്രം. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന്റെ തട്ടകമാണ് ലഖ്നൗ. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരിൽ 20 ഇടത്താണ് ഇതുവരെ ബിജെപി ജയിച്ചത്. 19 സീറ്റിൽ ജയിച്ച് എസ്‌പി തൊട്ടുപിന്നിൽ നിൽക്കുന്നു. 21 ഇടത്ത് സ്വതന്ത്രർ ജയിച്ചിട്ടുണ്ട്.

ശക്തികേന്ദ്രങ്ങളിൽ പിന്നോട്ടുപോയെങ്കിലും ഭൂരിപക്ഷം സീറ്റുകളിലും ബിജെപി തന്നെയാണ് ഒന്നാംസ്ഥാനത്ത്. 764 സീറ്റുകളാണ് ബിജെപി നേടിയത്. 762 സീറ്റുമായി എസ്‌പി തൊട്ടുപിന്നിലുണ്ട്. 369 സീറ്റുമായി ബിഎസ്‌പി മൂന്നാമതും 80 സീറ്റുമായി കോൺഗ്രസ് നാലാമതുമാണ്. 1071 സീറ്റിൽ ജയിച്ചത് സ്വതന്ത്രരാണ്. ഇന്ന് വൈകിട്ടോടെ അന്തിമ ഫലം വരുമെന്ന് പ്രതീക്ഷിക്കുന്നു.